എച്ച്.ടി വൈദ്യുതി ലൈനുകൾക്ക് താഴെ 7000 അനധികൃത കെട്ടിടങ്ങൾ
text_fieldsബംഗളൂരു: നഗരത്തിലെ ഏകദേശം 7000 കെട്ടിടങ്ങൾക്ക് കർണാടക പവർ ട്രാൻസ്മിഷൻ കോർപറേഷൻ ലിമിറ്റഡ് (കെ.പി.ടി.സി.എൽ) പരിപാലിക്കുന്ന ഹൈടെൻഷൻ (എച്ച്.ടി) വൈദ്യുതി ലൈനുകൾ ഭീഷണി ഉയർത്തുന്നു. ഈ കെട്ടിടങ്ങൾ താമസത്തിനും ബിസിനസ് ആവശ്യങ്ങൾക്കും ഉപയോഗിക്കുന്നവർ ബംഗളൂരുവിൽ ആവർത്തിച്ചുള്ള വൈദ്യുതാഘാത സംഭവങ്ങളിൽ ആശങ്കാകുലരാണ്. നാലു വർഷം മുമ്പ് കെ.പി.ടി.സി.എൽ ഈ ഘടനകൾ തിരിച്ചറിയുകയും ബൃഹത് ബംഗളൂരു മഹാനഗര പാലികെയോട് അവ ഒഴിപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു .
2021ൽ സുരക്ഷ മാനദണ്ഡങ്ങൾ ലംഘിച്ച് നിർമിച്ച ആയിരക്കണക്കിന് കെട്ടിടങ്ങൾ പ്രത്യേകിച്ച് ഹൈടെൻഷൻ വൈദ്യുതി ലൈനുകളിൽനിന്ന് നിർബന്ധമായ ഉയരക്രമം പാലിക്കുന്നതിൽ പരാജയപ്പെട്ടെന്ന് കെ.പി.ടി.സി.എൽ കണ്ടെത്തി. തുടർന്ന് ബി.ബി.എം.പിയെ അറിയിക്കുകയും സാധ്യമായ ദുരന്തങ്ങൾ ഒഴിവാക്കാൻ അടിയന്തര ഇടപെടൽ നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
എന്നാൽ, ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ലെന്ന് കെ.പി.ടി.സി.എൽ അധികൃതർ പറഞ്ഞു.അനധികൃത നിർമാണങ്ങൾ പൊളിക്കാനോ ഒഴിപ്പിക്കാനോ കെ.പി.ടി.സി.എല്ലിന് നിയമപരമായ അധികാരമില്ലെന്നും ഉചിതമായ മുനിസിപ്പൽ അധികാരികളെ അറിയിക്കാൻ മാത്രമേ കഴിയൂ എന്നും ചൂണ്ടിക്കാട്ടി.
അനധികൃത നിർമാണങ്ങൾ ഒഴിപ്പിക്കുകയോ പൊളിച്ചുമാറ്റുകയോ ചെയ്യുന്നെന്ന് ഉറപ്പാക്കേണ്ടത് ബി.ബി.എം.പി ഉത്തരവാദിത്തമാണ്. അതേസമയം, ഈ കെട്ടിടങ്ങളെല്ലാം പ്ലാൻ അംഗീകാരമില്ലാതെയോ പ്ലാൻ ലംഘിച്ചോ നിർമിച്ചവയാണെന്ന് ബി.ബി.എം.പി അധികൃതർ പറഞ്ഞു.
അവ ഒഴിപ്പിക്കാൻ ഞങ്ങൾ നോട്ടീസ് നൽകിയിട്ടുണ്ട്. പലരും കോടതിയിൽ നോട്ടീസിനെ വെല്ലുവിളിക്കുകയും നിയമപോരാട്ടം തുടരുകയും ചെയ്യുന്നുവെന്ന് ടൗൺ പ്ലാനിങ് അധികൃതർ അറിയിച്ചു. ഉദ്യോഗസ്ഥ ഭരണത്തിലുള്ള നഗരസഭയിലെ അഴിമതിയായിരിക്കാം ഇത്തരം അനധികൃത നിർമാണത്തിന് കാരണമായതെന്ന് കെ.പി.ടി.സി.എൽ ഉദ്യോഗസ്ഥർ ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

