Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightമാഗി...

മാഗി തിരിച്ചുവരുമ്പോള്‍

text_fields
bookmark_border
മാഗി തിരിച്ചുവരുമ്പോള്‍
cancel

അനുവദനീയമായതിലും കൂടുതല്‍ അളവില്‍ എം.എസ്.ജി എന്ന രുചി വര്‍ധക രാസവസ്തുവും ഈയ്യത്തിന്‍െറ അംശവും കണ്ടത്തെിയതിനെ തുടര്‍ന്ന് 2015 ജൂണ്‍ അഞ്ചിനാണ് ‘നെസ്ലെ’ എന്ന ആഗോള കുത്തക കമ്പനിയുടെ ജനപ്രിയ ഉത്പന്നമായ ‘മാഗി’ ന്യൂഡില്‍സ് കേന്ദ്ര ഭക്ഷ്യസുരക്ഷാ വിഭാഗം നിരോധിച്ചത്. ഇതിന് പുറമെ പരസ്യങ്ങളിലൂടെ ഉപഭോക്താക്കളെ തെറ്റിധരിപ്പിച്ചതിന് നഷ്ടപരിഹാരമായി നെസ്ലെ 640 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ ദേശീയ ഉപഭോക്തൃ തര്‍ക്കപരിഹാര കമീഷനില്‍ പരാതിയും നല്‍കി.
അല്‍പം കൗതുകത്തോടെയും അത്ഭുതത്തോടെയുമായിരുന്ന ഇന്ത്യയിലെ ജനങ്ങള്‍ ഈ കാര്യങ്ങളെ വീക്ഷിച്ചത്. വിദേശ കുത്തക കമ്പനികളുടെ താളത്തിനൊത്ത് തുള്ളിയിരുന്ന സര്‍ക്കാറിന്‍െറ ഈ നടപടിക്ക് പിന്നിലെ ഉദ്ദേശ്യശുദ്ധിയെ സംശയത്തോടെയാണ് പലരും വീക്ഷിച്ചത്.


കുത്തക കമ്പനികളുടെ ചൂഷങ്ങള്‍ക്കെതിരായ ഒരു യുദ്ധം ജയിച്ച പോലെയായിരുന്നു ‘മാഗി നിരോധ’ത്തെ നാട്ടിലെ മാധ്യമങ്ങളും സാമൂഹിക മാധ്യമങ്ങളും കൊണ്ടാടിയത്. നമ്മൂടെ കുഞ്ഞുങ്ങളുടെ ആരോഗ്യം തകര്‍ക്കാന്‍ എത്തിയ ആഗോള ഭീമനില്‍ നിന്ന് എന്നന്നേക്കുമായി രക്ഷപ്പെട്ടു എന്ന തരത്തിലായിരുന്നു ഈ വാര്‍ത്തകള്‍ സ്വീകരിക്കപ്പെട്ടതും പ്രചരിപ്പിക്കപ്പെട്ടതും. എന്നാല്‍ ഏറെ താമസിയാതെ ‘മാഗി’ നിരോധം തല്‍ക്കാലത്തേക്കെങ്കിലും കോടതി പിന്‍വലിച്ചു. നിരോധം നടപ്പായി ഏതാനും ആഴ്ചകള്‍ പിന്നിട്ടപ്പോള്‍ തന്നെ ആഗസ്റ്റ് 13 ന് മാഗിയുടെ നിരോധം നീക്കി ബോംബെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ കൂടുതല്‍ ഉറപ്പുള്ള കോടതിവിധികള്‍ക്ക് വേണ്ടിയും വിവാദങ്ങള്‍ അടങ്ങും മുമ്പ് അവ വീണ്ടും ആളിക്കത്തിക്കേണ്ടെന്ന് കരുതിയുമായിരിക്കാം നെസ്ലെ സംയമനം പാലിച്ചതല്ലാതെ ഉത്പന്നം തിരക്കിട്ട് വിപണിയിലിറക്കിയില്ല.
കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ നെസ്ലെ കമ്പനി നല്‍കിയ ഹരജിയിലായിരുന്നു നിരോധം നീക്കിക്കൊണ്ടുള്ള കോടതി ഉത്തരവ്. ആറാഴ്ചത്തേക്കാണ് നിരോധം നീക്കിയത്. മാഗി ന്യൂഡില്‍സിന്‍െറ അഞ്ച് സാമ്പിളുകള്‍ മൂന്ന് ലാബുകളിലായി വീണ്ടും പരിശോധിക്കാനും കോടതി ഉത്തരവിട്ടു. ബോംബെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിലെ ജസ്റ്റിസുമാരായ വി.എം. കനഡെ, ബര്‍ഗസ് കൊലബാവല്ല എന്നിവരാണ് ഉത്തരവ് പുറപ്പെടുവിച്ചത്. നിരോധം സ്വാഭാവിക നീതിയുടെ നിഷേധമാണെന്നും കോടതി വിലയിരുത്തി.


കമ്പനി നടത്തിയ പരിശോധനകളില്‍ ‘മാഗി’യില്‍ ആരോഗ്യത്തിന് ഹാനികരമായതൊന്നും കണ്ടത്തെിയില്ളെന്നും ലോകവ്യാപകമായി നിരവധി രാജ്യങ്ങളില്‍ ഈ ഉത്പന്നം ഇപ്പോഴും ഉപയോഗിക്കുന്നുണ്ടെന്നും കോടതിയെ അറിയിച്ച  നെസ്ലെ കേന്ദ്ര സര്‍ക്കാര്‍ നടപടി ഭരണഘടനാ വിരുദ്ധവും വ്യാപാര സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്നും വാദിച്ചു. പത്രങ്ങളുടെ ഉള്‍പേജുകളില്‍ ചെറിയ വാര്‍ത്തയായും ചാനലുകളില്‍ അപ്രധാന വാര്‍ത്തയായും വന്നതിനാല്‍ ഈ വിവരങ്ങള്‍ അധികമാരും അറിഞ്ഞില്ല.
ഇപ്പോഴിതാ രാജ്യത്തെ പ്രമുഖ ലാബുകളില്‍ നടത്തിയ പരിശോധനയില്‍ മാഗി നൂഡില്‍സ് സുരക്ഷിതമാണെന്ന അവകാശവാദവുമായി നെസ് ലെ മുന്നോട്ടുവന്നിരിക്കുന്നു.
മാഗി വില്‍പന പുനസ്ഥാപിക്കണമെങ്കില്‍ രാജ്യത്തെ മൂന്ന് ലബോറട്ടറികളില്‍ വീണ്ടും പരിശോധന നടത്തി സുരക്ഷിതമാണെന്ന് തെളിയിക്കണമെന്ന ബോംബെ ഹൈക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്നായിരുന്നു കമ്പനി വീണ്ടും മാഗിയുടെ ആറ് വ്യത്യസ്ത രുചികളിലുള്ള നൂഡില്‍സ് പരിശോധനക്കയച്ചത്. പരിശോധനക്ക് വിധേയമാക്കിയ സാമ്പിളുകള്‍ മുഴുവനും ആരോഗ്യവകുപ്പ് നിഷ്കര്‍ഷിച്ച സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചതായി തെളിഞ്ഞുവെന്നാണ് നെസ്ലെ പറയുന്നത്.


സര്‍ക്കാര്‍ അംഗീകൃത ലാബുകളില്‍ പരിശോധിച്ച് ഈയത്തിന്‍റെ അംശം അനുവദനീയമായ അളവില്‍ മാത്രമാണെന്ന് തെളിഞ്ഞാല്‍ മാഗി വില്‍പനനടത്താന്‍ അനുവദിക്കാമെന്ന് കോടതി സമ്മതിച്ചിരുന്നു. മാഗി നിരോധം സ്ഥിരമായി പിന്‍വലിക്കപ്പെടുമെന്നതിന്‍െറയും ഉത്പന്നം നമ്മുടെ വിപണികളില്‍ തിരിച്ചത്തെുമെന്നതിന്‍െറയും ഒരു സൂചകമാണ് ഇപ്പോള്‍ സംഭവിച്ചൂകൊണ്ടിരിക്കുന്ന കാര്യങ്ങള്‍. കോടിക്കണക്കിന് ഡോളര്‍ വിറ്റുവരവുള്ള നെസ്ലെ പൊതുജന വികാരം തണുക്കുന്ന മുറക്ക് ‘വിലപിടിപ്പുള്ള’ അഭിഭാഷകരുടെ സഹായത്തോടെ കോടതികളില്‍നിന്ന് അനുകൂല ഉത്തരവ് സമ്പാദിച്ച് വിപണിയില്‍ തിരിച്ചത്തെുമെന്നതിന് ആര്‍ക്കും സംശയമുണ്ടാകാനിടയില്ല.
1984 ഡിസംബര്‍ രണ്ടിന് രാജ്യത്തെ നടുക്കിയ  ഭോപ്പാല്‍ വാതക ദുരന്തക്കേസിന്‍െറ കാര്യം മാഗി നിരോധത്തിന്‍െറ പശ്ചാത്തലത്തില്‍ പരിശോധിച്ചു നോക്കിയാല്‍ നാം അത്ഭുതപ്പെട്ടുപോകും. 23 വര്‍ഷത്തിന് ശേഷം ഭോപ്പാലിലെ യൂണിയന്‍ കാര്‍ബൈഡ് ഫാക്ടറിക്കെതിരായ  വിധിവന്നപ്പോള്‍ ഓരോ ഇന്ത്യന്‍ പൗരനും നാണിച്ച് തലതാഴ്ത്തേണ്ട ഗതികേട് വന്നു. പതിനായിരത്തിലേറെപ്പേര്‍ മരിച്ച വാതകദുരന്തക്കേസില്‍ കേവലം എട്ടു പേരെ മാത്രമാണ്  കുറ്റക്കാരായി കോടതി കണ്ടത്തെിയത്. ഈ എട്ടു പേര്‍ക്കും രണ്ടു വര്‍ഷം തടവും ഒരു ലക്ഷം രൂപവീതം പിഴയും അടക്കാനായിരുന്നു ശിക്ഷ. യൂണിയന്‍ കാര്‍ബൈഡ് കോര്‍പ്പറേഷന്‍ അഞ്ച് ലക്ഷം രൂപ പിഴ അടക്കണമെന്നും ഭോപ്പാല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി വിധിച്ചു.
പരമാവധി രണ്ടുവര്‍ഷം തടവും 5000 രൂപവരെ പിഴയും ലഭിക്കാവുന്ന കുറ്റങ്ങള്‍ മാത്രമാണ് ഇവര്‍ക്കെതിരെ ചുമത്തിയിരുന്നത്. അശ്രദ്ധമൂലമുള്ള പിഴവാണ് ഇവര്‍ക്കെതിരെ ആരോപിച്ച കുറ്റം. മനപൂര്‍വ്വമല്ലാത്ത നരഹത്യ ആയിരുന്നു  ആദ്യം ചുമത്തിയത്. ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ച പ്രതികള്‍ കുറ്റപത്രത്തില്‍ ചുമത്തിയ വകുപ്പുകളില്‍ നിന്ന്  ഇളവ് നേടി.

അമേരിക്കയിലെ യൂണിയന്‍ കാര്‍ബൈഡ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ വാറന്‍ ആന്‍ഡേഴ്സണ്‍, ഇന്ത്യയിലെ കമ്പനി ചെയര്‍മാന്‍ കേശബ് മഹീന്ദ്ര എന്നിവര്‍ ഉള്‍പ്പടെ എട്ടുപേരാണ് കേസിലെ പ്രതികള്‍. ആന്‍ഡേഴ്സണെതിരെ നിരവധി വാറന്‍റുകള്‍ പുറപ്പെടുവിച്ചെങ്കിലും ഇതുവരെ കോടതിക്കുമുമ്പാകെ ഹാജരാക്കാന്‍ സി.ബി.ഐക്കു കഴിഞ്ഞില്ല. ഭോപ്പാല്‍ ദുരന്തത്തെ തുടര്‍ന്ന് ലക്ഷക്കണക്കിന് ജനങ്ങളാണ് ഇപ്പോഴും ആരോഗ്യപ്രശ്നങ്ങളാല്‍ ദുരിതമനുഭവിക്കുന്നത്.
ആയിരക്കണക്കിന് നിരപരാധികളെ ശ്വാസം മുട്ടിച്ച് കൊന്ന ഒരു വിദേശകമ്പനിക്കെതിരെ നമ്മുടെ സര്‍ക്കാര്‍ കൈക്കൊണ്ട നടപടികള്‍ ഇങ്ങിനെയായിരുന്നുവെങ്കില്‍ മാഗി നിരോധം ഇത്രകാലം നീണ്ടുനിന്നത് തന്നെ ഒരത്ഭുതമായി കാണേണ്ടിവരും.
അന്വേഷണ ഏജന്‍സികള്‍ നല്‍കുന്ന തെളവുകളുടെ അടിസ്ഥാനത്തിലും പ്രോസിക്യൂഷന്‍ വാദങ്ങള്‍ പരിഗണിച്ചും മാത്രമേ കോടതികള്‍ക്ക് വിധി പുറപ്പെടുവിക്കാനാവു. എന്നാല്‍ ജനകിയ കോടതികളില്‍ ഇതിന്‍െറയൊന്നും ആവശ്യമില്ല. നമ്മുടെ സഹോദരങ്ങളുടെ ജീവനെടുക്കുകയും രാജ്യത്തിന്‍െറ നീതിന്യായ വ്യവസ്ഥയെ മാനിക്കാതിരിക്കുകയും ചെയ്ത ഒരു വിദേശ കമ്പനിയെ ബഹിഷ്കരിക്കാനെങ്കിലും നമുക്കായോ എന്ന് പരിശോധിക്കേണ്ടതുണ്ട്. വാതക ദുരന്തം നടക്കുന്ന സമയത്ത് ‘എവറെഡി’ എന്ന ബാറ്ററിയുടെ ഉദ്പാദകരായിരുന്നു യൂണിയന്‍ കാര്‍ബൈഡ് കമ്പനി. ചില സന്നദ്ധ സംഘടനകളുടെയും കേരളത്തില്‍ ശാസ്ത്ര സാഹിത്യ പരിഷത്ത് പോലുള്ള സംഘടനകളുടെയും നേതൃത്വത്തില്‍ ‘എവറെഡി വിരുദ്ധ കാമ്പയിന്‍’ നടന്നുവെങ്കിലും അല്‍പ കാലത്തിനകം നാം അതെല്ലാം മറന്നു. തുടക്കത്തില്‍ ജനരോഷം ഭയന്ന് എവറെഡി എന്ന പേര്‍ ഉപേക്ഷിച്ച് ‘ഗിവ് മി റെഡ്’ എന്ന പേരിലായിരുന്നു ഈ കമ്പനി കുറച്ചുകാലം തങ്ങളുടെ ഉത്പന്നം പുറത്തിറക്കിയത്്. മറവിരോഗം ബാധിച്ച നമുടെ പൊതു സമൂഹത്തിന്‍െറ പ്രതികരണ ശേഷിയെക്കുറിച്ച് നല്ല ബോധമുള്ള കമ്പനി പിന്നീട് എവറെഡി എന്ന പേരില്‍തന്നെ ഉത്പന്നങ്ങള്‍ പുറത്തിറക്കുകയും നാമത് രണ്ട് കൈയും നീട്ടി വങ്ങുകയും ചെയ്തു.


ഇതേ തന്ത്രം തന്നെയാണ് നെസ്ലെയും പയറ്റുവാന്‍ പോകുന്നത്. പുതിയപേരില്‍ മറ്റൊരു ‘ലഘുഭക്ഷണം’ പുറത്തിറക്കാന്‍ കമ്പനിയുടെ അണിയറയില്‍ നീക്കം തുടങ്ങിയതായി വാര്‍ത്തകള്‍ വന്നുകഴിഞ്ഞു. മാഗിയുടെ പോലത്തെന്നെ ‘റെഡി റ്റു കുക്ക്’ അല്ളെങ്കില്‍ ‘റെഡി റ്റു ഈറ്റ്’ രൂപത്തില്‍ ആയിരിക്കും പുതിയ ഉത്പന്നമെന്നാണ് സൂചന. ഇതിനായി കമ്പനിയുടെ ഗവേഷകന്മാര്‍ രാപകല്‍ തലപുകയുകയാണത്രെ.
അതോടൊപ്പംതന്നെ മറ്റൊരു വാര്‍ത്തയും വ്യാവസായികരംഗത്തെ ഉപശാലകളില്‍ ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. കേന്ദ്രസര്‍ക്കാറിന്‍െറ ‘ഗുഡ് ലിസ്റ്റി’ലുള്ള റിലയന്‍സിന്‍െറ പണിപ്പുരയില്‍ മാഗിക്ക് പകരമുള്ള ഒരു ഭക്ഷ്യോത്പന്നം തയാറായി വരുന്നുണ്ടെന്നതാണത്. നെസ്ലെക്ക് ഇന്ത്യന്‍ വിപണിയിലുള്ള വലിയ ഷെയര്‍ തന്ത്രത്തില്‍ റിലയന്‍സിന് പതിച്ചുനല്‍കാനുള്ള നാടകത്തിന്‍െറ ആദ്യരംഗമാണ് ഇപ്പോള്‍ അരങ്ങേറിയതെന്നാണ് പറഞ്ഞുകേള്‍ക്കുന്നത്.
ഈ അടുത്ത കാലത്ത് നിരോധത്തിലൂടെ വാര്‍ത്തകളില്‍ സ്ഥാനം പിടിച്ച കേരളത്തിലെ ഒരു ഭക്ഷ്യോത്പന്ന കമ്പനിയുടെ ഉത്പന്നങ്ങളും നിരോധം മറികടന്ന് തിരിച്ചുവരാന്‍ ഒരുങ്ങുകയാണ്.
എന്തായാലും പൊതുജനങ്ങളുടെ ആരോഗ്യത്തേക്കാള്‍ വില കുത്തക കമ്പനികളുടെ പണപ്പെട്ടികള്‍ക്ക്തന്നെയാണെന്ന് ഒരിക്കല്‍കൂടി തെളിയിക്കുന്നതാണ് സമകാലീന സംഭവങ്ങള്‍.







 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story