കാമ്പസുകളിലെ സാംസ്കാരികാധിനിവേശം പ്രതിരോധിക്കണം -പ്രൊഫ്കോൺ
text_fieldsമംഗളൂരു: വിസ്ഡം ഇസ്ലാമിക് സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ 29ാം ആഗോള പ്രഫഷനല്‍ വിദ്യാർഥി ത്രിദിന സമ്മേളനത്തിന് (പ്രൊഫ്കോൺ) മറോളിയിൽ തുടക്കം. സാംസ്കാരിക ജീര്‍ണതയുടെ മാലിന്യങ്ങളെ പുറംതള്ളാനുള്ള ഇടങ്ങളായി കാമ്പസുകളെ ഉപയോഗിക്കുന്നവര്‍ക്കെതിരെ വിദ്യാർഥികൾ പ്രതിരോധം തീര്‍ക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
മദ്യവും ലഹരിയും ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യത്തിന് വേണ്ടി മുറവിളി കൂട്ടുന്ന പ്രത്യയശാസ്ത്രങ്ങള്‍ക്കെതിരെ രക്ഷിതാക്കളും അധ്യാപകരും വിദ്യാലയ മേധാവികളും കരുതലെടുക്കണം. നിര്‍മിതബുദ്ധിയുടെ വിജ്ഞാന വിപ്ലവകാലത്തും അശ്ലീലതയുടെ ആലസ്യങ്ങളില്‍ വിദ്യാർഥികളെ തളച്ചിടാനുള്ള ശ്രമങ്ങളെ തിരിച്ചറിയണം. പ്രഫഷനലുകളുടെ കൊഴിഞ്ഞുപോക്കിന് തടയിടാന്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ അധികാരികള്‍ തയാറാകണം.
വിസ്ഡം ഇസ്ലാമിക് സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ മംഗളൂരുവിൽ സംഘടിപ്പിച്ച 29ാമത് പ്രൊഫ്കോണിൽ കർണാടക ആരോഗ്യ കുടുംബ ക്ഷേമ മന്ത്രി ദിനേശ് ഗുണ്ടു റാവു സംസാരിക്കുന്നു
സമ്മേളനം ആസ്പെയർ കോളജ് ഓഫ് എക്സലൻസ് സി.ഇ.ഒയും സ്ഥാപകനുമായ ശൈഖ് അബ്ദുസ്സലാം മദനി ഉദ്ഘാടനം ചെയ്തു. വിസ്ഡം സ്റ്റുഡന്റ്സ് സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ഷഹ്ബാസ് കെ. അബ്ബാസ് അധ്യക്ഷത വഹിച്ചു. കർണാടക ആരോഗ്യ കുടുംബ ക്ഷേമ മന്ത്രി ദിനേശ് ഗുണ്ടു റാവു മുഖ്യാതിഥിയായി.
വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ വൈസ് പ്രസിഡന്റ് ശരീഫ് ഏലാങ്കോട്, വിസ്ഡം യൂത്ത് സംസ്ഥാന ട്രഷറർ ഡോ. അൻഫസ് മുക്രം, വിസ്ഡം സ്റ്റുഡന്റ്സ് സംസ്ഥാന സെക്രട്ടറിമാരായ ഇ. സുജൈദ്, കെ.എം. ഷാമിൽ, വിസ്ഡം കാസർകോട് ജില്ല പ്രസിഡന്റ് ബഷീർ കൊമ്പനടുക്കം, കർണാടക സലഫി അസോസിയേഷൻ ട്രഷറർ സയ്യിദ് ഷാസ് എന്നിവർ സംസാരിച്ചു.
രാത്രി നടന്ന ‘സർവൈവിങ് എ ഷെയ്ക്കൻ വേൾഡ്’ പാനൽ ചർച്ചയിൽ സി.പി. സലീം, കോഴിക്കോട് ഗവ. ലോ കോളജ് വിദ്യാർഥി പി.ഒ. ഫസീഹ്, ഹൈദരാബാദ് സെൻട്രൽ യൂനിവേഴ്സിറ്റി പൂർവ വിദ്യാർഥി ഷിയാദ് ഹസ്സൻ, പെരിന്തൽമണ്ണ എം.ഇ.എസ് മെഡിക്കൽ കോളജ് വിദ്യാർഥി സി.പി. ഹിലാൽ സലീം എന്നിവർ സംസാരിച്ചു.
ശനിയാഴ്ച നടക്കുന്ന സമ്മേളനത്തിൽ മുൻ ദേശീയ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ എസ്.വൈ. ഖുറൈശി, കേരള നിയമസഭാംഗങ്ങളായ എൻ.എ. നെല്ലിക്കുന്ന്, എ.കെ.എം. അഷ്റഫ്, യെനപ്പോയ യൂനിവേഴ്സിറ്റി പ്രോ ചാൻസലർ മുഹമ്മദ് ഫർഹാദ് തുടങ്ങി പ്രമുഖർ പങ്കെടുക്കും.
ഷീ സ്പേസ് സിമ്പോസിയത്തിന് വിസ്ഡം വിമൻ സംസ്ഥാന അധ്യക്ഷ ഡോ. സി. റസീല, വിസ്ഡം ഗേൾസ് സംസ്ഥാന അധ്യക്ഷ ടി.കെ. ഹനീന എന്നിവർ നേതൃത്വം നൽകും. ‘ടാക്ലിങ് മോഡേൺ അഡിക്ഷൻസ്’ ശിൽപശാലയിൽ ശൈഖ് അബ്ദുസ്സലാം മദനി, ശഫീഖ് ബിൻ റഹീം എന്നിവർ പ്രബന്ധം അവതരിപ്പിക്കും. സമ്മേളനം ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കും.
‘എക്കോസ് ഓഫ് അൽ ഖുദ്സ്; ദ ഫലസ്തീൻ സ്റ്റോറി’ എന്ന സെഷനിൽ ജിയോപൊളിറ്റിക്കൽ അനലിസ്റ്റും കോഴിക്കോട് ഗവ. ആർട്സ് ആൻഡ് സയൻസ് കോളജ് ചരിത്ര വിഭാഗം പ്രഫസറുമായ ഡോ. പി.ജെ. വിൻസന്റ്, ഡോ. സി.പി. അബ്ദുല്ല ബാസിൽ എന്നിവർ നയിക്കുന്ന പ്രത്യേക ശിൽപശാലയും ഒരുക്കിയിട്ടുണ്ട്. സമ്മേളനം നാളെ സമാപിക്കും.
ഇന്ന് സമകാലിക ചർച്ച
പ്രൊഫ്കോൺ വേദിയിലെ ശനിയാഴ്ചയിലെ പ്രധാന ആകർഷണം വൈകീട്ട് പ്രധാന വേദിയിൽ നടക്കുന്ന സമകാലിക ചർച്ചയാണ്. മുൻ ദേശീയ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഡോ. എസ്.വൈ. ഖുറൈശി മുഖ്യാതിഥിയാവും.
‘വെൻ ദി റിജിം ഫെയിത്സ്, ദി പീപ്പിൾ’എന്ന തലക്കെട്ടിൽ നടക്കുന്ന ചർച്ചയിൽ എം.എസ്.എഫ് ദേശീയ കമ്മിറ്റി പ്രസിഡന്റ് പി.വി അഹമ്മദ് സാജു, എസ്.എഫ്.ഐ കേരള സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ്, യൂത്ത് കോൺഗ്രസിനെ പ്രതിനിധീകരിച്ച് ഡോ. ജിന്റോ ജോൺ എന്നിവർ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

