മംഗളൂരുവിൽ 300 കോടിയുടെ ഭൂഗർഭ വൈദ്യുതി കേബ്ൾ പദ്ധതി
text_fieldsമംഗളൂരു എം.എൽ.എയും കർണാടക നിയമസഭ സ്പീക്കറുമായ യു.ടി. ഖാദർ വാർത്താസമ്മേളനത്തിൽ
മംഗളൂരു: മംഗളൂരു സിറ്റി കോർപറേഷൻ, ഉള്ളാൾ നഗരസഭ, സോമേശ്വര നഗരസഭ എന്നിവിടങ്ങളിൽ ഭൂഗർഭ മെസ്കോം കേബ്ളുകൾ സ്ഥാപിക്കാനായി ഏകദേശം 300 കോടി രൂപയുടെ അടിസ്ഥാന സൗകര്യ പദ്ധതിക്ക് സർക്കാർ അംഗീകാരം നൽകിയതായി മംഗളൂരു എം.എൽ.എയും കർണാടക നിയമസഭ സ്പീക്കറുമായ യു.ടി. ഖാദർ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
തന്റെ മണ്ഡലത്തിലെ ഉള്ളാൾ നഗരസഭ പരിധിയിൽ മാത്രം 186.45 കോടി രൂപ ചെലവിൽ കേബ്ൾ സ്ഥാപിക്കൽ ജോലികൾ നടക്കും. ഉള്ളാളിലെ തീരദേശ ശോഷണത്തിന് ശാശ്വത പരിഹാരത്തിനായി നിർദ്ദേശം സമർപ്പിച്ചിട്ടുണ്ടെന്നും കടൽക്ഷോഭം ബാധിച്ച പ്രദേശങ്ങളിലെ തീർപ്പാക്കാത്ത ജോലികൾ പൂർത്തിയായിട്ടുണ്ടെന്നും ഖാദർ കൂട്ടിച്ചേർത്തു.
എ.സി.പി ഓഫിസ് സമുച്ചയത്തിന്റെ നിർമാണത്തിനായി പുതിയ സ്ഥലം അനുവദിച്ചു. 20 കോടി രൂപ ചെലവിൽ നിർമിക്കുന്ന ഈ സൗകര്യത്തിൽ എ.സി.പി ഓഫിസ്, ട്രാഫിക് പൊലീസ് ഓഫിസ്, എ.ഐ സൈബർ സെന്റർ എന്നിവ ഒരു മേൽക്കൂരയിൽ പ്രവർത്തിക്കും.
നഗര സൗന്ദര്യം വർധിപ്പിക്കാനും റെസിഡൻഷ്യൽ ഏരിയകളിൽ വൈദ്യുതി വയറുകൾ തൂങ്ങിക്കിടക്കുന്നത് മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ ഇല്ലാതാക്കാനുമാണ് ഭൂഗർഭ കേബ്ളിങ് പദ്ധതി ലക്ഷ്യമിടുന്നത്. 1.5 മീറ്റർ താഴ്ചയിലാണ് കേബ്ളുകൾ സ്ഥാപിക്കുക, 25 വർഷം വരെ കാര്യക്ഷമമായി പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
വാർത്ത സമ്മേളനത്തിൽ മെസ്കോം ചെയർമാൻ ഹരീഷ് കുമാർ, മാനേജിങ് ഡയറക്ടർ ജയകുമാർ, ‘മുഡ’ ചെയർമാൻ സദാശിവ ഉള്ളാൾ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

