മൈസൂരുവിൽ 10 പൊലീസ് ചെക്ക് പോയന്റുകൾ
text_fieldsഡൽഹി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ വാഹനങ്ങളിൽ പൊലീസ് പരിശോധന നടത്തുന്നു
ബംഗളൂരു: ഡൽഹി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ മൈസൂരുവിൽ പൊലീസ് 10 ചെക്ക് പോയന്റുകൾ സ്ഥാപിച്ചു. പൊതുജന സുരക്ഷ മുൻനിർത്തി മൈസൂരു പൊലീസ് രാത്രികാല പട്രോളിങ്ങും സുരക്ഷ പരിശോധനയും കർശനമാക്കി.
എല്ലാ പ്രദേശങ്ങളിലും രാത്രികാല പട്രോളിങ് നടത്താൻ പൊലീസുകാർക്ക് നിർദേശം നൽകിയതായി സിറ്റി പൊലീസ് കമീഷണർ സീമ ലട്കർ പറഞ്ഞു. പ്രധാന ജങ്ഷനുകളിലും എൻട്രി, എക്സിറ്റ് പോയന്റുകളിലും ചെക്ക്പോസ്റ്റുകൾ സ്ഥാപിച്ചു. നഗരത്തിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങളും വ്യക്തികളും പരിശോധനക്ക് വിധേയമാകും.
വിനോദസഞ്ചാര കേന്ദ്രങ്ങൾ, ആരാധനാലയങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, പൊതു ഇടങ്ങൾ എന്നിവിടങ്ങളിൽ സുരക്ഷ വർധിപ്പിച്ചു. മൈസൂർ കൊട്ടാരം, ചാമുണ്ഡി ഹിൽസ് എന്നിവിടങ്ങളിൽ സുരക്ഷ കർശനമാക്കുകയും ഡോർ ഫ്രെയിം മെറ്റൽ ഡിറ്റക്ടർ സ്ഥാപിക്കുകയും ചെയ്തു.
സ്ത്രീകൾക്കും പുരുഷൻമാർക്കും പ്രത്യേക പരിശോധന നടത്തുന്നതിനുള്ള സ്ഥലങ്ങളും ഒരുക്കിയിട്ടുണ്ട്. ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ, ഷോപ്പിങ് മാളുകൾ എന്നിവിടങ്ങളിൽ സംശയാസ്പദ വസ്തുക്കൾ കണ്ടെത്താൻ പരിശോധന നടത്തും. ഹോട്ടൽ, ഹോം സ്റ്റേ, ലോഡ്ജ്, ഡോർമെട്രി എന്നിവയിൽ താമസിക്കുന്ന ആളുകളുടെ വിശദാംശം, സന്ദർശനോദ്ദേശ്യം എന്നിവ അന്വേഷിച്ചുവരുന്നു. സമൂഹ മാധ്യമങ്ങൾ മുഖേന അപകീർത്തികരമോ പ്രകോപനപരമോ ആയ പോസ്റ്റുകൾ പങ്കുവെക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കമീഷണർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

