കർണാടകയിൽ 10 ലക്ഷം കോടിയുടെ നിക്ഷേപം -മന്ത്രി എം.ബി. പാട്ടീൽ
text_fieldsമന്ത്രി എം.ബി. പാട്ടീൽ
ബംഗളൂരു: കർണാടകയുടെ വ്യാവസായിക സാധ്യതകൾ പ്രദർശിപ്പിക്കുന്നതിനായി ഈയാഴ്ച നടക്കുന്ന ആഗോള നിക്ഷേപക സംഗമത്തിൽ വിവിധ വ്യവസായ സ്ഥാപനങ്ങളുമായി 10 ലക്ഷം കോടി രൂപയുടെ നിക്ഷേപ കരാറിൽ ഒപ്പുവെക്കുമെന്ന് വൻകിട, ഇടത്തരം വ്യവസായ മന്ത്രി എം.ബി. പാട്ടീൽ പറഞ്ഞു.
ഈ മാസം11മുതൽ 14 വരെയാണ് ബംഗളൂരുവിൽ ഇൻവെസ്റ്റ് കർണാടക 2025 -- ഗ്ലോബൽ ഇൻവെസ്റ്റേഴ്സ് മീറ്റ് നടക്കുന്നത്. കർണാടകയെ പ്രമുഖ ആഗോള നിക്ഷേപ കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യം. നമ്മൾ വെല്ലുവിളി നിറഞ്ഞ സമയങ്ങളിലാണുള്ളത്. യുക്രെയ്നിലും റഷ്യയിലും യുദ്ധം, തുടർന്ന് ഇസ്രായേൽ -ഗസ്സ സംഘർഷം, ട്രംപിന്റെ നയങ്ങൾ, നിർമിത ബുദ്ധി, ശുദ്ധമായ മൊബിലിറ്റി എന്നിവ വരുന്നു. ഇലക്ട്രോണിക് വാഹനങ്ങളും ഗ്രീൻ ഹൈഡ്രജനും കേന്ദ്രബിന്ദുവാകും. ഡീസൽ, പെട്രോൾ, എല്ലാ ഫോസിൽ ഇന്ധനങ്ങളും ഘട്ടംഘട്ടമായി നിർത്തലാക്കും. ഇതെല്ലാം വെല്ലുവിളിയാണ്. ഈ മാറ്റങ്ങളെയെല്ലാം അതിജീവിക്കാൻ കഴിയുന്ന വളരെ ശക്തമായ സംവിധാനം ആവശ്യമുണ്ട്.
അതിനാൽ നിക്ഷേപകരെ നേരിടാൻ ഞങ്ങൾ നിർബന്ധിതരാകുന്നു’’-പാട്ടീൽ പറഞ്ഞു. തിങ്കളാഴ്ച വൈകീട്ട് നാലു മണിക്കാണ് ഉദ്ഘാടന സമ്മേളനം. ഗവർണറുടെ സാന്നിധ്യമുണ്ടാവും. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അധ്യക്ഷതയിൽ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങാണ് ഉദ്ഘാടനം നിർവഹിക്കുക. നിരവധി കേന്ദ്ര മന്ത്രിമാർ 12, 13, 14 തീയതികളിൽ പങ്കെടുക്കും. സംസ്ഥാന മന്ത്രിമാർ, വ്യവസായികൾ പങ്കെടുക്കും. 12, 13 തീയതികളിൽ ബിസിനസ് സെഷനുകൾ നടക്കും. 12ന് വൈകിട്ട് കർണാടകയുടെ വളർച്ചക്ക് സംഭാവന നൽകിയ വ്യവസായങ്ങളെ അംഗീകരിക്കുന്ന അവാർഡ് ദാന ചടങ്ങ് ഉണ്ടാവും. 13ന് ക്വീൻസ് സിറ്റി വട്ടമേശ സമ്മേളനങ്ങൾ നടക്കും. 14ന് സംരംഭങ്ങൾക്ക് അവാർഡുകൾ നൽകി പരിപാടി അവസാനിക്കും. ഒമ്പത് രാജ്യങ്ങളുടെ പവിലിയനുകളുണ്ട്.
ഐ.ടി, ബയോടെക്നോളജി, ഇലക്ട്രോണിക്സ്, മെഷീൻ ടൂളുകൾ, എയ്റോസ്പേസ്, പ്രതിരോധം എന്നീ മേഖലകളിൽ കർണാടക ഇതിനകം തന്നെ മുൻപന്തിയിലാണെന്ന് മന്ത്രി പറഞ്ഞു. ഇന്ത്യയിൽ മുന്നിൽ തുടരാനും ആഗോളതലത്തിൽ മത്സരിക്കാനുമാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

