വീടിന്റെ വാതിൽ തകർത്ത് 70 പവനും അരലക്ഷം രൂപയുടെ വാച്ചും കവർന്നു
text_fieldsകവർച്ച നടന്ന വീട്ടിൽ വ്യാഴാഴ്ച പൊലീസ് പരിശോധന
നടത്തുന്നു
മംഗളൂരു: ഉഡുപ്പി ജില്ലയിൽ നദ്സാലു ഗ്രാമത്തിലെ ദീൻ സ്ട്രീറ്റിൽ അഫ്താബ് മൻസിൽ വീടിന്റെ വാതിൽ തകർത്ത് 70 പവൻ സ്വർണാഭരണവും 50,000 രൂപ വിലമതിക്കുന്ന റാഡോ വാച്ചും കവർന്നതായി പരാതി. ഇരുമ്പലമാരക്കുള്ളിലെ ലോക്കറിൽ സൂക്ഷിച്ചതായിരുന്നു ഇവ. ബുധനാഴ്ച രാവിലെയാണ് സംഭവം പുറംലോകം അറിഞ്ഞത്. വീട്ടിൽ താമസിച്ചിരുന്ന സ്ത്രീ 27ന് വൈകീട്ട് വീട് പൂട്ടി മകളുടെ വീട്ടിൽ പോയിരുന്നു. പിറ്റേന്ന് രാവിലെ തിരിച്ചെത്തിയപ്പോഴാണ് വീട് തകർത്തനിലയിൽ കണ്ടത്. സംഭവ സമയത്ത്, വീട്ടുടമസ്ഥന്റെ മരുമകൾ മാതാവിന്റെ വീട്ടിലേക്ക് പോയിരുന്നു. മകൻ ദുബൈയിലാണ്.
വീട്ടിൽ സി.സി ടി.വിയും ഒരു സിം കാർഡും ഉണ്ടായിരുന്നുവെന്നും അതും കവർച്ചക്കാർ മോഷ്ടിച്ചെന്നും പൊലീസ് പറഞ്ഞു. എന്നാൽ, സി.സി ടി.വി സിമ്മിൽനിന്നുള്ള അലർട്ടുകൾ മകന്റെ സിമ്മിൽ പതിഞ്ഞിരുന്നുവെന്നും സംഭവം നടക്കുമ്പോൾ മൊബൈൽ ഫോൺ ചൈനയിൽ ‘നോട്ട് റീച്ചബിൾ’റേഞ്ചിലായിരുന്നുവെന്നും പൊലീസ് പരിശോധനയിൽ കണ്ടെത്തി. മകൻ ബിസിനസ് ആവശ്യങ്ങൾക്ക് ചൈനയിൽ പോവാറുണ്ടെന്ന് വീട്ടുകാർ പൊലീസിനോട് പറഞ്ഞു. നിരവധി വീടുകളും ജനസാന്ദ്രതയുമുള്ള പ്രദേശത്താണ് കവർച്ച നടന്നത്. ഇത് അയൽവാസികളിൽ ഭീതി ജനിപ്പിച്ചു.
ഉഡുപ്പി ജില്ല പൊലീസ് സൂപ്രണ്ട് ഹരിറാം ശങ്കർ, ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് പ്രഭു ഡി.ടി, കൗപ് സർക്കിൾ ഇൻസ്പെക്ടർ അസ്മത്ത് അലി, പദുബിദ്രി പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ശക്തിവേല, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. വിരലടയാള വിദഗ്ധർ, ഡോഗ് സ്ക്വാഡ്, ശാസ്ത്ര വിദഗ്ധരുടെ പ്രത്യേക സംഘം എന്നിവരും അന്വേഷണത്തിനായി സംഭവസ്ഥലം സന്ദർശിച്ചു. മൂന്ന് പ്രത്യേക സംഘങ്ങൾ രൂപവത്കരിച്ച് അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

