കരിമ്പട്ടികയിലുള്ള കമ്പനിക്ക് 25.15 കോടിയുടെ മരുന്നു വിതരണത്തിന് ടെൻഡർ
text_fieldsബംഗളൂരു: കരിമ്പട്ടികയിൽ ഉൾപ്പെട്ട കമ്പനിക്ക് 25.15 കോടിയുടെ മരുന്നു വിതരണത്തിന് ടെൻഡർ. കർണാടക സ്റ്റേറ്റ് മെഡിക്കൽ സൈപ്ലസ് കോർപറേഷൻ ലിമിറ്റഡ് (കെ.എസ്.എം.എസ്.സി.എൽ) ആണ് ടെൻഡർ നൽകിയത്.വിവിധ സംസ്ഥാനങ്ങളിൽ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയ ‘യൂനിക്യുർ ലിമിറ്റഡ്’ എന്ന കമ്പനിക്കാണ് കർണാടകയിൽ ടെൻഡർ ലഭിച്ചത്.
രാജസ്ഥാൻ, ഛത്തിസ്ഗഢ്, മധ്യപ്രദേശ്, ഉത്തർപ്രദേശ്, കേരളം എന്നീ സംസ്ഥാനങ്ങളിൽ കരിമ്പട്ടികയിൽ ഉൾപ്പെട്ട കമ്പനിയാണിത്. 30 മരുന്നുകൾ വിതരണം ചെയ്യാനാണ് 25.15 കോടിയുടെ ടെൻഡർ നൽകിയത്.ഗുണനിലവാരമില്ലാത്ത മരുന്നുകൾ നൽകുകയും മരുന്നുകൾ വിതരണം ചെയ്യുന്നതിൽ വീഴ്ച വരുത്തുകയും ചെയ്തതിനെ തുടർന്നാണ് ഈ കമ്പനിക്ക് വിവിധ സംസ്ഥാനങ്ങൾ വിലക്കേർപ്പെടുത്തിയത്.
മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവ വിതരണം ചെയ്യാൻ 2022ലും കെ.എസ്.എം.എസ്.സി.എൽ ഈ കമ്പനിക്ക് 45 കോടിയുടെ ടെൻഡർ നൽകിയിരുന്നു. എന്നാൽ, ജൂണിൽ മുഖ്യമന്ത്രിക്ക് പരാതികൾ ലഭിച്ചതോടെ നടപടി റദ്ദാക്കുകയായിരുന്നു.