ഇ.എൽ.ഐ പദ്ധതിയിൽ ജില്ലയിൽ 25,000 തൊഴിലവസരങ്ങൾ -ഇ.പി.എഫ് കമ്മീഷണർ
text_fieldsരാജിബ് മുഖർജി
മംഗളൂരു: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇ.പി.എഫ്.ഒ) വഴി കേന്ദ്ര സർക്കാർ ആരംഭിച്ച എംപ്ലോയ്മെന്റ് ലിങ്ക്ഡ് ഇൻസെന്റീവ് (ഇ.എൽ.ഐ) പദ്ധതിയിൽ ദക്ഷിണ കന്നട ജില്ലയിൽ 25,000 വരെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി റീജിയണൽ കമ്മീഷണർ രാജിബ് മുഖർജി അറിയിച്ചു. ജില്ലയിലെ 2,500 മുതൽ 3,000 വരെ സ്ഥാപനങ്ങളിൽ പദ്ധതി എത്തിക്കുകയാണ് ലക്ഷ്യമെന്ന് വാർത്ത സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
പ്രത്യേകിച്ച് നിർമാണ മേഖലയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും സാമൂഹിക സുരക്ഷ വർധിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന പദ്ധതിയുടെ പ്രചാരണത്തിനായി ബോധവൽക്കരണ ക്യാമ്പുകൾ നടത്തിവരികയാണ്. തൊഴിലുടമകൾക്കും ജീവനക്കാർക്കും ഒരുപോലെ ആനുകൂല്യങ്ങൾ നൽകുന്ന പദ്ധതിയാണിത്. ആദ്യമായി ജോലി അന്വേഷിക്കുന്നവർക്ക് സർക്കാർ രണ്ട് ഗഡുക്കളായി 15,000 രൂപ വരെ ഇ.പി.എഫ് വേതന പിന്തുണ നൽകും. പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന തൊഴിലുടമകൾക്ക് രണ്ട് വർഷത്തേക്ക് ആനുകൂല്യങ്ങൾ ലഭിക്കും.
പദ്ധതി പ്രകാരമുള്ള അധിക ആനുകൂല്യങ്ങൾ നിർമ്മാണ മേഖലയിലേക്ക് രണ്ട് വർഷത്തേക്ക് കൂടി വ്യാപിപ്പിക്കുമെന്ന് മുഖർജി കൂട്ടിച്ചേർത്തു. 2024–25 കേന്ദ്ര ബജറ്റിൽ പ്രധാനമന്ത്രിയുടെ അഞ്ച് പദ്ധതികളുടെ പാക്കേജിന്റെ ഭാഗമായാണ് ഇ.എൽ.ഐ പദ്ധതി പ്രഖ്യാപിച്ചത്. രണ്ട് വർഷത്തിനുള്ളിൽ 3.5 കോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയെന്നതാണ് ഇതിന്റെ ലക്ഷ്യം. 2025 ആഗസ്റ്റ് ഒന്നിനും 2027 ജൂലൈ 31നും ഇടയിൽ സൃഷ്ടിക്കപ്പെടുന്ന ജോലികൾക്ക് ഈ പദ്ധതിയുടെ ആനുകൂല്യങ്ങൾ ബാധകമാകും. ലക്ഷം രൂപ വരെ പ്രതിമാസ ശമ്പളമുള്ള ജീവനക്കാർക്ക് ഈ പദ്ധതിയിൽ ചേരാൻ അർഹതയുണ്ട്.
ഈ പരിധിക്കുള്ളിൽ ശമ്പളം ലഭിക്കുന്ന ജീവനക്കാരുള്ള തൊഴിലുടമകൾക്ക് ഇൻസെന്റീവുകൾക്ക് അർഹതയുണ്ട്. കുറഞ്ഞത് ആറ് മാസമെങ്കിലും ജോലി നിലനിർത്തിയാൽ രണ്ട് വർഷത്തേക്ക് ഒരു പുതിയ ജീവനക്കാരന് പ്രതിമാസം 3,000 രൂപ വരെ തൊഴിലുടമകൾക്ക് സർക്കാർ വാഗ്ദാനം ചെയ്യും. നിർമ്മാണ മേഖലയിൽ ഇൻസെന്റീവുകൾ മൂന്നാമത്തെയും നാലാമത്തെയും വർഷത്തേക്ക് കൂടി ദീർഘിപ്പിക്കും. വാർത്ത സമ്മേളനത്തിൽ ഇ.പി.എഫ്.ഒ ഉദ്യോഗസ്ഥരായ യു പാണ്ഡുരംഗ കിനി, നാഗേന്ദ്ര ബാബു ഗുട്ടി, ബെന്നി ലോബോ, അനിത ആർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

