തണൽ തിരിച്ചു പിടിക്കാൻ; മൈസൂരുവിൽ മുറിച്ച 40 മരങ്ങൾക്ക് പകരം 400 തൈകള്‍ വെച്ചുപിടിപ്പിക്കും
text_fieldsമൈസൂരു നസർബാദിൽ എസ്.പി ഓഫിസിനു സമീപം ഹൈദരലി റോഡിലെ മരങ്ങൾ മുറിച്ചനിലയിൽ
ബംഗളൂരു: മൈസൂരു നസർബാദിൽ റോഡ് വികസനത്തിന്റെ ഭാഗമായി മുറിച്ചുമാറ്റിയ 40 മരങ്ങള്‍ക്ക് പകരമായി 400 വൃക്ഷത്തൈകള്‍ വെച്ചുപിടിപ്പിക്കുമെന്ന് മൈസൂരു സിറ്റി കോർപറേഷന്. കഴിഞ്ഞ ദിവസം മൈസൂരു എസ്.പി ഓഫിസിനു സമീപം ഹൈദരലി റോഡിലെ 50 വര്‍ഷത്തിലേറെ പഴക്കമുള്ള മരങ്ങള്‍ മുറിച്ചുമാറ്റിയത് പരിസ്ഥിതി പ്രവര്‍ത്തകരുടെയും സന്നദ്ധ സംഘടനകളുടെയും കനത്ത എതിർപ്പിനിടയാക്കിയിരുന്നു. സമഗ്ര വികസന പദ്ധതി പ്രകാരം, നിലവിൽ 30 അടി വീതിയുള്ള റോഡ് 90 അടിയാക്കി വികസിപ്പിക്കുന്നതിന്റെ ഭാഗമായി നെക്സസ് മാളിനും വെങ്കട ലിംഗയ്യ സര്‍ക്കിളിനും ഇടയിലുള്ള മുഹമ്മദ് സെയ്ദ് ബ്ലോക്കിലെ മരങ്ങളാണ് മുറിച്ചുമാറ്റിയത്.
കാളികാംബ ക്ഷേത്രം മുതൽ എസ്.പി ഓഫിസ് സർക്ൾ വരെ 360 മീറ്റർ ദൂരം വരുന്നതാണ് 10 മീറ്ററോളം വീതിയുള്ള ഹൈദരലി റോഡ്. ഇത് മീഡിയനടക്കം നിർമിച്ച് 90 അടി വീതിയുള്ളതാക്കുകയാണ് കോർപറേഷൻ ലക്ഷ്യമിടുന്നത്. കെ.എസ്.ആർ.ടി.സി അർബൻ ബസ്സ്റ്റാൻഡിലേക്കുള്ള കാളികാംബ റോഡും ഫൈവ് ലൈറ്റ്സ് സര്‍ക്ള്‍ മുതല്‍ സര്‍ക്കാര്‍ ഗെസ്റ്റ് ഹൗസ് വരെയുള്ള റോഡും എസ്.പി ഓഫിസ് മുതല്‍ നഴ്സിങ് ഹോം വരെയുള്ള റോഡും 100 അടി വീതമുള്ളവയാണ്.
ഹൈദരലി റോഡ് മാത്രമാണ് 30 അടിയിൽ ചുരുങ്ങി നിൽക്കുന്നത്. ഈ റോഡിന്റെ വീതിക്കുറവ് അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുന്നുവെന്നും സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി റോഡിന്റെ വീതി കൂട്ടാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും മൈസൂരു സിറ്റി കോർപറേഷന് എഞ്ചിനീയര്‍ മധുസൂദനന് ചൂണ്ടിക്കാട്ടി. എം.എല്‍.എ തന്‍വീര്‍ സേട്ടിന്റെ നേതൃത്വത്തില്‍ നരസിംഹരാജ മണ്ഡലത്തിനനുവദിച്ച പ്രത്യേക ഗ്രാന്‍ഡ് മുഖേനയാണ് റോഡ് വികസന പദ്ധതി നടപ്പാക്കുന്നത്. പദ്ധതി പൂര്‍ത്തിയായ ഉടന്‍ നടപ്പാതകള്‍, സംരക്ഷണ ഭിത്തി എന്നിവയും ഇരുവശത്തും മരങ്ങളും നട്ടുപിടിപ്പിക്കുമെന്നും അധികൃതര്‍ പറഞ്ഞു.
അഞ്ച് കോടി രൂപയാണ് പദ്ധതിക്ക് കണക്കാക്കുന്ന മൊത്തം ചെലവ്. ജി.എസ്.ടി ഉള്‍പ്പടെ ടെൻഡര്‍ തുകയായ 4,95,67,181 രൂപ കരാറുകാരന് കൈമാറിക്കഴിഞ്ഞു. ആറ് മാസത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. 1,64,508 രൂപ മരം വെട്ടിമാറ്റിയതിന് നഷ്ട പരിഹാരമായി വനം വകുപ്പിന് കൈമാറിയതായും 1:10 എന്ന അനുപാതത്തില്‍ വൃക്ഷത്തൈകള്‍ നടാന്‍ തീരുമാനിച്ചതായും അധികൃതർ അറിയിച്ചു. അതേസമയം, 400 മരങ്ങളും ഹൈദർ അലി റോഡിൽ വെച്ചുപിടിപ്പിക്കില്ലെന്നും ആകെ 360 മീറ്റർ മാത്രമുള്ള റോഡിന്റെ ഇരുവശത്തും സാധ്യമായ മരങ്ങൾ നടുമെന്നും ഫോറസ്റ്റ് ഡെപ്യൂട്ടി കൺസർവേറ്റർ ഡോ. കെ.എൻ. ബസവരാജു പറഞ്ഞു.
ഒരു കിലോമീറ്റർ ദൂരത്തിൽ പരമാവധി 350 വൃക്ഷത്തൈകളാണ് വെച്ചുപിടിപ്പിക്കുകയെന്നും ഓരോ ചെടികൾ തമ്മിലും കുറഞ്ഞത് മൂന്നു മീറ്റർ അകലം കാത്തുസൂഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 400 മരങ്ങൾ നട്ടാലും കാലാവസ്ഥയെ അതിജീവിച്ച് ആരോഗ്യത്തോടെ പിടിച്ചുകിട്ടുന്ന മരങ്ങളുടെ തോത് പത്തിലൊന്നാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മരങ്ങൾ മുറിച്ചതിനെതിരെ പ്രതിഷേധ പരമ്പര
ബംഗളൂരു: മൈസൂരുവിൽ നസർബാദിൽ റോഡ് വികസനത്തിന്റെ പേരിൽ അരനൂറ്റാണ്ട് പഴക്കമുള്ള 40 മരങ്ങൾ മുറിച്ചതിനെതിരെ പൊതുജനങ്ങളുടെ പ്രതിഷേധം. പരിസ്ഥിതി പ്രവർത്തകർ, വിദ്യാർഥികൾ, പൗരാവകാശ പ്രവർത്തകർ, കർഷകർ, പ്രദേശവാസികൾ എന്നിവരടക്കമുള്ളവർ ശനിയാഴ്ച വൈകീട്ട് മെഴുകുതിരികളും പന്തങ്ങളുമേന്തി പ്രതിഷേധ യാത്ര നടത്തി. മുറിച്ചുമാറ്റിയ മരങ്ങളുടെ കുറ്റികൾക്കുമേൽ മെഴുകുതിരികൾ കത്തിച്ചുവെച്ചു.
റോഡിന്റെ ഇരുവശത്തും പ്രതിഷേധക്കാർ അണിനിരന്നു. പരിസ്ഥിതി സന്ദേശങ്ങളുമായി കൈയിൽ പ്ലക്കാർഡുകൾ ഉയർത്തിപ്പിടിച്ചായിരുന്നു പ്രതിഷേധം. മരം മുറി അവസാനിപ്പിക്കുക, ശുചിത്വ നഗരം, ഹരിത നഗരം, പരിസ്ഥിതിക്ക് നാശം വരുത്തുന്ന പദ്ധതികൾ നടപ്പാക്കരുത് തുടങ്ങിയ മുദ്രാവാക്യങ്ങൾ പ്രതിഷേധത്തിലുയർന്നു. പരിസര ബളഗ, മൈസൂർ ഗ്രഹകാര പരിഷത്ത്, പി.യു.സി.എൽ, ടീം മൈസൂരു ഫൗണ്ടേഷൻ, ലെറ്റ്സ് ഡു ഇറ്റ് മെസൂർ, യുവ ബ്രിഗേഡ്, യൂത്ത് ഫോർ സേവ, ആര്യ വൈശ്യ അഭിവൃദ്ധി സമിതി, കർണാടക സ്റ്റേറ്റ് ഫാർമേഴ്സ് വെൽഫെയർ അസോസിയേഷൻ, മൈസൂർ സൈക്ലിങ് ക്ലബ്, മൈസൂർ അത് ലറ്റിക് ക്ലബ് തുടങ്ങിയവ പ്രതിഷേധത്തിൽ പങ്കാളികളായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

