320 ഏക്കർ സർക്കാർ ഭൂമി അനധികൃതമായി കൈമാറ്റം ചെയ്തു
text_fieldsപ്രതീകാത്മക ചിത്രം
മംഗളൂരു: മാണ്ഡ്യ ജില്ലയിലെ നാഗമംഗല താലൂക്കിൽ ഏകദേശം 200 കോടി രൂപ വിലമതിക്കുന്ന 320 ഏക്കർ സർക്കാർ ഭൂമി അനധികൃതമായി കൈമാറ്റം ചെയ്തതായി ലോകായുക്ത പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് ഭൂരേഖ വകുപ്പിലെ അഞ്ച് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തു.
സെക്കൻഡ് ഡിവിഷൻ അസിസ്റ്റന്റുമാരായ എച്ച്.വി. സതീഷ്, ഗുരുമൂർത്തി, ശിരസ്തേദാർമാരായ രവിശങ്കര, ഉമേഷ്, ദാരകസ്തു വില്ലേജ് അസിസ്റ്റന്റ് എസ്. യോഗേഷ് എന്നിവരാണ് അറസ്റ്റിലായത്.
ബഗൈർ ഹുക്കും കമ്മിറ്റി (ബി.എച്ച്.സി) വഴിയുള്ള അനുമതിപത്രത്തിന്റെ മറവിൽ 320 ഏക്കർ സർക്കാർ ഗോമാല (കാലികൾക്ക് മേയാൻ നീക്കിവെക്കുന്നത്) ഭൂമി സ്വകാര്യ വ്യക്തികൾക്ക് കൈമാറുന്നതിനായി നാഗമംഗല താലൂക്ക് ഓഫിസ് രേഖകളിൽ കൃത്രിമം കാണിച്ചതായും വ്യാജമായി നിർമിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
ഗോമാല ഭൂമി കൈയേറിയതിൽ ഉൾപ്പെട്ട റാക്കറ്റിനെക്കുറിച്ചുള്ള സൂചനയുടെ അടിസ്ഥാനത്തിൽ, ഉപലോകായുക്ത ഏഴ് സ്ഥലങ്ങളിൽ റെയ്ഡ് നടത്താൻ വാറന്റ് പുറപ്പെടുവിച്ചു.
ഇതിൽ ഉൾപ്പെട്ട വ്യക്തികളുടെ വസതികൾ, സർക്കാർ ഗെസ്റ്റ് ഹൗസ്, ഒരു ഹോട്ടൽ, കൃഷിമന്ത്രി എൻ. ചെലുവരായസ്വാമി പ്രതിനിധാനം ചെയ്യുന്ന നിയമസഭ മണ്ഡലമായ നാഗമംഗലയിലെ താലൂക്ക് ഓഫിസ് എന്നിവ ഉൾപ്പെടുന്നു.
കുറ്റകരമായ രേഖകൾ കണ്ടെടുത്തതിനെത്തുടർന്ന് ലോകായുക്ത പൊലീസിന്റെ പരാതിയിൽ നാഗമംഗല പൊലീസ് കേസെടുത്തു. ക്രിമിനൽ ഗൂഢാലോചന, വഞ്ചന, സത്യസന്ധതയില്ലായ്മ, കൃത്രിമത്വം, വ്യാജ രേഖകൾ ഉപയോഗിച്ച് വഞ്ചനാപരമായ പ്രവർത്തനം, മോഷണം, ക്രിമിനൽ വിശ്വാസ വഞ്ചന തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്.
നാഗമംഗല താലൂക്കിലെ എച്ച്.എൻ കവാലു, ചിക്കജാതക, ദൊഡ്ഡജാതക, കരഡഹള്ളി എന്നിവയുൾപ്പെടെയുള്ള ഗ്രാമങ്ങളിലെ ഗോമാല ഭൂമി നിയമവിരുദ്ധമായി കൈമാറ്റം ചെയ്യുന്നതിനായി പ്രതികൾ ദാരകസ്തു ഭൂരേഖാ വിഭാഗത്തിൽ സാഗുവാലി ചിറ്റ്, ഗ്രാന്റ് ലെഡ്ജറുകൾ, മറ്റു ഭൂമി രേഖകളടക്കം വ്യാജമായി നിർമിച്ചതായി പ്രഥമദൃഷ്ട്യാ കണ്ടെത്തിയതായി ഉപലോകായുക്ത ജസ്റ്റിസ് വീരപ്പ പറഞ്ഞു.
വില്ലേജ് അസിസ്റ്റന്റ് യോഗേഷിന്റെ കാറിൽനിന്നാണ് ഭൂമി അനുവദിക്കണമെന്ന അപേക്ഷകൾ കണ്ടെത്തിയത്. പൊലീസ് സൂപ്രണ്ട് സുരേഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള ലോകായുക്ത പൊലീസ് യോഗേഷിനെ ചോദ്യം ചെയ്തപ്പോൾ റെക്കോഡ് റൂം സ്റ്റാഫുകളായ വിജയ് കുമാർ, സതീഷ്, യശവന്ത്, ആധാര എഴുത്തുകാരൻ ചിന്നസ്വാമി എന്നിവർ 2020 മുതൽ സർക്കാർ ഭൂമി അനധികൃതമായി കൈവശം വെച്ചിട്ടുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി.
പിടിച്ചെടുത്ത രേഖകളിൽനിന്ന് പുതിയ പേരുകൾ ചേർക്കുന്നതിനായി ലാൻഡ് ഗ്രാന്റ് ലെഡ്ജറിലെ എൻട്രികളിൽ കൃത്രിമം കാണിച്ചിട്ടുണ്ടെന്ന് വ്യക്തമായി. ബി.എച്ച്.സി നിയമങ്ങൾ ഒരു ഗുണഭോക്താവിന് പരമാവധി നാല് ഏക്കറും 38 ഗുന്തയും (1089 ചതുരശ്ര അടി) അനുവദിക്കുന്നുണ്ടെങ്കിലും പ്രാക്രുൾ ഖാൻ എന്നയാൾക്ക് ഒമ്പത് ഏക്കറും 27 ഗുന്തയും കലീം മുല്ലക്ക് 11 ഏക്കറും 23 ഗുന്തയും അനുവദിച്ചതായി രേഖകൾ വ്യക്തമാക്കുന്നു.
എന്നാൽ, പരിശോധന നടത്തിയ റെക്കോഡ്സ് റൂമിൽ സൂക്ഷിച്ചിരിക്കുന്ന യഥാർഥ രേഖകളിൽ ഈ എൻട്രികൾ കണ്ടെത്തിയില്ല. കൂടുതൽ അന്വേഷണം നടന്നുവരുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

