ശിവമോഗ്ഗയിൽ സ്കൂൾ പരിസരത്ത് 16കാരൻ മർദനമേറ്റ് മരിച്ചു
text_fieldsബംഗളൂരു: ശിവമോഗ്ഗ ജില്ലയിൽ സുലൈബൈലുവിലെ സർക്കാർ സ്കൂളിന് പുറത്ത് വിദ്യാർഥിയെ കൊലപ്പെടുത്തിയതിനെത്തുടർന്ന് പ്രദേശത്ത് സംഘർഷം. നഗരത്തിൽ വൻ പൊലീസ് സംഘത്തെ വിന്യസിച്ചു.
ഉറഗദൂരി ഗവ. ഹൈസ്‌കൂളിലെ എസ്.എസ്.എൽ.സി വിദ്യാർഥി സങ്കേതാണ് (16) മരിച്ചത്. പരീക്ഷക്ക് മുന്നോടിയായി പ്രത്യേക ക്ലാസിൽ പങ്കെടുത്തതിനുശേഷമാണ് സംഭവം. തന്റെ സ്കൂളിനുപുറത്ത് ഒരു കൂട്ടം ആൺകുട്ടികൾ തമ്മിൽ ക്രിക്കറ്റ് മത്സരത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിനിടെ ഉണ്ടായ തർക്കത്തിൽ സങ്കേത് ഇടപെട്ടുവെന്ന് പൊലീസ് സൂപ്രണ്ട് നിഖിൽ ബി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഇതേ സ്കൂളിൽ പഠിച്ച, സങ്കേതിന് പരിചയമുള്ള ചില സുഹൃത്തുക്കൾ ഇതിൽ ഉൾപ്പെട്ടിരുന്നു. അവരും പ്രായപൂർത്തിയാകാത്തവരാണ്. അവർ കൈകൊണ്ട് സങ്കേതിനെ അടിച്ചു. അടിയേറ്റ ഉടനെ കുഴഞ്ഞുവീണു.
ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴേക്കും അയാൾ മരിച്ചിരുന്നു.
നെഞ്ചിനടുത്താണ് അടിയേറ്റത്. ആ അടിയിൽ സംഭവസ്ഥലത്തുതന്നെ കുഴഞ്ഞുവീണുവെന്ന് എസ്.പി പറഞ്ഞു. സംഭവത്തിൽ ഉൾപ്പെട്ട ഏഴ് പ്രായപൂർത്തിയാകാത്തവരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആക്രമണത്തിന്റെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് എസ്.പി അറിയിച്ചു. സംഭവം വർഗീയ ഭാവത്തിലേക്ക് നീങ്ങിയതോടെ ക്രമസമാധാനം നിലനിർത്തുന്നതിനും സംഘർഷം തടയുന്നതിനുമായി നഗരത്തിലുടനീളം കനത്ത പൊലീസ് സന്നാഹം വിന്യസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

