അൽമാട്ടി അണക്കെട്ടിന്റെ ഉയരം വർധിപ്പിക്കുന്നതിന് 1.33 ലക്ഷം ഏക്കർ ഭൂമി ഏറ്റെടുക്കും
text_fieldsഅൽമാട്ടി അണക്കെട്ട്
ബംഗളൂരു: അപ്പര്‍ കൃഷ്ണ പദ്ധതി(യു.കെ.പി) ഫേസ് 3 നടപ്പാക്കാന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ ചേര്‍ന്ന പ്രത്യേക മന്ത്രിസഭ യോഗം തീരുമാനിച്ചു. പദ്ധതിക്കായി 1.33 ലക്ഷം ഏക്കര്‍ ഭൂമിയാണ് ആവശ്യമുള്ളത്. അല്‍മാട്ടി ഡാമിന്റെ ഉയരം 519.6 മീറ്ററില്‍നിന്നും 524.256 മീറ്ററായി ഉയര്‍ത്തുന്നതാണ് പദ്ധതി. ഇതോടെ ഡാമിന്റെ സംഭരണ ശേഷി 100 ടി.എം.സി.എഫ്.ടി വര്‍ധിക്കുകയും 5.94 ലക്ഷം ഹെക്ടര്‍ സ്ഥലത്ത് ജലസേചനം സാധ്യമാകുകയും ചെയ്യും.
കര്‍ണാടകയിലെ വന്‍കിട ജലസേചന പദ്ധതികളില്‍ ഒന്നായ അപ്പര്‍ കൃഷ്ണ പദ്ധതി ഫേസ്-3ന് ഏകദേശം 70,000 കോടി രൂപ ചെലവ് വരും. നിലവില്‍ അല്‍മാട്ടി അണക്കെട്ടിന്റെ സംഭരണ ശേഷി 123.08 എം.സി.എഫ്.ടിയാണ്. മന്ത്രിസഭയുടെ തീരുമാനം ചരിത്രപരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൃഷ്ണ ജലത്തിന്റെ വിഹിതം ഉപയോഗപ്പെടുത്തുന്നതിനായി അൽമാട്ടി അണക്കെട്ടിന്റെ ഉയരം ഉയർത്താൻ കർണാടകക്ക് അനുമതി നൽകുന്ന കൃഷ്ണ ട്രൈബ്യൂണല്‍-2 വിധിക്കായുള്ള ഗെസറ്റ് വിജ്ഞാപനം പുറപ്പെടുവിക്കണമെന്ന് കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
പദ്ധതിക്ക് 1,33,867 ഏക്കർ സ്ഥലം ആവശ്യമാണ്. അതിൽ 75,563 ഏക്കർ മുങ്ങിപ്പോകും. 51,837 ഏക്കർ കനാലുകളുടെ നിർമാണത്തിനും 6,469 ഏക്കർ പുനരധിവാസത്തിനും വേണ്ടിവരും. ബാഗൽകോട്ട് പട്ടണത്തിലെ 20 ഗ്രാമങ്ങളും 11 വാർഡുകളും മുങ്ങിപ്പോകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പദ്ധതിക്കായി കര്‍ഷകരുടെ ഭൂമി ഏറ്റെടുക്കുമ്പോള്‍ ജലസേചന സൗകര്യമുള്ള ഭൂമിക്ക് ഏക്കറിന് 40 ലക്ഷം രൂപയും അല്ലാത്തവക്ക് ഏക്കറിന് 30 ലക്ഷം രൂപയും നഷ്ടപരിഹാരം നൽകും.
കനാലുകൾക്കുവേണ്ടി ഏറ്റെടുക്കുന്ന ഭൂമിയില്‍ ജലസേചന സൗകര്യമുള്ള ഭൂമിക്ക് ഏക്കറിന് 30 ലക്ഷം രൂപയും അല്ലാത്തവക്ക് 25 ലക്ഷം രൂപയും നഷ്ടപരിഹാരം ലഭിക്കും. ഭൂമി വിട്ടു നൽകുന്ന കര്‍ഷകരോട് കൂടിയാലോചിച്ചശേഷമാണ് നഷ്ടപരിഹാര തുക നിശ്ചയിച്ചത്. കൃഷ്ണ ട്രൈബ്യൂണല്‍ വിധി പ്രഖ്യാപനം വന്നിട്ട് 12 വര്‍ഷമായി. കേന്ദ്രം ഇതുവരെ ഗെസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടില്ല. കനാല്‍ നിർമാണ പ്രവൃത്തികള്‍ ആരംഭിച്ചു കഴിഞ്ഞെന്നും വിജ്ഞാപനം പദ്ധതിയുടെ പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
മഹാരാഷ്ട്ര, ആന്ധ്രപ്രദേശ് സര്‍ക്കാറുകളുടെ സമ്മര്‍ദം മൂലം സംസ്ഥാന പ്രതിനിധികളുമായുള്ള ചര്‍ച്ച കേന്ദ്ര മന്ത്രി സി.ആര്. പാട്ടീല്‍ രണ്ടുതവണ മാറ്റിവെച്ചുവെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ പറഞ്ഞു. അയല്‍ സംസ്ഥാനങ്ങളായ ആന്ധ്രപ്രദേശ്, തെലങ്കാന എന്നിവക്കു പദ്ധതി പ്രയോജനകരമാവും എന്നതിനാല്‍ കര്‍ണാടകയുടെ തീരുമാനം അംഗീകരിക്കുമെന്ന് പ്രത്യാശിക്കുന്നതായും കടലിലേക്ക് ഒഴുക്കുന്ന ജലം മാത്രമാണ് ഉപയോഗിക്കുന്നതെന്നും ഗെസറ്റ് വിജ്ഞാപനം മാത്രമാണ് ബാക്കിയുള്ളതെന്നും ഉപമുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
അൽമാട്ടി അണക്കെട്ടിന്റെ ഉയരം കൂട്ടുന്നതിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ് നാവിസ് നേരത്തെ വ്യക്തമാക്കിയിരുന്നു. രാഷ്ട്രീയമായി തന്നെ ഇതിനെ കൈകാര്യം ചെയ്യുമെന്നും ഇപ്പോള്‍ വിഷയം ചര്‍ച്ച ചെയ്യുന്നില്ലെന്നും ഉപമുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

