പുല്ലുപോലെ വെട്ടിത്തള്ളി 12 വൻമരങ്ങൾ; ഹൈകോടതി ഉത്തരവിന് പുല്ലുവില
text_fieldsബംഗളൂരു: ഹൈകോടതി ഉത്തരവ് അവഗണിച്ച് ബൃഹത് ബംഗളൂരു നഗരപാലികെ (ബി.ബി.എം.പി) നഗരത്തിലെ മരങ്ങൾ വെട്ടിമാറ്റി. 12 വൻമരങ്ങളാണ് മുറിച്ചത്. ഇവയിൽ പലതിനും 100 വർഷങ്ങളോളം പഴക്കമുണ്ട്. ഹൊസകെറെഹള്ളി തടാകഭാഗത്തെ മരങ്ങളാണ് റോഡ് നവീകരണത്തിന്റെ ഭാഗമായി മുറിച്ചത്. പൊതുപദ്ധതികൾക്കായുള്ള പ്രവൃത്തികൾക്ക് വേണ്ടി മരങ്ങൾ മുറിക്കുമ്പോൾ പാലിക്കേണ്ട നടപടികൾ ബി.ബി.എം.പി ആർ.ആർ. നഗർ ഡിവിഷൻ അധികൃതർ പാലിച്ചിട്ടില്ല. മരങ്ങൾ മുറിക്കും മുമ്പേ പൊതുജനങ്ങൾക്കായുള്ള അറിയിപ്പ് പുറത്തിറക്കണം. ബി.ബി.എം.ബി വെബ്സൈറ്റിലും പത്രങ്ങളിലും ഇക്കാര്യം പ്രസിദ്ധീകരിക്കണം. എന്നാൽ ഈ നിർദേശങ്ങളൊന്നും പാലിച്ചിട്ടില്ല. ബി.ബി.എം.പിയുടെ വനംവകുപ്പിന്റെ മുതിർന്ന ഉദ്യോഗസ്ഥർ പോലും മരംമുറിക്കുന്ന വിവരം അറിഞ്ഞിട്ടില്ല. 12 മരങ്ങളിൽ ഒന്ന് ആലാണ്.
രണ്ടോ മൂന്നോ ആളുകൾ ചേർത്ത് പിടിച്ചാൽ മാത്രം കൂട്ടിപ്പിടിക്കാൻ പറ്റുന്ന അത്രയും വണ്ണമുള്ള മരങ്ങളാണ് മുറിച്ചവയിൽ ചിലതെന്ന് പ്രദേശവാസിയായ രവിനാരായൺ പറയുന്നു. അധികൃതരുടേത് ക്രൂരമായ നടപടിയാണ്. എൻജിനീയർമാർ, കരാറുകാർ എന്നിവർക്കെതിരെ നടപടിയെടുക്കാൻ കോടതി ഉത്തരവിടണം -അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം, കരാറുകാരൻ മരം മുറിക്കുന്ന നടപടികൾക്കായി എത്തിയപ്പോൾ മുതിർന്ന വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് പ്രദേശവാസികൾ നിരന്തരം ഫോൺ ചെയ്യുകയും സന്ദേശം അയക്കുകയും ചെയ്തിരുന്നു. എന്നാൽ, ആരും പ്രതികരിച്ചില്ലെന്നും ആരോപണമുണ്ട്. അതേസമയം, റീജനൽ ഫോറസ്റ്റ് ഓഫിസർ (ആർ.എഫ്.ഒ) ആണ് മരം മുറിച്ചതെന്ന് ബി.ബി.എം.പി ആർ.ആർ. നഗർ ചീഫ് എൻജിനീയർ വിജയ്കുമാർ പറഞ്ഞു. എന്നാൽ, തങ്ങൾ അനുമതി നൽകിയിട്ടില്ലെന്നാണ് വനംവകുപ്പ് അധികൃതരുടെ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

