ജയദേവ ആശുപത്രിയിൽ 24 മണിക്കൂറിനുള്ളിൽ 11 രോഗികൾ മരിച്ചു
text_fieldsബംഗളൂരു: മൈസൂരു നഗരത്തിലെ ജയദേവ ആശുപത്രിയിൽ 24 മണിക്കൂറിനുള്ളിൽ 11 രോഗികൾ മരിച്ചു. ഡോക്ടർമാരുടെ കുറവ് മൂലമാണ് മരണങ്ങൾ സംഭവിച്ചതെന്ന് ആരോപിച്ച് ബന്ധുക്കൾ പ്രതിഷേധവുമായി രംഗത്തെത്തി.
ഡോക്ടർമാരുടെ കുറവ് മൂലം ഒരു രോഗിയും മരിച്ചിട്ടില്ലെന്ന് ജയദേവ ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. സദാനന്ദ പറഞ്ഞു. ഗുരുതര ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന 11 രോഗികൾ മാത്രമാണ് മരിച്ചതെന്നും ചികിത്സയുടെ അഭാവം മൂലം ആരും മരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
മൈസൂരു ജില്ലയിൽനിന്ന് മാത്രമല്ല, കുടക്, ഹാസൻ, മാണ്ഡ്യ, ചാമരാജനഗർ തുടങ്ങിയ അയൽ ജില്ലകളിൽനിന്നും ധാരാളം ആളുകൾ ജയദേവ ആശുപത്രിയില്‍ ചികിത്സക്കെത്തുന്നു.
രോഗികളുടെ വര്‍ധനമൂലം ഡോക്ടർമാര്‍ സമ്മർദത്തിലാണ്. ഒരു ഡോക്ടർക്ക് ഒരു ദിവസം 50 ലധികം രോഗികളെ പരിശോധിക്കേണ്ട സാഹചര്യം വരുന്നു.
രോഗികള്‍ വര്‍ധിക്കുമ്പോള്‍ ഒരുദിവസം 100 രോഗികളെ വരെ പരിശോധിക്കേണ്ട അവസ്ഥ വരാറുണ്ട് എന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. കിടക്കകളുടെ അപര്യാപ്തത മൂലം രോഗികളെ ട്രോളികളിലാണ് ചികിത്സിക്കുന്നത്.
നിലവിൽ 20 രോഗികൾ ട്രോളികളിലാണ്. വെല്ലുവിളികൾക്കിടയിലും മികച്ച സേവനം നൽകാൻ ആശുപത്രി എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മൂന്ന് ഡോക്ടർമാർ നൈറ്റ് ഡ്യൂട്ടിയിലാണെന്നും ആവശ്യമെങ്കിൽ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കാമെന്നും പരാമർശിച്ചു.
ഡോക്ടർമാരുടെ അഭാവം മൂലം രോഗികൾ മരിക്കുന്നുണ്ടെന്ന് ആരോപിച്ച് രോഗികളുടെ ബന്ധുക്കൾ ആശുപത്രി ജീവനക്കാരെ ആക്രമിച്ചു. സ്ഥിതിഗതികൾ ശാന്തമാക്കാൻ സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയും ബന്ധുക്കൾ രോഷം പ്രകടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

