26ാമത് ബംഗളൂരു ടെക് സമ്മിറ്റിന് പ്രൗഢ തുടക്കം; പരിഷ്കരിച്ച ബയോടെക്നോളജി നയം കൊണ്ടുവരും -മുഖ്യമന്ത്രി
text_fieldsടെക് സമ്മിറ്റ് നഗരിയിൽനിന്നുള്ള ദൃശ്യം
ബംഗളുരു: ജൈവ സാങ്കേതിക രംഗത്ത് പരിഷ്കരിച്ച നയം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ബംഗളൂരു പാലസിൽ ബുധനാഴ്ച ആരംഭിച്ച 26ാമത് ബംഗളൂരു ടെക് സമ്മിറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഏറെ പ്രതിസന്ധികളിലൂടെ നീങ്ങുന്ന ബയോടെക്നോളജി വിഭാഗത്തിന്റെ വളർച്ച ത്വരിതഗതിയിലാക്കാൻ കർണാടക സർക്കാറിന്റെ പ്രതിബദ്ധത പരിഷ്കരിച്ച ബയോടെക് പോളിസിയിൽ പ്രകടമാവുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആനിമേഷൻ, വിഷ്വൽ ഇഫക്ട്സ് പോലുള്ള രംഗത്തിന്റെ പ്രാധാന്യം മനസ്സിലാക്കുന്നുവെന്നും ആനിമേഷൻ, വിഷ്വൽ ഇഫക്ട്സ്, ഗെയിമിങ്, കോമിക്സ്, എക്സ്റ്റൻഡഡ് റിയാലിറ്റി എന്നിവയിൽ പുതിയ നയം കൊണ്ടുവരാനുള്ള തയാറെടുപ്പിലാണ് കർണാടക സർക്കാറെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കർണാടകയിൽ 5,400 ഐ.ടി-ഐ.ടി ഇതര കമ്പനികളും 750ഓളം മൾട്ടി നാഷനൽ കോർപറേഷനുകളും പ്രവർത്തിക്കുന്നുണ്ട്. ഐ.ടി മേഖലയിൽ 12 ലക്ഷം പേർ നേരിട്ടും 31 ലക്ഷം പേർ പരോക്ഷമായും ജോലി ചെയ്യുന്ന ബംഗളൂരുവിൽനിന്നാണ് രാജ്യത്തിന് 85 ബില്യൺ യു.എസ് ഡോളറിന്റെ കയറ്റുമതി വരുമാനം നൽകുന്നത്.
ബംഗളൂരു പാലസിൽ നടക്കുന്ന ബംഗളൂരു ടെക് സമ്മിറ്റിൽ ചന്ദ്രയാൻ-മൂന്ന് പ്രദർശന നഗരിയിൽനിന്ന്
രാജ്യത്തെ സോഫ്റ്റ്വെയർ കയറ്റുമതിയുടെ 40 ശതമാനവും ബംഗളൂരുവിൽനിന്നാണ്. നിക്ഷേപകരെ ആകർഷിക്കാൻ തടസ്സങ്ങളില്ലാത്ത ഇക്കോസിസ്റ്റമാണ് കർണാടക പ്രദാനം ചെയ്യുന്നതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ബ്രേക്കിങ് ബൗണ്ടറീസ് എന്ന തലക്കെട്ടിൽ നടക്കുന്ന ബംഗളൂരു ടെക് സമ്മിറ്റ് വെള്ളിയാഴ്ച സമാപിക്കും. 30ലധികം രാജ്യങ്ങളിൽനിന്നുള്ള നിക്ഷേപകരും സ്റ്റാർട്ടപ്പുകളും ടെക്നോളജി മേഖലയിലെ നേതാക്കളും വിവിധ സെഷനുകളിലായി പങ്കെടുക്കുന്നുണ്ട്. നൂറോളം സ്റ്റാളുകൾക്ക് പുറമെ, സ്റ്റാർട്ടപ്പുകളുടെ പ്രത്യേക പവിലിയനും ചന്ദ്രയാൻ-മൂന്ന് പദ്ധതിയുടെ പ്രത്യേക പ്രദർശനവും ഒരുക്കിയിട്ടുണ്ട്.
ഉദ്ഘാടന ചടങ്ങിൽ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, ഐ.ടി-ബി.ടി മന്ത്രി പ്രിയങ്ക് ഖാർഗെ, മറ്റു മന്ത്രിമാരായ എം.ബി. പാട്ടീൽ, എൻ.എസ്. ബൊസെരാജു, വിശിഷ്ടാതിഥികളായി കസാഖ്സ്താൻ ഡിജിറ്റൽ മന്ത്രി ബഗ്ദത്ത് ഹുസൈൻ, ഫിൻലൻഡ് ശാസ്ത്ര-സാംസ്കാരിക മന്ത്രി സരി മുൾതാല, ജർമൻ ഡിജിറ്റൽ അഫയേഴ്സ് മന്ത്രി വോൾകർ വിസ്സിങ്, എ.എം.ഡി എക്സി. വൈസ് പ്രസിഡന്റ് മാർക്ക് പേപർമാസ്റ്റർ, വിപ്രോ എക്സി. ചെയർമാൻ റിഷാദ് പ്രേംജി.
ചീഫ് സെക്രട്ടറി വന്ദിത ശർമ, ഇൻവെസ്റ്റ് ഇന്ത്യ സി.ഇ.ഒ നജവൃതി റായ്, സോഫ്റ്റ് വെയർ ടെക്നോളജി പാർക്സ് ഡയറക്ടർ ജനറൽ അരവിന്ദ് കുമാർ, ബയോകോൺ ലിമിറ്റഡ് എക്സി. ചെയർപേഴ്സൻ കിരൺ മജുംദാർ ഷോ, ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ, സ്റ്റാർട്ടപ്സ് വിഷൻ ഗ്രൂപ് ചെയർമാൻ പ്രശാന്ത് പ്രകാശ് തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

