നാടുകടത്തൽ ഭീഷണിയകന്ന് 88 പാകിസ്താൻ പൗരന്മാർ
text_fieldsമംഗളൂരു: ദീർഘകാല വിസകൾക്ക് (എൽ.ടി.വി) കേന്ദ്രസർക്കാർ ഇളവ് നൽകിയതിനെത്തുടർന്ന് നാടുകടത്തൽ ഭീഷണി നേരിടുന്ന കർണാടകയിൽ താമസിക്കുന്ന ഏകദേശം 88 പാകിസ്താൻ പൗരന്മാർക്ക് പ്രതിസന്ധിയിൽനിന്ന് മോചനം ലഭിച്ചു. സംസ്ഥാനത്ത് താമസിക്കുന്ന 108 പാകിസ്താൻ പൗരന്മാരിൽ ഏകദേശം 88 പേർ ഇപ്പോൾ നാടുകടത്തൽ ഭീഷണിയിൽനിന്ന് മുക്തരായി.
കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികളുടെ കൂട്ടക്കൊലക്ക് ശേഷം പാകിസ്താൻ പൗരന്മാരെ നാടുകടത്താൻ കേന്ദ്ര സർക്കാർ നിർദേശം നൽകുകയും അവർക്ക് നൽകിയ എല്ലാത്തരം വിസകളും റദ്ദാക്കുകയും ചെയ്തിരുന്നു. എന്നാൽ വെള്ളിയാഴ്ച, ദീർഘകാല വിസകൾക്ക് പ്രത്യേകമായി ഇളവ് അനുവദിച്ചുകൊണ്ട് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു.
ഇതിന്റെ ഫലമായി ബംഗളൂരു, ഉത്തര കന്നട ജില്ലയിലെ ഭട്കൽ, മൈസൂരു, മംഗളൂരു, ധാർവാഡ്, എൽ.ടി.വികൾക്ക് കീഴിലുള്ള മറ്റ് പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്ന പാകിസ്താൻ പൗരന്മാരുടെ ആശങ്ക അവസാനിച്ചതായി ദക്ഷിണ കന്നട ജില്ല അധികൃതർ അറിയിച്ചു. മംഗളൂരു സിറ്റി പൊലീസ് കമീഷണറേറ്റ് പരിധിയിൽ 13 വർഷമായി വിവാഹജീവിതം നയിക്കുന്ന മൂന്ന് സ്ത്രീകളുണ്ടെന്ന് കണ്ടെത്തിയിരുന്നു.
കർണാടകയിലെ നിരവധി കുടുംബങ്ങൾ പതിറ്റാണ്ടുകളായി പാകിസ്താനുമായി ദാമ്പത്യബന്ധം പുലർത്തുന്നുണ്ട്. ദാമ്പത്യബന്ധം സ്ഥാപിച്ചവർക്ക് എൽ.ടി.വികൾ ലഭിച്ചു. തൽഫലമായി നിലവിലെ സംഘർഷാവസ്ഥയിൽ അവരെ നാടുകടത്തലിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
നിയമപരമായ വ്യവസ്ഥകൾ അനുസരിച്ച് ഇന്ത്യൻ സർക്കാർ ആ രാജ്യത്ത് നിന്നുള്ള വ്യക്തികൾക്ക് ദീർഘകാല വിസകൾ നൽകുന്നു. അവ കാലാനുസൃതമായി പുതുക്കുന്നതിന് വിധേയമാണ്. നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നതായി കണ്ടെത്തിയാൽ മാത്രമേ നടപടിയെടുക്കാൻ കഴിയൂ എന്ന് അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

