7,110 കിലോമീറ്റർ ഗ്രാമീണ റോഡുകൾ ഒന്നര വർഷത്തിനുള്ളിൽ പൂർത്തിയാകും -പ്രിയങ്ക് ഖാർഗെ
text_fieldsപ്രിയങ്ക് ഖാർഗെ
ബംഗളൂരു: 'പ്രഗതി പാത' പദ്ധതി പ്രകാരം പുനർനിർമിക്കുന്ന 7,110 കിലോമീറ്റർ ഗ്രാമീണ റോഡുകൾ അടുത്ത ഒന്നര വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് കർണാടക ഗ്രാമവികസന, പഞ്ചായത്ത് രാജ് മന്ത്രി പ്രിയങ്ക് ഖാർഗെ പറഞ്ഞു. ബുധനാഴ്ച നിയമസഭയില്‍ നടന്ന ചോദ്യോത്തര വേളയിൽ കോൺഗ്രസ് എം.എൽ.എ. കെ.എം. ശിവലിംഗ ഗൗഡ ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. പദ്ധതിക്ക് ധനസഹായം നൽകുന്ന ഏഷ്യൻ വികസന ബാങ്ക് (എ.ഡി.ബി) സംസ്ഥാന സർക്കാർ തെരഞ്ഞെടുത്ത 293 റോഡുകൾക്ക് ധനസഹായം നല്കുന്നതില് എതിർപ്പ് പ്രകടിപ്പിച്ചതിനെ തുടർന്നാണ് കാലതാമസം നേരിട്ടതെന്ന് അദ്ദേഹം പറഞ്ഞു.
5,180 കോടി രൂപ ചെലവിൽ നിർമിക്കുന്ന പദ്ധതിക്ക് എ.ഡി.ബിയിൽ നിന്നുള്ള 3,242 കോടി രൂപയും സർക്കാർ വിഹിതമായ 1,443 കോടി രൂപയും ചെലവിടും. കൂടാതെ അറ്റകുറ്റപ്പണികൾക്കായി 504 കോടി രൂപയും നീക്കിവച്ചിട്ടുണ്ട്. വിവിധ മണ്ഡലങ്ങളിലായി പുനര്നിർമിക്കേണ്ട 1,356 റോഡുകൾ തിരിച്ചറിഞ്ഞിട്ടുണ്ട്. ബംഗളൂരു റൂറൽ, ചാമരാജനഗർ, ചിക്കമംഗളൂർ, ദക്ഷിണ കന്നഡ, കുടക്, ഉഡുപ്പി, ഉത്തര കന്നഡ ജില്ലകളിലെ 293 റോഡുകൾക്കെതിരെയാണ് എ.ഡി.ബി എതിർപ്പ് ഉന്നയിച്ചത്. ഈ റോഡുകൾ പരിസ്ഥിതി ലോല മേഖലകളിലും റിസർവ് വനങ്ങളിലും ഉള്‍പ്പെടുന്നു. കൂടാതെ മനുഷ്യ-മൃഗ സംഘർഷത്തിന് സാധ്യതയുള്ളതാണെന്നും അധികനീളം ഉള്ളതാണെന്നും എ.ഡി.ബി പറഞ്ഞു. എങ്കിലും 999 റോഡുകളുടെ പുനര്‍നിർമാണത്തിനുള്ള വിശദ പദ്ധതി റിപ്പോർട്ടുകൾ (ഡി.പി.ആർ) തയ്യാറാക്കിയിട്ടുണ്ട്. ഇതില്‍ 573 എണ്ണത്തിനുള്ള ടെൻഡറുകൾ തയ്യാറായി. അടുത്ത ഒന്നര മാസത്തിനുള്ളിൽ ടെൻഡറുകൾ ക്ഷണിക്കും. മാർഗനിർദ്ദേശങ്ങൾക്കനുസരിച്ച് പദ്ധതി നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

