40 പല്ലക്കി ബസുകൾ നിരത്തിലിറങ്ങി
text_fieldsദീർഘദൂര സർവിസുകൾ നടത്താനായുള്ള കർണാടക ആർ.ടി.സിയുടെ ‘പല്ലക്കി’ നോൺ എ.സി സ്ലീപ്പർ ബസുകൾ ഉദ്ഘാടനം ചെയ്ത ശേഷം മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ എന്നിവർ ബസുകൾക്ക് മുന്നിൽ
ബംഗളൂരു: ദീർഘദൂര സർവിസുകൾക്കായുള്ള കർണാടക ആർ.ടി.സിയുടെ പ്രത്യേക ‘പല്ലക്കി’ നോൺ എ.സി സ്ലീപ്പർ ബസുകൾ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്തു. വിധാൻ സൗധയിൽ ശനിയാഴ്ച രാവിലെയായിരുന്നു ചടങ്ങ്. 40 പല്ലക്കി ബസുകളാണ് നിരത്തിലിറങ്ങുന്നത്. 100 സരികെ ബസുകളും കർണാടക ആർ.ടി.സി വാങ്ങിയിട്ടുണ്ട്. ഇവയുടെ ഉദ്ഘാടനവും ചടങ്ങിൽ നടത്തി.
ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, ഗതാഗത മന്ത്രി രാമലംഗ റെഡ്ഡി, ഭക്ഷ്യ സിവിൽസൈപ്ലസ് മന്ത്രി കെ.എച്ച്. മുനിയപ്പ, വനംമന്ത്രി ഈശ്വർ ഖൻഡ്രേ, ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടുറാവു, എം.എൽ.സി നാഗരാജ് യാദവ്, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി ഗോവിന്ദരാജു, നിയമോപദേശകൻ പൊന്നണ്ണ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. ‘പല്ലക്കി’ബസുകൾ മംഗളൂരു, ഉഡുപ്പി, പുത്തൂർ, ശിവമൊഗ്ഗ, കർവാർ, ബെളഗാവി, ഹുബ്ബള്ളി, ബിദർ, കലബുറഗി, റായ്ചൂർ, കൊപ്പാൾ, യാദ്ഗിർ തുടങ്ങി സംസ്ഥാനത്തിലെ വിവിധ നഗരങ്ങളിലേക്ക് സർവിസ് നടത്തും. പുതുച്ചേരി, ചെന്നൈ, കോയമ്പത്തൂർ, മന്ത്രാലയ, കുംഭകോണം എന്നിവിടങ്ങളിലേക്കും സർവിസ് നടത്തുമെന്നും കർണാടക ആർ.ടി.സി അറിയിച്ചു. കേരളത്തിലെ കണ്ണൂരിലേക്കും ‘പല്ലക്കി’ ബസ് സർവിസ് നടത്തുമെന്ന് സൂചനയുണ്ട്.
സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന ശക്തി പദ്ധതി നിലവിൽ വന്നശേഷം 1894 പുതിയ ബസുകൾ ഇറക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. നിലവിൽ കർണാടക ആർ.ടി.സിയുടെ നാലു കോർപറേഷനുകളിലായി 23,989 ബസുകളാണ് സർവിസ് നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

