Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightമൂന്നാറിലെ കൊളുന്ത്...

മൂന്നാറിലെ കൊളുന്ത് വിപ്ലവം

text_fields
bookmark_border
മൂന്നാറിലെ കൊളുന്ത് വിപ്ലവം
cancel

ഇത്തരമൊരു സമരം കണ്ണന്‍ ദേവന്‍ കുന്നുകളുടെതെന്നല്ല, കേരളത്തിന്‍െറ ചരിത്രത്തില്‍ തന്നെ ആദ്യമായിരിക്കും. രാവിലെതന്നെ വീട്ടില്‍ നിന്നും നിന്നിറങ്ങുന്ന തോട്ടം തൊഴിലാളി സ്ത്രീകള്‍ മണിക്കുറുകളോളം ദേശീയ പാതയടക്കമുള്ള റോഡുകള്‍ ഉപരോധിക്കുകയും തങ്ങള്‍ക്ക് കൂടി ഓഹരി ഉടമസ്ഥാവകാശമുള്ള കണ്ണന്‍ ദേവന്‍ കമ്പനിയുടെ ആസ്ഥാനത്തിന് മുന്നില്‍ സമരം നടത്തുകുയും ചെയ്യുന്നത് പുതിയ അനുഭവമാണ്. കഴിഞ്ഞ ഒരാഴ്ചയായി സ്ത്രീ തൊഴിലാളികളുടെ പൂര്‍ണ്ണ നിയന്ത്രണത്തിലാണ് ബ്രിട്ടീഷ് പ്ളാന്‍റര്‍മാര്‍ സൃഷ്ടിച്ച മൂന്നാര്‍.

കണ്ണന്‍ ദേവന്‍ കുന്നുകളിലെ ഓരോ  തേയില ചെടിയെക്കുറിച്ചും ഇപ്പോഴത്തെ തലമുറക്ക് പറയാന്‍ എന്തെങ്കിലുമൊരു അടുപ്പമുണ്ടാകും. അവരുടെ ഭാഷയില്‍പറഞ്ഞാല്‍ പാട്ടനോ (മുത്തച്ഛനോ) പാട്ടിയോ (മുത്തശ്ശിയോ) അതുമല്ളെങ്കില്‍ മുപ്പാട്ടനോ മുപ്പാട്ടിയോ നട്ടതായിരിക്കും ഈ തേയില ചെടികള്‍. മുന്നാര്‍ മലകളിലെ എസ്റ്റേറ്റ് ലായങ്ങളില്‍ കഴിയുന്നര്‍ക്ക് ഈ തേയില തോട്ടങ്ങളുമായി അത്രക്ക് ആത്മ ബന്ധമുണ്ട്. അവരാണ് കഴിഞ്ഞ ഒരാഴ്ചയായി കൊളുന്തെടുക്കാതെ മൂന്നാറിലത്തെി റോഡുപരോധിക്കുന്നതും സമരം ചെയ്യുന്നതും. 1880ല്‍ ആദ്യ തേയില എസ്റ്റേറ്റ് ബ്രിട്ടീഷുകാര്‍ സ്ഥാപിക്കപ്പെട്ടതോടെയാണ് തമിഴ്നാട്ടില്‍നിന്നും തൊഴിലാളികളെയും കൊണ്ടു വന്നത്. അന്നത്തെ തൊഴിലാളികളുടെ പിന്‍തലമുറക്കാരാണിവര്‍. ആദ്യകാലത്ത് കങ്കാണിമാര്‍ അഥവാ സൂപ്പര്‍വൈസര്‍മാരുടെ കൊടിയ പീഡനത്തിന് എതിരെ യൂണിയനുകളുടെ നേതൃത്വത്തില്‍ സമരം നടത്തിയെന്നാണ് ചരിത്രം. എന്നാല്‍,ഇപ്പോള്‍ ട്രേഡ് യുണിയന്‍-മാനേജ്മെന്‍റ് കൂട്ടുകെട്ട് തൊഴിലാളികളെ വഞ്ചിച്ചുവെന്നാരോപിച്ചാണ് സമരം. ഈ സമരത്തിന് നേതൃത്വമില്ല. ആരും സമരം ചെയ്യണമെന്ന് ആഹ്വാനവും നല്‍കിയില്ല. എന്നാല്‍, വാട്സ്അപ്പും മൊബൈല്‍ ഫോണും സമര സന്ദേശ വാഹകരായി.

ഇത്തവണത്തെ ബോണസാണ് സമരത്തിന് കാരണമായത്. യഥാര്‍ഥത്തില്‍ ഇതൊരു നിമിത്തമായെന്ന് മാത്രം. തൊഴിലാളികള്‍ക്കിടയില്‍ വര്‍ഷങ്ങളായി നീറി കിടന്ന അമര്‍ഷം അഗ്നി പര്‍വ്വതം പോലെ പുറത്തേക്ക് ചാടുകയായിരുന്നു. കഴിഞ്ഞ എത്രയോ വര്‍ഷങ്ങളായി അവര്‍ പലതും കണ്ടും കേട്ടും പരസ്പരം പരിദേവനങ്ങള്‍ പങ്കുവെക്കുന്നു. വാര്‍ഷിക വരിസംഖ്യയില്‍ ഒപ്പിടുന്നതില്‍ അവസാനിക്കുന്നു എസ്റ്റേറ്റ് തൊഴിലാളികളുടെ ട്രേഡ് യൂണിയന്‍ അവകാശമെന്ന് പലരും പറഞ്ഞു കൊടുത്തതും അവരുടെ മനസിലുണ്ടായിരുന്നു. ഇവിടെ അംഗീകൃത യൂണിയനുകള്‍ക്ക് മാനേജ്മെന്‍റാണ് വാര്‍ഷിക വരിസംഖ്യ ശമ്പളത്തില്‍ നിന്നും പിടിച്ചു കൊടുക്കുന്നത്. അതിന് വേണ്ടത് തൊഴിലാളികളുടെ ഒപ്പും. അല്ലാതെ യൂണിയന്‍ ഭാരവാഹിത്വത്തിലൊന്നും തൊഴിലാളികളില്ല.

ഇത്തവണ പത്തുശതമാനം ബോണസാണ്പ്രഖ്യാപിച്ചത്. 60ശതമാനം വരുന്ന ഓഹരികളും  തൊഴിലാളികള്‍ക്കും  ജീവനക്കാര്‍ക്കുമാണെന്നിരിക്കെ, അവര്‍ക്ക് ബോണസ് പ്രഖ്യാപിച്ചത് ന്യുനപക്ഷ ഓഹരികള്‍ മാത്രമുള്ളവരാണെന്നാണ് തൊഴിലാളികള്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം 19ശതമാനമായിരുന്നു ബോണസ്. ഇത്തവണ ബോണസില്‍ കാര്യമായ കുറവ് വന്നതോടെ അസ്വസ്ഥത പുകഞ്ഞു തുടങ്ങി. തൊഴിലാളികള്‍ മെല്ളെപോക്ക് ലൈന്‍ സ്വീകരിച്ചു തുടങ്ങി. കൊളുന്ത് സീസണ്‍ കാലത്തെ മെല്ളെപോക്കില്‍ മാനേജ്മെന്‍റ് അതൃപ്തി പ്രകടിപ്പിക്കുന്നത് സ്വഭാവികം. പക്ഷെ, ഇവിടെ തൊഴിലാളിക്കൊപ്പം നില്‍ക്കേണ്ട യൂണിയനുകളിലൊന്ന് മെല്ളെപോക്കിന് എതിരെ രംഗത്ത് വന്നതാണ് പെട്ടെന്നുള്ള പ്രകോപനത്തിനുള്ള കാരണമെന്നും പറയുന്നു. അപകടം മണത്തെ മറ്റു യൂണിയനുകള്‍ ബോണസ് വാങ്ങരുതെന്നും അറിയിപ്പ് നല്‍കി. രണ്ടായിരം രൂപ അഡ്വാന്‍സ് വാങ്ങി നല്‍കാമെന്നും അറിയിച്ചു. എന്നാല്‍, ഇതൊക്കെ ഒരു തരം അഡ്ജസ്റ്റുമെന്‍റാണെന്നാണ് തൊഴിലാളികള്‍ പറയുന്നുത്. അവര്‍ യൂണിയനുകള്‍ക്ക് എതിരെ രംഗത്തു വന്നു. സെപ്തംബര്‍ രണ്ടിലെ പൊതു പണിമുടക്ക് ദിവസം സമ്മേളന വേദിയിലത്തെിയ ചില തൊട്ടം തൊഴിലാളി വനിതകള്‍ 20ശതമാനം ബോണസ് വേണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ നേതാക്കള്‍ക്ക് മറുപടി നല്‍കാനുണ്ടായിരുന്നില്ല.

ഈ സ്ത്രീകളുടെ പ്രതിഷേധം വൈറലായി മാറുകയായിരുന്നു. സന്ദേശം എസ്റ്റേറ്റുകളില്‍ നിന്നും എസ്റ്റേറ്റുകളിലേക്ക് പറന്നു. അതോടെ പുതിയ സമര മുഖത്തിന് തുടക്കമായി. പുരുഷന്മാരെ വീട്ടിലിരുത്തിയാണ് അവര്‍ സമര രംഗത്ത് എത്തിയത്. അതിനും കാരണമുണ്ട്. ടൂറിസം മൂന്നാറിന്‍െറ വലിയ വ്യവസായമായി മാറിയതോടെ പുരുഷ തൊഴിലാളികള്‍ മിനിമം കൊളുന്തെടുത്ത ശേഷം ഉച്ചയോടെ മൂന്നാറിലത്തെുന്ന രാത്രിയാകും വീട്ടിലത്തെുക. വീട്ടാവശ്യത്തിന് ഇവര്‍ പണം നല്‍കുന്നില്ളെന്ന പരാതി സ്ത്രീകള്‍ക്കുണ്ട്. ചരായം നിരോധിച്ചുവെങ്കിലും മദ്യത്തിന് ഇവിടെ ക്ഷാമമില്ളെന്നതും സ്ത്രീകളുടെ തീരുമാനത്തിന് പിന്നിലെ കാരണമാണ്. പുരുഷന്മാര്‍ സമരത്തിനിറങ്ങിയാല്‍ നേതാക്കളുടെ വലയില്‍ വീഴുമോയെന്ന സംശയവും മറ്റൊരു കാരണമാണ്. ട്രേഡ് യൂണിയന്‍ നേതാക്കളുടെ തമിഴ്നാടിലെതടക്കമുള്ള സ്വകാര്യ സ്വത്തിന്‍െറ  വിവരങ്ങളുമായാണ് സ്ത്രീ തൊഴിലാളികള്‍ സമരം നടത്തുന്നത്.

ഏതൊക്കെ നേതാക്കളുടെ മക്കള്‍ക്ക് കമ്പനിയില്‍ ജോലി ലഭിച്ചു, അവര്‍ക്ക് കമ്പനി നല്‍കിയ ബംഗ്ളാവുകള്‍, നേതാക്കള്‍ക്ക് നല്‍കിയ വീടുകളുടെയും ബംഗ്ളാവുകളുടെയും വിവരങ്ങള്‍ തുടങ്ങി തൊഴിലാളികള്‍ ഒട്ടേറെ കണക്കുകള്‍ നിരത്തുന്നു. ഒന്നുമില്ലാതിരുന്നവര്‍ നിരന്തരം കാറില്‍ യാത്ര ചെയ്യുകയും സമ്പന്നനാകുകയൂം  ചെയ്യുമ്പോള്‍ തൊഴിലാളികള്‍ക്ക് സംശയം തോന്നുന്നത് സ്വഭാവികം. പ്രത്യേകിച്ച് തോട്ടം മേഖലയില്‍ ആധിപത്യമുറപ്പിക്കാന്‍ പലരും മല്‍സരിക്കുമ്പോള്‍. ഒരു പക്ഷെ അത്തരക്കാരില്‍ നിന്നായിരിക്കും ഇത്തരം കണക്കുകള്‍ കൈമാറി കിട്ടിയിരിക്കുക. അതില്‍ എത്രത്തോളം വസ്തുതയുണ്ടെന്നത് രണ്ടാമത്തെ കാര്യം.

ബോണസ് മാത്രമല്ല, യഥാര്‍ഥ പ്രശ്നമെന്ന് കഴിഞ്ഞ ദിവസത്തെ ചര്‍ച്ചക്ക് ശേഷം തൊഴില്‍ മന്ത്രി ഷിബു ബേബി ജോണും വ്യക്തമാക്കിയിരുന്നു. കൂലി വര്‍ധനവ് പൊതുവായ പ്രശ്നമാണ്. എന്നാല്‍, ഇവിടെ തൊഴിലാളികള്‍ മറ്റൊരു ചൂഷണത്തെ കുറിച്ച് പറയുന്നു. അധികമെടുക്കുന്ന കൊളുന്തിന് സീസണ്‍ വേളകളില്‍ ഇന്‍സന്‍റീവ് കൊടുക്കാറുണ്ട്. തൊഴിലാളിക്ക് ഒരു രൂപ ലഭിക്കുമ്പോള്‍ സൂപ്പര്‍വൈസര്‍ക്കും മാനേജ്മെന്‍റ് അസിസ്റ്റന്‍റിനുമൊക്കെ വലിയ തുക നല്‍കുന്നുവത്രെ. മാസത്തില്‍ മുന്നു ദിവസം അവധിയെടുത്താല്‍ ഇന്‍സെന്‍റീവ് നല്‍കില്ളെന്നും പറയുന്നു. ഇതിന് പുറമെയാണ് എടുക്കുന്ന കൊളുന്തില്‍നിന്നും തൂക്കം കുറക്കുന്നത്. രണ്ടിലയും കൂമ്പുമാണ് എടുക്കേണ്ടത്. നേരത്തെ കൈകൊണ്ട് കൊളുന്തെടുക്കുമ്പോള്‍ കൃത്യമായും രണ്ടിലയും കൂമ്പും മാത്രമാണ് എടുത്തിരുന്നത്. എന്നാല്‍, ഇപ്പോള്‍ കത്രിക ഉപയോഗിച്ചാണ് കൊളുന്ത് എടുക്കുന്നത്. കൂടുതല്‍ ഇല വരുന്നുവെന്ന കാരണത്താല്‍ വേസ്റ്റെന്ന പേരില്‍ പത്തു ശതമാനം തൂക്കം കുറക്കുന്നുവെന്നാണ് തൊഴിലാളികള്‍ പറയുന്നത്. ഇതിന് പുറമെ ആശുപത്രിയിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക, ലായങ്ങള്‍ നവീകരിക്കുക തുടങ്ങി പല ആവശ്യങ്ങളും ഉയര്‍ന്നു വരുന്നു.

ഇതു മാത്രമല്ല, ഈ മണ്ണില്‍ ജനിച്ച് ഈ മണ്ണില്‍ വളരുന്നുവരാണ് തോട്ടം തൊഴിലാളികള്‍. അവര്‍ക്കിവിടെ സ്വകാര്യ സ്വത്തില്ല. റിട്ടയര്‍ ചെയ്യുമ്പോള്‍ തൊട്ടടുത്ത പഞ്ചായത്തുകളില്‍ അല്‍പം സ്ഥലംവാങ്ങി താമസിക്കും. അതുമല്ളെങ്കില്‍ തമിഴ്നാടില്‍ സ്ഥലം  വാങ്ങി അവിടെ കൂടും. തൊഴിലാളികളും അവരുടെ മുന്‍തലമുറകളും മൂന്നാറില്‍ ബ്രിട്ടീഷുകാരുടെ കണ്ണന്‍ ദേവന്‍ കമ്പനിക്കും, തുടര്‍ന്നു ടാറ്റക്കും വേണ്ടി തേയില തോട്ടങ്ങള്‍ വെച്ചു പിടിച്ചപ്പോഴും ബാക്കി കിടന്ന സര്‍ക്കാര്‍ ഭൂമി അതേ പോലെ സംരക്ഷിച്ചു. അവര്‍ വന്യജീവികളെ വേട്ടയാടിയില്ല. ഒരു കൂര പണിയാന്‍വേണ്ടി പോലും ഭൂമി കൈയ്യേറിയില്ല. എന്നാല്‍,  മല കയറി വന്നവര്‍ ഏതാനം രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും പിന്‍ബലത്തോടെ ഭൂമി വെട്ടി പിടിച്ചു. അവിടെ റിസോര്‍ട്ടുകള്‍ പണിതുയര്‍ത്തി. ഇതു തോട്ടം തൊളിലാളികളുടെ മാത്രമല്ല, മൂന്നാറുകാരുടെ മുഴുവന്‍ മനസില്‍ നീറുന്ന അനുഭവമായി കിടക്കുന്നു.അതിനാലാണ് തോട്ടം തൊഴിലാളികള്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യവുമായി വ്യാപാരികളും ഡ്രൈവറന്മാരും തുടങ്ങിയവര്‍ അണിനിരന്നത്. ഒരര്‍ഥത്തില്‍ ഇതു ട്രേഡ് യുണിയന്‍ മുതലാളിത്തിന് എതിരെയുമുള്ള സമരമാണ്. നാളെ എവിടെയും സംഭവിക്കാം. ഇവിടെ,പക്ഷെ കൊമ്പന്‍ പോയാല്‍ മോഴ എന്ന പോലെ അവസരം നോക്കി ചിലരുണ്ട്. അതും സമരം ശക്തിപ്പെടാന്‍ കാരണമാണ്. അഥവാ അവരില്‍ ചിലരാണ് സമരത്തിന്‍െറ ബുദ്ധി കേന്ദ്രം.

ഈ സമരത്തോടെ തകര്‍ന്നടിയുന്നത് രാജ്യത്തിനാകെ മാതൃകയെന്ന നിലയില്‍ കൊണ്ടു വന്ന തൊഴിലാളി-മുതലാളി പങ്കാളിത്ത കമ്പനിയാണ്. 2005 എപ്രില്‍ ഒന്നിനാണ് കണ്ണന്‍ ദേവന്‍ ഹില്‍സ് പ്ളാന്‍േറഷന്‍ കമ്പനി പ്രൈവറ്റ് ലിമിറ്റഡ് നിലവില്‍ വരുന്നത്. 2004 ഏപ്രിലില്‍ തെന്മല എസ്റ്റേറ്റില്‍ പരീക്ഷിച്ചു വിജയം കണ്ട പങ്കാളിത്ത മാതൃകയായിരുന്നു ഇത്. അന്ന് തോട്ടം മേഖലയില്‍ നിലനിന്ന പ്രതിസന്ധിയില്‍ കരകയറാണ് 12500 ജീവനക്കാരെ മുതലാളിമാരാക്കിയത്. ഓഹരി ഉടമകളെന്ന നിലയില്‍ ഡിവിഡന്‍റും ലഭിക്കുന്നു. ഈ സമരത്തെ തുടര്‍ന്ന് ഇപ്പോള്‍ കൊളുന്ത് എടുക്കുന്നില്ല. ഫാക്ടറികള്‍ പ്രവര്‍ത്തിക്കുന്നില്ല. ഒരു പക്ഷെ, മൂന്നാറിന്‍െറ ചരിത്രത്തിലാദ്യമായിരിക്കാം തേയില ഫാക്ടറികളുടെ ഇരമ്പലുകള്‍ നിലക്കുന്നതും അന്തരീക്ഷത്തില്‍ ചായപ്പൊടിയുടെ ഗന്ധം ഇല്ലാതാകുന്നതും. അതു മൂന്നാറിലെ തേയില വ്യവസായത്തെ മാത്രമല്ല, ടൂറിസത്തെയും പ്രതികൂലമായി ബാധിച്ചു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story