കർണാടകയിൽ മെഡിക്കൽ കോഴ്സ് പാതിയിൽ നിർത്തിയാൽ 10 ലക്ഷം പിഴ
text_fieldsബംഗളൂരു: കർണാടകയിലെ മെഡിക്കൽ, ഡെന്റൽ വിദ്യാർഥികൾ ബിരുദാനന്തര ബിരുദ കോഴ്സുകളിൽ പ്രവേശനം നേടുന്നതിന് ഇനി മുതൽ സർക്കാർ നിർദേശിക്കുന്ന ഫോമിൽ ബോണ്ട് സമർപ്പിക്കണം. അധ്യയന വർഷത്തിലെ അവസാന പ്രവേശന തീയതിക്കു ശേഷവും അവസാനിക്കുന്നതിനു മുമ്പും കോഴ്സ് ഉപേക്ഷിച്ചാൽ 10 ലക്ഷം രൂപ പിഴ അടക്കേണ്ടിവരും. മെഡിക്കൽ അല്ലെങ്കിൽ ഡെന്റൽ ഡിപ്ലോമ പഠനങ്ങളിൽ ചേരുന്ന വിദ്യാർഥികൾ കോഴ്സ് ഉപേക്ഷിച്ചാൽ നാല് ലക്ഷം രൂപയാണ് പിഴ.
കർണാടക പരീക്ഷ അതോറിറ്റി (കെ.ഇ.എ) 2025ലെ ബിരുദാനന്തര മെഡിക്കൽ/ഡെന്റൽ കോഴ്സ് പ്രവേശനത്തിന് പ്രസിദ്ധീകരിച്ച ഇ-ഇൻഫർമേഷൻ ബുള്ളറ്റിനിൽ ബോണ്ടുകൾ സംബന്ധിച്ച വിശദാംശങ്ങൾ ഉണ്ട്. ബോണ്ട് പിഴ തുകയും മറ്റു നിയമങ്ങളും ഇങ്ങനെ:
ആദ്യ റൗണ്ട് അലോട്ട്മെന്റിന് ശേഷവും രണ്ടാം റൗണ്ടിന് മുമ്പും വിദ്യാർഥി സീറ്റ് റദ്ദാക്കുകയാണെങ്കിൽ പ്രോസസിങ് ഫീസ് 25,000 രൂപയായിരിക്കും. രണ്ടാം റൗണ്ടിൽ ക്ലിനിക്കൽ ഡിഗ്രി സീറ്റ് അനുവദിച്ച വിദ്യാർഥി അവസാന തീയതിക്കകം ചേരുന്നതിൽ പരാജയപ്പെട്ടാൽ ബിരുദത്തിന് ഒന്നര ലക്ഷം രൂപയും ഡിപ്ലോമക്ക് 60,000 രൂപയും അടക്കേണ്ടിവരും. തുടർന്നുള്ള റൗണ്ടുകളിൽനിന്ന് വിലക്കുകയും ചെയ്യും.
രണ്ടാം റൗണ്ടിന് ശേഷവും മോപ് അപ്പിന് മുമ്പും റദ്ദാക്കിയാൽ ബിരുദത്തിന് ഏഴു ലക്ഷവും ഡിപ്ലോമക്ക് മൂന്ന് ലക്ഷവുമാണ് പിഴ. അതിനുശേഷം മോപ്-അപ് റദ്ദാക്കിയാൽ കർണാടക മെഡിക്കൽ വിദ്യാഭ്യാസ പരിശീലന ഡയറക്ടറേറ്റിൽ നേരിട്ട് ഹാജരാകണം. കൂടാതെ എട്ട് ലക്ഷം രൂപ (മെഡിക്കൽ ബിരുദം/ഡിപ്ലോമ), ആറ് ലക്ഷം രൂപ (ഡെന്റൽ ബിരുദം/ഡിപ്ലോമ) പിഴയും അടക്കണം. സ്പെഷാലിറ്റികളെ അടിസ്ഥാനമാക്കിയും പിഴ നിശ്ചയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

