Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightഇമോഷണല്‍...

ഇമോഷണല്‍ ഇന്‍റലിജന്‍സും ആത്മഹത്യയും

text_fields
bookmark_border
ഇമോഷണല്‍ ഇന്‍റലിജന്‍സും ആത്മഹത്യയും
cancel

ഓരോ ആത്മഹത്യയും സമൂഹത്തിന് മുന്നില്‍ നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടാണ് കടന്നുപോകുന്നത്. ഒരു വ്യക്തി എന്തുകൊണ്ട് സ്വയം ജീവനൊടുക്കാന്‍ തീരുമാനിക്കുന്നു എന്നതിന് വൈദ്യശാസ്ത്ര വിദഗ്ധരും സാമൂഹിക ശാസ്ത്രജ്ഞരുമെല്ലാം പലതരത്തിലുള്ള കാരണങ്ങള്‍ കണ്ടത്തെിയിട്ടുണ്ടെങ്കിലും ഭൂരിപക്ഷം ആത്മഹത്യകളും ദുരൂഹതയുടെ ഒരു ഘടകത്തെ നമുക്കിടയില്‍ അവശേഷിപ്പിക്കുന്നുണ്ട്.

മനഃശാസ്ത്രപരവും ജൈവശാസ്ത്രപരവും സാമുഹികവുമായ നിരവധി ഘടകങ്ങള്‍ ആത്മഹത്യക്ക് കാരണമായി പറയുന്നുണ്ടെങ്കിലും യഥാര്‍ഥ കാരണം കണ്ടത്തെുക എളുപ്പമല്ല. മുമ്പെല്ലാം പ്രണയ നൈരാശ്യം, മാറാരോഗങ്ങള്‍, കടുത്ത അഭിമാനക്ഷതം, ഉറ്റവരുടെ വിയോഗം തുടങ്ങിയ യുക്തിസഹമായ കാരണങ്ങളാണ് ഒരാളെ ആത്മഹത്യയിലേക്ക് നയിച്ചിരുന്നെങ്കില്‍ മാതാപിതാക്കള്‍ ടെലിവിഷന്‍ കാണാന്‍ വിസമ്മതിച്ചതിന് കുട്ടികളും ഭര്‍ത്താവ് മൊബൈല്‍ ഫോണ്‍ ഉപയോഗം വിലക്കിയതിന് യുവതികളും അഴിമതി നടത്തിയ പ്രിയ നേതാവിനെ കോടതി ശിക്ഷിച്ചതിന് അണികളും ജീവനൊടുക്കിത്തുടങ്ങിയിരിക്കുന്നു. അതുകൊണ്ടുതന്നെ ‘സ്വയം ജീവനൊടുക്കുക’ എന്ന പ്രതിഭാസം ഏതെങ്കിലും നിര്‍വചനങ്ങള്‍ക്കോ സിദ്ധാന്തങ്ങള്‍ക്കോ വഴങ്ങാതെ പുതിയ സാഹചര്യങ്ങളുടെ മേച്ചില്‍പ്പുറങ്ങള്‍ തേടുകയാണ്.

മുമ്പൊക്കെ സമൂഹത്തിലെ ഒറ്റപ്പെട്ട വ്യക്തികള്‍ അപൂര്‍വമായി പിന്തുടര്‍ന്നിരുന്ന ഈ ‘എല്ലാം അവസാനിപ്പിക്കലി’ന്‍െറ പാത ഇന്ന് മതാപിതാക്കളും മക്കളുമടങ്ങുന്ന കുടുംബങ്ങള്‍ പിന്തുടരുന്നത് നിത്യസംഭവമായി തീര്‍ന്നിരിക്കുന്നതും ഇതോടൊപ്പം ചേര്‍ത്ത് വായിക്കേണ്ടതാണ്. ഒരേ രീതിയിലുള്ള പ്രശ്നങ്ങള്‍ നേരിടുന്ന, ഒരേ സാഹചര്യത്തില്‍ ജീവിക്കുന്നവരില്‍ ചിലര്‍ മാത്രം ആത്മഹത്യ ചെയ്യുമ്പോള്‍ മറ്റു ചിലര്‍ അത് ചെയ്യാത്തതെന്തു കൊണ്ടാണെന്ന് പരിശോധിക്കുമ്പോള്‍ മാത്രമാണ് പ്രശ്നങ്ങളല്ല മറിച്ച് പ്രശ്നങ്ങളെ നേരിടാനുള്ള വ്യക്തികളുടെ ശേഷിയാണ് ഇതിന്‍െറ മൂലകാരണമെന്ന് തിരിച്ചറിയുന്നത്. ഉദാഹരണമായി പരീക്ഷാഫലം വരുമ്പോള്‍ തോല്‍വി ഏറ്റുവാങ്ങുന്ന ഹതഭാഗ്യരില്‍ ചിലര്‍ ജീവിതമവസാനിപ്പിക്കുതെന്തു കൊണ്ടാണെന്ന് നാം പരിശോധിക്കേണ്ടിയിരിക്കുന്നു. സമാന സാഹചര്യങ്ങളെ നേരിടുന്ന ഭൂരിപക്ഷം പേരും പ്രതിസന്ധികളെ നേരിടാനും സാഹചര്യവുമായി പൊരുത്തപ്പെടാനും ശ്രമിക്കുന്നതിനാലാണ് ഈ മാര്‍ഗം സ്വീകരിക്കാത്തത്്. ഇവിടെയാണ് പ്രതികൂല സാഹചര്യങ്ങളെ നേരിടാനുള്ള കഴിവ് ജീവിതത്തെ മുന്നോട്ടു കൊണ്ടുപോകാനുള്ള പ്രധാന ഘടകമാണെന്ന്  മനസിലാക്കേണ്ടത്.

സാക്ഷരതയുടെയും ആരോഗ്യ സംരക്ഷണത്തിന്‍െറയും മേഖലകളില്‍ ദേശീയ ശരാശരിയേക്കാള്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന കേരളം പോലുള്ള സംസ്ഥാനം ആത്മഹത്യാ നിരക്കിന്‍െറ കാര്യത്തിലും മുന്‍പന്തിയിലായിപ്പോകുന്നതിന്‍െറ കാരണം മാറിയ ജീവിത പശ്ചാത്തലങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന അനാരോഗ്യ പ്രവണതകളാണെന്നതില്‍ സംശയമില്ല. ഇവിടെയാണ് ഇമോഷണല്‍ ഇന്‍റലിജന്‍സ് (Emotional Intelligence) അഥവാ വൈകാരിക ബുദ്ധി എന്ന ഘടകം ഒരു വ്യക്തിയുടെ ജീവിതത്തിന്‍െറ നിലനില്‍പ്പിലും മുന്നേറ്റത്തിലും വഹിക്കുന്ന പങ്കിനെ കുറിച്ച് മനസിലാക്കേണ്ടത്. സ്വന്തം മനസില്‍ ഉയര്‍ന്നുവരുന്ന വികാരങ്ങളെ മനസിലാക്കാനും തിരിച്ചറിയാനുമുള്ള കഴിവ്, അവയെ നിയന്ത്രിക്കാനുള്ള ശേഷി, ചുറ്റുപാടുമുള്ളവരുടെ വികാരങ്ങളെ മാനസികാവസ്ഥയെയും മനസിലാക്കാനും അവയെ മുറിപ്പെടുത്താതെ പെരുമാറുവാനുമുള്ള കഴിവ്, ജീവിതത്തില്‍ നേരിടേണ്ടിവരുന്ന തടസങ്ങളെ യുക്തിസഹമായി മനസിലാക്കി ബുദ്ധിപരമായി അതിജീവിക്കാനുള്ള കഴിവ്, എത്ര വലിയ പ്രശ്നമാണെങ്കിലും ആത്മവിശ്വാസത്തോടെയും ക്ഷമയോടെയും നേരിടാനുള്ള ധൈര്യം എന്നുതുടങ്ങി  ഒരു വ്യക്തി ജീവിതവിജയം നേടുന്നതിന് അടിസ്ഥാനമാവുന്ന ഒട്ടുമിക്ക ഘടകങ്ങളും ഉള്‍പ്പെടുന്നതാണ് ഇമോഷണല്‍ ഇന്‍റലിജന്‍സ്.

ആത്മഹ്യ ചെയ്യുന്നവരില്‍ ഇമോഷണല്‍ ഇന്‍റലിജന്‍സ് വളരെ കുറവാണെന്ന് ഇതുമായി ബന്ധപ്പെട്ട് നടന്ന പഠനങ്ങള്‍ പറയുന്നു. ഇമോഷണല്‍ ഇന്‍റലിജന്‍സ് കുറവുള്ളവര്‍ക്ക് തങ്ങളുടെ വികാരങ്ങളെ നിയന്ത്രിക്കാനോ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനോ പലപ്പോഴും കഴിയാറില്ല. അതുപോലത്തെന്നെ ആരോഗ്യകരമായ സാമൂഹികബന്ധങ്ങള്‍ കാത്തുസൂക്ഷിക്കാനും ഇക്കൂട്ടര്‍ക്ക് കഴിയാറില്ല. ഫലമോ, മുന്‍കോപം പോലുള്ള വൈകാരിക നിയന്ത്രണം കുറവായതിനാല്‍ വ്യക്തിബന്ധങ്ങളിലും ഇടപെടുന്ന വിഷയങ്ങളിലും നിരന്തരം പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന ഇവര്‍ക്ക് അടുത്ത സുഹൃദ്ബന്ധങ്ങളില്ലാത്തതിനാല്‍ പ്രശ്നങ്ങള്‍ തുറന്നു പറയാനോ ചര്‍ച്ച ചെയ്ത് പരിഹാരം കാണാനോ കഴിയാതെ സമ്മര്‍ദ്ദത്തിലാവുകയും വേദന കടിച്ചമര്‍ത്തി മാനസിക സംഘര്‍ഷത്തിലേക്ക് എത്തിപ്പെടുകയും ചെയ്യുന്നു.

ചുരുക്കത്തില്‍ വൈകാരിക ആരോഗ്യത്തെ പരിഗണിക്കാതെ ബുദ്ധിയും യുക്തിയും മാത്രം ഉപയോഗിച്ച് പഠനം നടത്താനും ഉയര്‍ന്ന യോഗ്യതകളും കനത്ത ശമ്പളവുമുള്ള ജോലിയും സമ്പാദിച്ച് ജീവിതവിജയം നേടിയെന്ന് അഹങ്കരിക്കുന്ന പുതിയ തലമുറ ദാമ്പത്യ ജീവിതത്തില്‍ പരാജയപ്പെടുന്നതും സാമൂഹികമോ കുടുംബപരമായതോ ആയ ബന്ധങ്ങള്‍ ഇല്ലാതെ ജീവിത സായാഹ്നത്തില്‍ ഒറ്റപ്പെട്ടു പോകുന്നതും നമുക്ക് ചുറ്റിലും പതിവുകാഴ്ചയായി മാറിയിട്ടുണ്ട്.

ചെറുപ്പത്തില്‍തന്നെ റാങ്കുകളും ഉയര്‍ന്ന മാര്‍ക്കുകളും മാത്രം ലക്ഷ്യംവെച്ച് കുടുംബാംഗങ്ങളുമായിപ്പോലും ഹൃദയബന്ധം പുലര്‍ത്താതെ വിദ്യാലയം, ട്യൂഷന്‍, കമ്പ്യൂട്ടര്‍, ഇന്‍ര്‍റനെറ്റ് തുടങ്ങിയ ലോകങ്ങളിലൂടെ മാത്സര്യബുദ്ധിയോടെ വളര്‍ന്നുവരുന്ന ഒരു വ്യക്തി പൊടുന്നനെ ജീവിത യാഥാര്‍ഥ്യങ്ങളെ അഭിമുഖീകരിക്കേണ്ടി വരുമ്പോള്‍ തളര്‍ന്നുപോകുന്നത് സ്വാഭാവികം മാത്രമാണ്. അതുകൊണ്ടുതന്നെ സന്ദര്‍ഭങ്ങളോടും സാഹചര്യങ്ങളോടും വൈകാരികമായി പ്രതികരിക്കാനും സഹജീവികളോടും സമൂഹത്തോടും സംവേദിക്കാനുമുള്ള പരിശീലനം കൂടി ലഭിച്ചാല്‍ മാത്രമേ ഒരു വ്യക്തി വൈകാരിക സന്തുലിതാവസ്ഥ കൈവരിച്ച് മാനസികാരോഗ്യത്തോടെ ജീവിക്കാന്‍ സജ്ജമാകുകയുള്ളു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story