ബയപ്പനഹള്ളിയിൽ 65 ഏക്കർ ട്രീ പാർക്ക് സ്ഥാപിക്കും - മന്ത്രി എം.ബി. പാട്ടീൽ
text_fieldsബയപ്പനഹള്ളിയിൽ ട്രീ പാർക്ക് സ്ഥാപിക്കുന്ന സ്ഥലം മന്ത്രി എം.ബി. പാട്ടീൽ സന്ദര്‍ശിക്കുന്നു
ബംഗളൂരു: ബയപ്പനഹള്ളിയിൽ ന്യൂ ഗവ. ഇലക്ട്രിക്കൽ ഫാക്ടറിക്ക് (എൻ.ജി.ഇ.എഫ്) സമീപം 37.75 കോടി രൂപ ചെലവിൽ 65 ഏക്കർ വിസ്തൃതിയുള്ള ട്രീ പാർക്ക് സ്ഥാപിക്കുമെന്ന് മന്ത്രി എം.ബി. പാട്ടീൽ.ഘട്ടം ഒന്ന്, ഒന്ന് എ, ഒന്ന് ബി, ഘട്ടം രണ്ട് എന്നിങ്ങനെ നാല് ഘട്ടങ്ങളിലായി പദ്ധതി നടപ്പാക്കും. ആകെയുള്ള 105 ഏക്കറിൽ ഏകദേശം 65 ഏക്കര്‍ ബൊട്ടാണിക്കൽ ഗാർഡൻ ശൈലിയില്‍ വികസിപ്പിക്കും.
ഇവിടെ വൈവിധ്യമാർന്ന മരങ്ങൾ വളർത്തും. ഘട്ടം ഒന്ന് എ പ്രകാരമുള്ള ജോലികൾ ആറു മാസത്തിനകം പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. വിവിധ ഇനങ്ങളിൽപ്പെട്ട ഏകദേശം 8,500 മരങ്ങൾ ഈ സ്ഥലത്തുണ്ട്. പദ്ധതിക്കായി ഒരു മരവും മുറിക്കില്ലെന്ന് മന്ത്രി പാട്ടീൽ വ്യക്തമാക്കി. സ്ഥലത്തെ യൂക്കാലിപ്റ്റസ് മരങ്ങളെക്കുറിച്ച് തീരുമാനം എടുക്കുന്നതിനുമുമ്പ് അവയെക്കുറിച്ച് ശാസ്ത്രീയമായി പഠിക്കും. ഒന്നാം ഘട്ട പ്രവൃത്തികൾക്ക് ആവശ്യമായ 11.50 കോടി രൂപ ഇതിനകം അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എൻ.ജി.ഇ.എഫ് പരിസരത്ത് നിലവിലുള്ള കെട്ടിടങ്ങളും വ്യവസായിക ഷെഡുകളും സുരക്ഷിതമാണെന്ന് മന്ത്രി പറഞ്ഞു. ഇവയുടെ ഉറപ്പ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ (ഐ.ഐ.എസ്.സി) ശാസ്ത്രജ്ഞർ പരിശോധിക്കും. ഇവ പൊളിച്ചുമാറ്റുന്നതിന് പകരം നവീകരിച്ച് വീണ്ടും ഉപയോഗിക്കും. കോമ്പൗണ്ടിന് പുറത്ത് ഫാക്ടറി ഉടമസ്ഥതയിലുള്ള 4.5 ഏക്കർ സ്ഥലത്ത് 7,000 വാഹനങ്ങൾ വരെ ഉൾക്കൊള്ളാൻ കഴിയുന്ന തരത്തില്‍ മൾട്ടി ലെവൽ പാർക്കിങ് സൗകര്യം നിർമിക്കും. കൂടാതെ, നിലവിലുള്ള ഇലക്ട്രിക് മോട്ടോർ ഷെഡുകൾ നവീകരിച്ച് കുറഞ്ഞത് 15,000 പേർക്ക് ഇരിക്കാവുന്ന രണ്ട് വലിയ കൺവെൻഷൻ സെന്ററുകൾ സ്ഥാപിക്കും.
ഇതില്‍ സമ്മേളനങ്ങൾ, സെമിനാറുകൾ, സാംസ്കാരിക പരിപാടികൾ, പൊതു ചടങ്ങുകൾ എന്നിവ നടക്കും. സർക്കാർ നടത്തുന്ന കിറ്റ്‌സ് ‘ഇന്നോവേഴ്‌സ്’ എന്ന പേരിൽ സ്റ്റാർട്ടപ്പുകൾക്കായി ഇൻകുബേഷൻ സെന്റർ, ഐ.ടി-ബി.ടി വകുപ്പ് 100 കോടി രൂപയുടെ ‘ടെക്നോളജി ഇന്നൊവേഷൻ മ്യൂസിയം’, ലോകോത്തര നിലവാരമുള്ള ശിൽപ പാര്‍ക്ക്, എൻ.ജി.ഇ.എഫ് മ്യൂസിയം, ആംഫി തിയറ്റർ എന്നിവ സ്ഥാപിക്കുമെന്ന് മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

