കർണാടക സ്റ്റേറ്റ് ഓപൺ യൂനിവേഴ്സിറ്റിയിൽ 300 കോടിയുടെ ക്രമക്കേട്; സി.ബി.ഐ കേസെടുത്തു
text_fieldsമൈസൂരുവിലെ കർണാടക സ്റ്റേറ്റ് ഓപൺ യൂനിവേഴ്സിറ്റി
ബംഗളൂരു: കർണാടക സ്റ്റേറ്റ് ഓപൺ യൂനിവേഴ്സിറ്റിയിലെ (കെ.എസ്.ഒ.യു) 300 കോടിയുടെ ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട് സി.ബി.ഐ കേസ് രജിസ്റ്റർ ചെയ്തു. സർവകലാശാലയിൽ വിദ്യാർഥികളുടെ ഫീസ് ഇനത്തിൽ ലഭിച്ച 300 കോടി രൂപ കാണാതായതുമായി ബന്ധപ്പെട്ടാണ് കേസ്. കർണാടക പൊലീസ് രജിസ്റ്റർ ചെയ്ത കേസ് പിന്നീട് സി.ബി.ഐക്ക് കൈമാറുകയായിരുന്നു. കെ.എസ്.ഒ.യു ഡയറക്ടേഴ്സ് ബോർഡിന്റെ ശിപാർശ പ്രകാരമായിരുന്നു സംസ്ഥാന സർക്കാർ കേസ് സി.ബി.ഐക്ക് കൈമാറിയത്. എ.എസ്.പി റാങ്കിലുള്ള ഓഫിസറുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടത്തുക.
2009 മുതൽ 2016 വരെയുള്ള കാലയളവിലാണ് തിരിമറി അരങ്ങേറിയതെന്ന് സി.ബി.ഐ എഫ്.ഐ.ആറിൽ പറയുന്നു. കർണാടക ഓപൺ സർവകലാശാലയുമായി സഹകരിച്ച് പ്രവർത്തിക്കുന്ന രാജ്യത്തിന്റെ വിവിധയിടങ്ങളിലും വിദേശത്തുമുള്ള വിദ്യാർഥികളിൽനിന്ന് ഈ കാലയളവിൽ പിരിച്ച തുക തിരിമറി നടത്തുകയായിരുന്നു. 2013-14, 2014-15 വർഷങ്ങളിൽ 50 കോടിയുടെയും 2009 മുതൽ 2013 വരെയുള്ള കാലയളവിൽ 250 കോടിയുടെയും ക്രമക്കേട് നടന്നതായാണ് ഓഡിറ്റർമാർ കണ്ടെത്തിയത്.
1997ൽ മൈസൂരു കേന്ദ്രമായി സ്ഥാപിച്ച കർണാടക സ്റ്റേറ്റ് ഓപൺ യൂനിവേഴ്സിറ്റി പല കാരണങ്ങളാൽ തുടർച്ചയായി വിവാദങ്ങളിൽപെട്ടിരുന്നു. നിശ്ചയിച്ച പരിധിക്ക് പുറത്തുള്ള വിദ്യാർഥികൾക്ക് കോഴ്സ് അഡ്മിഷൻ നൽകിയതുമായി ബന്ധപ്പെട്ട് സർവകലാശാലക്കെതിരെ മുമ്പ് യൂനിവേഴ്സിറ്റി ഗ്രാന്റ്സ് കമീഷൻ (യു.ജി.സി) നടപടിയെടുത്തിരുന്നു. പല കോഴ്സുകളും യു.ജി.സി റദ്ദാക്കി. പിന്നീട്, 2018ൽ 17 കോഴ്സുകൾക്ക് യു.ജി.സി അനുമതി നൽകുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

