വിമാനത്താവളത്തിൽ 3,000 ആമകളെ പിടികൂടി
text_fieldsബംഗളൂരു: മലേഷ്യയിൽനിന്ന് കടത്തുകയായിരുന്ന 3,000 ആമകളെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിടികൂടി. രഹസ്യ വിവരത്തെത്തുടർന്ന് യാത്രക്കാരായ ഗോപിനാഥ് മണിവേളൻ, സുധാകർ ഗോവിന്ദസ്വാമി എന്നിവരിൽനിന്നാണ് കസ്റ്റംസ് അധികൃതർ ആമകളെ പിടികൂടിയത്. ലഗേജിലെ ചോക്ലറ്റ് പെട്ടികളിൽ പാക്ക് ചെയ്ത നിലയിലായിരുന്നു ആമകളെ കണ്ടെടുത്തത്.
ഗോപിനാഥിൽനിന്ന് 1672ഉം സുധാകറിൽനിന്ന് 1280 ഉം ആമകളെ കണ്ടെടുത്തു. അന്താരാഷ്ട്ര തലത്തിൽ വന്യമൃഗങ്ങളെ കടത്തുന്ന സംഘത്തിന്റെ കാരിയർമാരാണ് പിടിയിലായ പ്രതികളെന്ന് കസ്റ്റംസ് അധികൃതർ പറഞ്ഞു. മലേഷ്യയിൽനിന്ന് ആമകളെ കള്ളക്കടത്ത് സംഘത്തിൽനിന്ന് സ്വീകരിക്കുകയും ബംഗളൂരു വിമാനത്താവളത്തിനുപുറത്ത് കാത്തുനിൽക്കുന്ന ഏജന്റിന് ഇവ കൈമാറുകയുമായിരുന്നു ഇവരുടെ ദൗത്യം.
തിരിച്ച് ഇവർക്ക് മലേഷ്യയിലേക്കുള്ള സൗജന്യ ടിക്കറ്റും പണവും കള്ളക്കടത്ത് സംഘം വാഗ്ദാനം ചെയ്തിരുന്നു. ആത്മീയമായ ആവശ്യങ്ങൾക്കായാണ് പലരും ഈ ആമകളെ വാങ്ങി വളർത്താറുള്ളത്. പിടിച്ചെടുത്ത ആമകളെ ക്വലാലംപൂരിലേക്ക് തിരിച്ചയച്ചു. കസ്റ്റംസ് അധികൃതർ കേസ് രജിസ്റ്റർ ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

