11,136 ശുചീകരണ തൊഴിലാളികളെ സ്ഥിരപ്പെടുത്തുന്നു
text_fieldsവിവിധ ആവശ്യങ്ങളുന്നയിച്ച് ബംഗളൂരുവിലെ ശുചീകരണ തൊഴിലാളികൾ സമരം നടത്തുന്നു (ഫയൽ ചിത്രം)
ബംഗളൂരു: ബംഗളൂരുവിലെ 11,136 ശുചീകരണ തൊഴിലാളികളായ 'പൗരകർമികരെ' സ്ഥിരപ്പെടുത്താൻ സംസ്ഥാന സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചതായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു.
ശുചീകരണ തൊഴിലാളികളുടെ പ്രശ്നം പഠിക്കാൻ രൂപവത്കരിച്ച സമിതിയുടെ ശിപാർശ പ്രകാരമാണിത്. ബ്യാട്ടരായനപുര മണ്ഡലത്തിലെ അംബേദ്കർ ഭവൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
ശുചീകരണ തൊഴിലാളികളുടെ റിസ്ക് ഫണ്ട് ഉയർത്തിയിട്ടുമുണ്ട്. ബംഗളൂരുവിലും പുറത്തും സമാന തൊഴിലെടുക്കുന്ന മറ്റുള്ളവരെയും രണ്ടും മൂന്നും ഘട്ടങ്ങളായി സ്ഥിരപ്പെടുത്തും. ദലിതുകളുടെയും മറ്റ് അടിച്ചമർത്തപ്പെട്ടവരുടെയും ക്ഷേമമാണ് തന്റെ സർക്കാറിന്റെ പ്രഥമ ലക്ഷ്യമെന്നും ബൊമ്മൈ പറഞ്ഞു. ശുചീകരണ തൊഴിലാളികളെ സർക്കാർ ശമ്പള വ്യവസ്ഥയിലാക്കി സ്ഥിരപ്പെടുത്തുകയെന്നത് തൊഴിലാളികളുടെ ഏറെ കാലമായുള്ള ആവശ്യമാണ്. ഇക്കാര്യം ആവശ്യപ്പെട്ട് തൊഴിലാളികൾ കഴിഞ്ഞ ജൂലൈ ഒന്നു മുതൽ അനിശ്ചിതകാല സമരം നടത്തിയിരുന്നു.
ആവശ്യം സർക്കാർ അംഗീകരിച്ചതോടെയാണ് സമരം പിൻവലിച്ചത്. നേരിട്ട് തൊഴിലാളികളായി തിരഞ്ഞെടുക്കപ്പെടുകയും എന്നാൽ, തദ്ദേശ സ്ഥാപനങ്ങളിലൂടെ റഗുലറൈസ് ചെയ്യപ്പെടാതിരിക്കുകയും ചെയ്ത തൊഴിലാളികളാണിവർ.
ബൃഹത് ബംഗളൂരു മഹാനഗരപാലികെ (ബി.ബി.എം.പി) അടക്കമുള്ള തദ്ദേശ സ്ഥാപനങ്ങളിലെ തൊഴിലാളികളും ഇതിൽ ഉൾപ്പെടും. ഈ ശുചീകരണ തൊഴിലാളികൾ ഇതുവരെ സംസ്ഥാനതലത്തിൽ സ്ഥിരപ്പെട്ടിരുന്നില്ല. സേവനവേതന മേഖലയിലടക്കം ഇത് തൊഴിലാളികൾക്ക് ഏറെ പ്രയാസമുണ്ടാക്കിയിരുന്നു. തൊഴിലാളികളെ റഗുലറൈസ് ചെയ്യാനുള്ള തീരുമാനം വന്നതോടെ ഇവർക്ക് നിശ്ചിത തുക വേതനമായി ലഭിക്കുകയും ജോലി സ്ഥിരമാവുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

