23 താലൂക്കുകൾ കൂടി വരൾച്ച ബാധിതമായി പ്രഖ്യാപിച്ചു
text_fieldsബംഗളൂരു: 23 താലൂക്കുകൾ കൂടി വരൾച്ചബാധിതമായി കർണാടക സർക്കാർ പ്രഖ്യാപിച്ചു. ഇതോടെ സംസ്ഥാനത്തെ വരൾച്ച ബാധിത താലൂക്കുകളുടെ എണ്ണം 124 ആയി.
ഇതു സംബന്ധിച്ച ഉത്തരവ് റവന്യൂ വകുപ്പ് വ്യാഴാഴ്ച പുറപ്പെടുവിച്ചു. എസ്.എൻ.ഡി.എം.സി സമർപ്പിച്ച സമഗ്ര റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രഖ്യാപനം. ഇതില്‍ 21 എണ്ണം കടുത്ത വരൾച്ച ബാധിത പ്രദേശങ്ങളായും രണ്ടെണ്ണം മിതമായ വരൾച്ച ബാധിത പ്രദേശങ്ങളായും രേഖപ്പെടുത്തി. കടുത്ത വരൾച്ച ബാധിച്ച 21 താലൂക്കുകൾ തുമകുരു ജില്ലയിലെ തിപ്ത്തൂർ, കൊപ്പളിലെ കാരടഗി, റായ്ച്ചൂരിലെ മാൻവി, സിന്ധനൂർ, സിർവാർ, കലബുറഗിയിലെ അഫ്സൽപുർ, അലന്ദ്, ചിറ്റാപുർ, കലബുറഗി, യാദ്രമി, ഷഹാബാദ്, ബിദറിൽ ഭാൽക്കി, വിജയപുരയിലെ ബസവന ബാഗേവാഡി, ബബലേശ്വർ, ടിക്കോട്ട, ഹാവേരിയിലെ രട്ടിഹള്ളി, ധാർവാഡിലെ ഹുബ്ബള്ളി, നവൽഗുണ്ട്, ഹുബ്ബള്ളി സിറ്റി, ആനിഗേരി, ചിക്കമംഗളൂരുവിലെ കടൂര്‍ എന്നിവയാണ്.
കുടക് ജില്ലയിലെ പൊന്നംപേട്ട്, വിരാജ്പേട്ട് എന്നിവയാണ് മിതമായ വരൾച്ച ബാധിത താലൂക്കുകൾ. സംസ്ഥാന ദുരന്ത നിവാരണ നിധിയുടെ മാർഗനിർദേശങ്ങൾക്കനുസൃതമായി ആവശ്യമായ ദുരിതാശ്വാസ നടപടികൾ സ്വീകരിക്കാൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റികളുടെ തലവനായ അതത് ഡെപ്യൂട്ടി കമീഷണർമാരെ സർക്കാർ നിയോഗിച്ചിട്ടുണ്ട്.
കൃഷിവകുപ്പ് കമീഷണർ, ഹോർട്ടികൾചർ ഡയറക്ടർ, ബന്ധപ്പെട്ട ഡെപ്യൂട്ടി കമീഷണർമാർ എന്നിവർ സംയുക്തമായി വിളനാശ സർവേകൾ നടത്തി ദുരിതാശ്വാസ വിലയിരുത്തൽ റിപ്പോർട്ടുകൾ എത്രയും വേഗം സർക്കാറിന് സമർപ്പിക്കാൻ നിർദേശിച്ചു.
സെപ്റ്റംബറിൽ സാധാരണയിലും താഴെ മഴ ലഭിക്കുമെന്നാണ് പ്രവചനങ്ങൾ സൂചിപ്പിക്കുന്നത്. അതിനാൽ കെ.എസ്.എൻ.ഡി.എം.സി എല്ലാ ആഴ്ചയും വരൾച്ച സാഹചര്യം അവലോകനം ചെയ്യുകയും ഇതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ താലൂക്കുകളെ വരൾച്ച ബാധിതമായി ഘട്ടം ഘട്ടമായി പ്രഖ്യാപിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

