ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; അഞ്ചാമത് ബംഗളൂരു സമൂഹ വിവാഹം ഞായറാഴ്ച
text_fieldsബംഗളൂരു: എ.ഐ.കെ.എം.സി.സിയും ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഹ്യുമാനിറ്റിയും ചേർന്ന് നടത്തുന്ന അഞ്ചാമത് സമൂഹ വിവാഹം ഞായറാഴ്ച നടക്കും. രാവിലെ 10 മുതല്‍ ശിവാജി നഗര്‍ ഖുദ്ദൂസ് സാഹിബ് ഈദ് ഗാഹ് മൈതാനിയില്‍ നടക്കുന്ന സമൂഹ വിവാഹത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ വാർത്തസമ്മേളനത്തില്‍ അറിയിച്ചു.
കർണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളില്‍നിന്നുള്ള നിര്‍ധനരും അനാഥകളുമായ കുടുംബങ്ങളില്‍ നിന്നുള്ള യുവതീയുവാക്കളില്നിന്നാണ് അപേക്ഷ ക്ഷണിച്ചത്. അപേക്ഷകരുടെ യോഗ്യതയും കുടുംബങ്ങളുടെ സാമ്പത്തിക സാമൂഹിക സാഹചര്യങ്ങളും അന്വേഷിച്ച ശേഷമാണ് സമൂഹ വിവാഹത്തിലേക്ക് ദമ്പതികളെ തിരഞ്ഞെടുത്തത്. നാലു സീസണുകളിലായി 278 യുവമിഥുനങ്ങളുടെ ദാമ്പത്യ സ്വപ്നങ്ങള്‍ക്കാണ് ഇതിനകം വേദിയൊരുക്കിയതായും വിവാഹാനന്തരവും ആവശ്യമായ കൗണ്‍സലിങ്ങും മറ്റു ഇടപെടലുകളും നടത്തുന്നതായും അവർ പറഞ്ഞു.
ഇത്തവണ 78 വിവാഹങ്ങളാണ് ബംഗളൂരുവിൽ നടക്കുന്നത്. 25 വിവാഹങ്ങള്‍ അടുത്ത വര്‍ഷം ജനുവരി ആദ്യ വാരം ഗൂഡല്ലൂരില്‍ നടക്കും. വീരാജ്പേട്ട്, കോലാര്‍, ശ്രീനിവാസ് നഗര്‍ എന്നിവിടങ്ങളില്‍നിന്നുള്ള ആറ് കുടുംബങ്ങളുടെ വിവാഹം ഹൈന്ദവ മതാചാര പ്രകാരം മതപുരോഹിതന്മാരുടെ നേതൃത്വത്തില്‍ പ്രദേശത്തെ ആരാധനാലയങ്ങളില്‍ വെച്ച് നടന്നിരുന്നു. ഇവരുടെ വിവാഹ സല്‍ക്കാരവും ഞായറാഴ്ച നടക്കും. പതിനായിരത്തോളം ആളുകള്‍ പരിപാടിയില്‍ സംബന്ധിക്കും.
മുസ്ലിം ലീഗ് ദേശീയ അധ്യക്ഷന്‍ പ്രഫ. കെ.എം. ഖാദര്‍ മൊയ്തീന്, മുസ്ലിം ലീഗ് കേരള സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, കർണാടക നഗര വികസന മന്ത്രി ബൈരതി ബസവരാജ്, കർണാടക പി.സി.സി പ്രസിഡന്റ് ഡി.കെ. ശിവകുമാര്‍, കേരള പി.സി.സി പ്രസിഡന്റ് കെ. സുധാകരന് എം.പി, ശ്രീ ശ്രീ രവിശങ്കര്‍, ആര്. ശ്രീ. സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, ഫാ. ഗീവര്‍ഗീസ് ജോണ്സണ്, ഡോ. ശിവാനന്ദ ശിവയോഗി, പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍, ജാമിഅ മസ്ജിദ് ഇമാം മൗലാന മഖ്സൂദ് ഇമ്രാന് റഷാദി, എം.എൽ.എമാരായ ആര്. രാമലിംഗ റെഡ്ഡി, കെ.ജെ. ജോര്‍ജ്, യു.ടി. ഖാദര്‍, സമീര്‍ അഹമ്മദ് ഖാന്, എന്‍.എ. ഹാരിസ്, റിസ്വാന് അര്‍ഷദ്, ഡോ. ഉദയ് ബി. ഗരുഡാചാര്‍, കൃഷ്ണ ബൈര ഗൗഡ, സൗമ്യ റെഡ്ഡി, എ.കെ.എം. അഷ്റഫ്, ബി.എം. ഫാറൂഖ് എം.എല്‍.സി, തമിഴ്നാട് വഖഫ് ബോര്‍ഡ് ചെയര്മാന് എം. അബ്ദുറഹ്മാന്, ഡോ. എന്‍.എ. മുഹമ്മദ് തുടങ്ങി രാഷ്ട്രീയ-മത-സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും.
വാർത്തസമ്മേളനത്തില്‍ എ.ഐ.കെ.എം.സി.സി ബംഗളൂരു സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ടി. ഉസ്മാന്, ജനറല്‍ സെക്രട്ടറി എം.കെ. നൗഷാദ്, ട്രഷറര്‍ നാസര്‍ നീലസാന്ദ്ര, സെക്രട്ടറിമാരായ ഡോ. എം.എ. അമീറലി, റഹീം ചാവശ്ശേരി, അബ്ദുല്ല മാവള്ളി, ഹാജീബ, നജീബ് ഷൈന്‍, അബ്ദുറഹ്മാന്, തന്‍വീര്‍ എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

