കർണാടകയിൽ ഒറ്റ വർഷം 65000 സൈബർ സാമ്പത്തിക ക്രമക്കേട്
text_fieldsബംഗളൂരു: ഒറ്റ വർഷം കർണാടകയിൽ നിന്ന് 65,000-ത്തിലധികം മ്യൂൾ ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിച്ച് സൈബർ കുറ്റവാളികൾ അനധികൃത ഫണ്ട് ഒഴുക്കിയതായി റിപ്പോർട്ട്. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ സൈബർ ക്രൈം കോഒാഡിനേഷൻ സെന്റർ പുറത്തുവിട്ട 2024ലെ കണക്കാണിത്. ഈ അക്കൗണ്ടുകൾ തട്ടിപ്പുകാരുടെ അക്കൗണ്ടുകളുടെ ആദ്യ പാളി മാത്രമാണെന്നും യഥാർഥ സംഖ്യകൾ വളരെ കൂടുതലാകാമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.
സൈബർ തട്ടിപ്പുകാരുടെ നിർദേശപ്രകാരം ഇരകളെ കബളിപ്പിച്ച് പണം കൈമാറുന്ന പ്രാരംഭ അക്കൗണ്ടുകളെയാണ് ആദ്യ പാളി സൂചിപ്പിക്കുന്നത്. സൈബർ കുറ്റകൃത്യങ്ങളുടെ പ്രവർത്തനത്തിൽ മ്യൂൾ അക്കൗണ്ടുകൾ നിർണായക പങ്ക് വഹിക്കുന്നു. ഇരയുടെ ബാങ്ക് അക്കൗണ്ടിനും തട്ടിപ്പുകാരന്റെ അക്കൗണ്ടിനും മധ്യേ ഇടനിലക്കാരായി പ്രവർത്തിക്കുന്നു.
ഈ അക്കൗണ്ടുകൾ പലപ്പോഴും സൈബർ കുറ്റവാളികൾ സൃഷ്ടിക്കുകയോ വാടകക്കെടുക്കുകയോ വാങ്ങുകയോ ചെയ്യുന്നു. ഫസ്റ്റ്-ലെയർ മ്യൂൾ അക്കൗണ്ടുകളുടെ എണ്ണത്തിൽ രാജ്യത്തെ സംസ്ഥാനങ്ങളിൽ കർണാടക അഞ്ചാം സ്ഥാനത്താണ്. മഹാരാഷ്ട്ര, രാജസ്ഥാൻ, ഹരിയാന, ഉത്തർപ്രദേശ് എന്നിവക്ക് പിന്നിലാണ് കർണാടകയെന്നും റിപ്പോർട്ട് കൂട്ടിച്ചേർത്തു.
മ്യൂൾ അക്കൗണ്ടുകളുടെ വ്യാപനത്തിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന് ബാങ്കുകളുടെ അശ്രദ്ധയാണെന്ന് സെന്റർ ചൂണ്ടിക്കാട്ടി. സാങ്കേതിക പുരോഗതിയുണ്ടായിട്ടും സംശയാസ്പദമായ അക്കൗണ്ടുകളും ഇടപാടുകളും ഫലപ്രദമായി ട്രാക്ക് ചെയ്യുന്നതിന് പല ബാങ്കുകൾക്കും ശക്തമായ നിരീക്ഷണ സംവിധാനങ്ങൾ ഇല്ല. സംശയാസ്പദമായ അക്കൗണ്ടുകളും ഇടപാടുകളും നിരീക്ഷിക്കാനുള്ള ഉത്തരവാദിത്തം ബാങ്കുകൾക്കുണ്ട്. പക്ഷേ അവ പലപ്പോഴും വിട്ടുവീഴ്ച ചെയ്യപ്പെടുന്നു.
ബാങ്ക് ജീവനക്കാർ വഴി ഉപഭോക്തൃ ഡേറ്റ ചോർന്നേക്കാമെന്ന ആശങ്കയും വർധിച്ചുവരുകയാണ്. ദീർഘകാലം ഇടപാടുകൾ നടക്കാത്ത അക്കൗണ്ടുകൾ സംബന്ധിച്ച വിവരങ്ങൾ ബാങ്ക് ജീവനക്കാർ വഴിയാണ് ചോരുന്നത്. ഈ അക്കൗണ്ടുകൾ തട്ടിപ്പുകാരുടെ പ്രധാന ലക്ഷ്യങ്ങളായി മാറുന്നു. അവർ തട്ടിപ്പുകൾക്കായി അക്കൗണ്ട് ഉടമകളെ വാങ്ങാനോ വാടകക്കെടുക്കാനോ സമീപിക്കുന്ന പ്രവണത വർധിക്കുകയാണെന്ന് സെന്റർ കണ്ടെത്തി.
വിദ്യാർഥികളും ദുർബല വിഭാഗങ്ങളും വിവിധ സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനായി തുടങ്ങുന്ന അക്കൗണ്ടുകൾ സൈബർ തട്ടിപ്പുകാർ വലിയ തോതിൽ ദുരുപയോഗം ചെയ്യുന്നു. ഒറ്റത്തവണ പണം നൽകി വാങ്ങുകയോ നിശ്ചിത നിരക്കിൽ വാടക നൽകി ഇടപാടുകൾക്ക് ഉപയോഗിക്കുകയോ ചെയ്യുന്നു. അക്കൗണ്ട് ഉടമ തന്നെ കൈകാര്യം ചെയ്യുന്ന രീതിയിലാവും ഇടപാടുകൾ നടക്കുക. സാമ്പത്തിക കുറ്റകൃത്യം പിടിക്കപ്പെട്ടാൽ തട്ടിപ്പുകാർ തടിയൂരുകയും യഥാർഥ അക്കൗണ്ട് ഉടമ പ്രതിയാവുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

