ഹൃദയഭേദകം: നായുടെ കടിയേറ്റ കുഞ്ഞുമായി പോയ മാതാപിതാക്കളെ ഹെൽമറ്റ് ധരിക്കാത്തതിന് പൊലീസ് തടഞ്ഞു; ബൈക്കിൽനിന്ന് വീണ കുട്ടിയുടെ ദേഹത്ത് ലോറി കയറി ചതഞ്ഞു മരിച്ചു
text_fieldsമരിച്ച ഹൃതിക്ഷ. മൃതദേഹവുമായി വിലപിക്കുന്ന ദമ്പതികളും ബന്ധുക്കളും
ബംഗളൂരു: നായുടെ കടിയേറ്റ കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോവുകയായിരുന്ന ദമ്പതികൾ സഞ്ചരിച്ച മോട്ടോർ സൈക്കിൾ പൊലീസ് തടഞ്ഞതിനെത്തുടർന്ന് ദേഹത്ത് ലോറി കയറി കുട്ടി ചതഞ്ഞു മരിച്ചു. സംഭവത്തെ തുടർന്ന് മാണ്ഡ്യയിൽ സംഘർഷം. അമിത വേഗത്തിൽ വന്ന വാഹനം ബൈക്കിനരികിലൂടെ മറികടന്ന് പോയതോടെ തെറിച്ചു വീണ കുട്ടിയുടെ ദേഹത്ത് പിന്നാലെ വന്ന ലോറി കയറിയിറങ്ങുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് എ.എസ്.ഐമാരെ മാണ്ഡ്യ ജില്ല പൊലീസ് സൂപ്രണ്ട് മല്ലികാർജുൻ ബൽദണ്ടി സസ്പെൻഡ് ചെയ്തു.
മദ്ദൂർ താലൂക്കിലെ ഗ്രാമത്തിൽ നായ് കടിച്ചതിനെത്തുടർന്ന് ഹൃതിക്ഷയെ(നാല് )അടിയന്തര ചികിത്സക്കായി മാതാപിതാക്കൾ ഇരുചക്രവാഹനത്തിൽ മാണ്ഡ്യ നഗരത്തിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. ദമ്പതികളെ ഹെൽമെറ്റ് ധരിക്കാത്തതിന് ട്രാഫിക് പൊലീസ് ഏറെ നേരം തടഞ്ഞിട്ട് ചോദ്യം ചെയ്തു. ആൾക്കൂട്ടം ഇടപെട്ട് പൊലീസിനെതിരെ തിരിഞ്ഞു. ബൈക്ക് യാത്രക്കാരായ ദമ്പതികളെ വിട്ടയക്കാൻ പൊലീസ് സന്നദ്ധമായതിനിടെ അമിത വേഗത്തിൽ വന്ന വാഹനം ബൈക്കിന്റെ ഓരം ചേർന്നു കടന്നുപോയപ്പോൾ കുട്ടി തെറിച്ചു വീണു.
പിന്നിൽ നിന്ന് വന്ന ലോറി ഹൃതിക്ഷയുടെ ദേഹത്ത് കയറി. തലക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടി അമിത രക്തസ്രാവം മൂലം സംഭവസ്ഥലത്ത് തന്നെ മരിച്ചു. സംഭവത്തെത്തുടർന്ന് നീതി ആവശ്യപ്പെട്ട് ഇരയുടെ മാതാപിതാക്കളും പൊതുജനങ്ങളും കുട്ടിയുടെ മൃതദേഹവുമായി സ്ഥലത്ത് പ്രതിഷേധിച്ചു. മനുഷ്യത്വത്തത്തിന് വിലകൽപ്പിക്കാത്ത പൊലീസിനെതിരെ നാട്ടുകാർ കൂട്ടത്തോടെ പ്രതിഷേധിച്ചു.
മണിക്കൂറുകൾ ഗതാഗതക്കുരുക്കിന് ജനരോഷം ജനരോഷം വഴിവെച്ചു. മൂന്ന് പൊലീസ് ഓഫിസർമാരെ സസ്പെൻഡ് ചെയ്തതായി എസ്.പി അറിയിച്ചതിനെത്തുടർന്നാണ് ജനങ്ങൾ പിരിഞ്ഞു പോയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

