2030 ഓടെ 35,000 വൈദ്യുതി ബസുകൾ-മന്ത്രി ശ്രീരാമുലു
text_fieldsകർവയുടെ ഇലക്ട്രിക് ബസ്
ബംഗളൂരു: എട്ടുവർഷത്തിനുള്ളിൽ 35,000 വൈദ്യുതി ബസുകൾ നിരത്തിലിറക്കുമെന്ന് ഗതാഗത മന്ത്രി ബി. ശ്രീരാമുലു പറഞ്ഞു. ബി.എം.ടി.സിയിലെ വൈദ്യുതി ബസുകളുടെ എണ്ണം സംബന്ധിച്ച് മൈസൂരുവിൽനിന്നുള്ള എം.എൽ.എ തൻവീർ സേട്ട് ഉന്നയിച്ച ചോദ്യത്തിൽ നിയമസഭയിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം. ''35,000 ബസുകൾ സംസ്ഥാനത്തുണ്ട്. ദിനേന ഡീസൽ വില വർധിക്കുന്നത് കണക്കിലെടുത്താൽ മുന്നോട്ടുപോവുക പ്രയാസകരമാണ്
. 2030 ഓടെ നമ്മുടെ എല്ലാ ബസുകളും വൈദ്യുതി ബസുകളാക്കി മാറ്റണമെന്നതാണ് ലക്ഷ്യമിടുന്നത്. ഡീസൽ ബസുകൾക്ക് ഒരു കിലോമീറ്ററിന് 68.53 രൂപ ചെലവുവരുന്നുണ്ട്. നിലവിൽ 90 വൈദ്യുതി ബസുകളാണ് ബംഗളൂരു നഗരത്തിലുള്ളത്. ഇവക്ക് സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി 12 വർഷത്തെ പാട്ടത്തിനാണ് പ്രവർത്തനാനുമതി നൽകിയിട്ടുള്ളത്. കിലോമീറ്ററിന് 64.67 രൂപയാണ് ചെലവ്.കേന്ദ്ര സർക്കാറിന്റെ ഫാസ്റ്റർ അഡോപ്ഷൻ ആൻഡ് മാനുഫാക്ചറിങ് ഇലക്ട്രിക് വെഹിക്കിൾസ് -രണ്ട് ( ഫെയിം- രണ്ട് )പദ്ധതിയുടെ ഭാഗമായി 300 ബസുകളിൽ 75 എണ്ണം ബി.എം.ടി.സിക്ക് നൽകി.
ബാക്കി ബസുകൾ ഉടൻ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇവക്ക് കിലോമീറ്ററിന് 61.9 രൂപയാണ് ചെലവ്. ഇതിനുപുറമെ, കൺവർജൻസ് എനർജി സർവിസസ് ലിമിറ്റഡ് (സി.ഇ.എസ്.എൽ) വഴി 921 വൈദ്യുതി ബസുകൾക്ക് ഓർഡർ നൽകിയിട്ടുണ്ട്. ഇവക്ക് കിലോമീറ്ററിന് 54 രൂപ ചെലവ് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

