പട്ടികജാതി-വർഗക്കാർക്കെതിരായ 2593 അതിക്രമ കേസുകളിൽ തീരുമാനമായില്ല
text_fieldsDepartment of Social Welfare, Karnataka
ബംഗളൂരു: സംസ്ഥാനത്തെ 11 പ്രത്യേക കോടതികൾക്ക് മുമ്പാകെ പട്ടികജാതി-പട്ടികവർഗക്കാർക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട് 2,593 കേസുകൾ കെട്ടിക്കിടക്കുന്നു. തുമകൂരു ജില്ലയിലാണ് ഏറ്റവും കൂടുതൽ കേസുകൾ കെട്ടിക്കിടക്കുന്നത്; 407 കേസുകൾ. 346 കേസുകളുമായി ബെളഗാവിയാണ് രണ്ടാം സ്ഥാനത്ത്. തൊട്ടുപിന്നിൽ യാദ്ഗിർ-274. ഈ വർഷം പ്രത്യേക കോടതികളിലെത്തിയ ആകെ 2,904 കേസുകളിൽ 311 കേസുകൾ തീർപ്പാക്കി. ശിക്ഷാ നിരക്ക് 11ശതമാനം ആണെന്ന് സാമൂഹിക ക്ഷേമ വകുപ്പിന്റെ രേഖ പറയുന്നു. എസ്.സി/എസ്.ടി വിജിലൻസ് കമ്മിറ്റി യോഗത്തിൽ അന്വേഷണം വേഗത്തിൽ നടത്തി നീതി എത്രയും വേഗം ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അഭിപ്രായപ്പെട്ടു.
1989ലെ എസ്.സി, എസ്.ടി വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങൾ തടയൽ നിയമ പ്രകാരമാണ് ഈ പ്രത്യേക കോടതികൾ സ്ഥാപിച്ചത്. ഇവ അതിക്രമ കേസുകൾ മാത്രമേ കൈകാര്യം ചെയ്യുന്നുള്ളൂ. മൈസൂരു, ബെളഗാവി, തുമകൂരു, യാദ്ഗിർ, വിജയപുര, റായ്ച്ചൂർ, കോലാർ, കലബുറഗി, ബംഗളൂരു സൗത്ത് (രാമനഗര), ശിവമൊഗ്ഗ, ബാഗൽകോട്ട് എന്നീ 11 ജില്ലകളിലാണ് ഇത്തരം പ്രത്യേക കോടതികൾ സ്ഥാപിച്ചിരിക്കുന്നത്. മൈസൂരു, യാദ്ഗിർ, ബംഗളൂരു സൗത്ത് എന്നീ മൂന്ന് ജില്ലകളിൽ ഒരു ശിക്ഷയും ലഭിച്ചിട്ടില്ല.പട്ടികവർഗ അതിക്രമ കേസുകൾ ഈ നിയുക്ത കോടതികൾക്ക് മുന്നിലാണ് വരുന്നത്. അതേസമയം മറ്റ് ജില്ലകളിലെ വ്യത്യസ്ത കോടതികളാണ് അവ പരിഗണിക്കുന്നത്.
സംസ്ഥാനത്തെ എല്ലാ കോടതികളിലുമായി ആകെ 6,761 കേസുകൾ കെട്ടിക്കിടക്കുന്നുണ്ട്. മറ്റ് ജില്ലകളിലും പ്രത്യേക കോടതികൾ സ്ഥാപിക്കാനുള്ള നിർദേശം നിലവിലുണ്ടെന്നും ഈ നിർദേശം ഹൈകോടതിയുടെ പരിഗണനയിലാണെന്നും സാമൂഹിക ക്ഷേമ വകുപ്പ് വൃത്തങ്ങൾ അറിയിച്ചു. ഈ വർഷം സംസ്ഥാനത്ത് പട്ടികജാതി/പട്ടികവർഗക്കാർക്കെതിരെ 50 കൊലപാതക കേസുകളും 90 ബലാത്സംഗ കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതുവരെ 35 കൊലപാതക കേസുകളിലും 55 ബലാത്സംഗ കേസുകളിലും കുറ്റപത്രം സമർപ്പിച്ചു.
സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, ഈ വർഷം എസ്.സി/എസ്.ടി വിഭാഗക്കാർക്കെതിരായ ബലാത്സംഗ കേസുകളിൽ വർധനവുണ്ടായിട്ടുണ്ട്. 2023ൽ 99 ഉം 2024ൽ 114 ഉം ബലാത്സംഗ കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ, 2025ലെ ആദ്യ ഏഴ് മാസങ്ങളിൽ (ജൂലൈ 31 വരെ) 90 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. 55 കേസുകളിൽ കുറ്റപത്രം സമർപ്പിച്ചെങ്കിലും 28 കേസുകളിൽ അന്വേഷണം പുരോഗമിക്കുകയാണ്. 50 കൊലപാതക കേസുകളിൽ 35 എണ്ണത്തിൽ കുറ്റപത്രം സമർപ്പിച്ചു. ബാക്കിയുള്ളവയിൽ അന്വേഷണം പുരോഗമിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

