അറിയാനും അറിയിക്കാനും അല്ളെങ്കില്‍ പിന്നെന്തിനാണ് ഭാഷ?
text_fields
‘നമ്മുടെ പാര്‍ട്ടി എന്തുകൊണ്ടാണ് തെരഞ്ഞെടുപ്പില്‍ തോറ്റത്?’ വളരെ വ്യക്തതയുള്ള ചോദ്യമാണിത്! എന്നാല്‍, ആ ചോദ്യത്തിനുള്ള മറുപടി, ‘പ്രതിലോമകാരികളും പ്രതിക്രിയാവാദികളും തമ്മിലുള്ള ബന്ധം പ്രത്യക്ഷത്തില്‍ ശത്രുതാപരമായിരുന്നെങ്കിലും അവര്‍ തമ്മിലുള്ള അന്തര്‍ധാര ശക്തമായിരുന്നു’ എന്ന മട്ടിലുള്ളതാണെങ്കില്‍ ചോദ്യകര്‍ത്താവും കേള്‍വിക്കാരും കുഴങ്ങിപ്പോകും! അന്വേഷിക്കാനും അറിയാനുമുള്ള ജനങ്ങളുടെ താല്‍പര്യം അസ്തമിച്ചുപോകും!
‘സന്ദേശം’ എന്ന സത്യന്‍ അന്തിക്കാടിന്‍െറ ജനപ്രിയ ചിത്രത്തില്‍, ബോബി കൊട്ടാരക്കര വേഷമിട്ട സാധാരണ പാര്‍ട്ടി പ്രവര്‍ത്തകന്‍െറ ചോദ്യത്തിന് ശങ്കരാടി വേഷം പകര്‍ന്ന പാര്‍ട്ടിയുടെ താത്വികാചാര്യന്‍െറ മറുപടിയുടെ ഏകദേശരൂപമാണ് മേലെഴുതിയത്! ഇത്തരമൊരു ശങ്കരാടി ലൈനിലാണ് ജെ.എന്‍.യു പോലുള്ള സര്‍വകലാശാലകളില്‍നിന്ന് പഠിച്ചിറങ്ങിയ ‘ബുദ്ധിജീവികള്‍’ നിലവിളക്ക് കൊളുത്തുന്നത് ശരിയോ തെറ്റോ? മുഖം മറച്ചുകൊണ്ടുള്ള സ്ത്രീകളുടെ വസ്ത്രധാരണം ഇസ്ലാമികമോ അനിസ്ലാമികമോ? തുടങ്ങിയ സാധാരണക്കാരുടെ വ്യക്തമായ ചോദ്യങ്ങളെ അഭിസംബോധനചെയ്തുകൊണ്ട് ലേഖനങ്ങള്‍ എഴുതുന്നത്? മനുഷ്യര്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍ പറഞ്ഞാല്‍ ബുദ്ധിജീവിയാകില്ല എന്ന ധാരണയിലാണ് ഇവര്‍ എഴുതുന്നതും പറയുന്നതും എന്ന് ചുരുക്കം! ഇത് കണ്ടും കേട്ടും മടുത്തപ്പോള്‍ മനസ്സിലൊരു ചോദ്യം ഉയര്‍ന്നു; ഭാഷ എന്തിനു വേണ്ടിയാണ്?
ഈ ചോദ്യത്തിന് ഉത്തരം തേടിയപ്പോള്‍ എത്തിച്ചേര്‍ന്നത് നാരായണഗുരുവിന്‍െറ ഒരു വാക്യത്തിലാണ്-‘അറിയാനും അറിയിക്കാനും’ എന്നതാണ് ആ വാക്യം! അതേ, ഭാഷ അറിയാനും അറിയിക്കാനും വേണ്ടിയുള്ളതാണ്! അറിയാനും അറിയിക്കാനും സഹായകമാകുന്നില്ളെങ്കില്‍ പിന്നെന്തിനാണ് ഭാഷ? കുളിക്കാനും കുടിക്കാനും നനക്കാനും കൊള്ളാത്ത വെള്ളം മനുഷ്യനുള്‍പ്പെട്ട ജീവികള്‍ക്ക് നിഷ്പ്രയോജനകരമാണല്ളോ? ഇതുപോലെ അറിയാനും അറിയിക്കാനും ഉപകാരപ്പെടാത്ത ഭാഷയും നിഷ്പ്രയോജനകരം തന്നെയാണ്! ബ്രോയിലര്‍ കോഴികളുടെ ഗുണംപോലും അറിയാനും അറിയിക്കാനും കൊള്ളാത്ത ഭാഷകൊണ്ട് മനുഷ്യ സമൂഹത്തിനില്ല! അറിയാനും അറിയിക്കാനുമുള്ള പറച്ചിലും എഴുത്തുകളും ഉണ്ടാകണമെങ്കില്‍ അറിഞ്ഞവര്‍ അറിയിക്കാനായി എഴുതുകയും പറയുകയും ചെയ്യണം!.jpg)
നമ്മുടെ സര്‍വകലാശാലാ ബുദ്ധിജീവികള്‍ അഥവാ അക്കാദമിക് പണ്ഡിതരില്‍ ഏറെയും ‘അവര്‍ ചെയ്യുന്നതെന്തെന്ന് അവര്‍തന്നെ അറിയാത്തവരാണ്!’ അതുകൊണ്ടുതന്നെ അവരുടെ ഭാഷ ‘അറിയിക്കാന്‍ വേണ്ടിയുള്ളത’ല്ലാതായിത്തീരുന്നു. അഥവാ ആര്‍ക്കും മനസ്സിലാകാത്തതായി തീരുന്നു. മനസ്സിലാകാത്ത ഭാഷയിലാണ് എഴുത്തും പ്രസംഗവും എങ്കിലും ജനങ്ങള്‍ തങ്ങളെ വായിച്ചും കേട്ടും അഭിനന്ദിക്കുകയും പുരസ്കാരാദികള്‍ നല്‍കി ആദരിക്കുകയും ചെയ്യണം എന്ന കാര്യത്തില്‍ ബുദ്ധിജീവികള്‍ക്ക് നിര്‍ബന്ധമുണ്ട്. അതിന് വേണ്ടുന്ന പുറംചൊറിയലും കാലുപിടിത്തവും ഒക്കെ അവര്‍ നടത്തുകയും ചെയ്യും. ഇത്തരം ശല്യങ്ങളില്‍നിന്ന് തലയൂരി സ്വസ്ഥരാകാന്‍ പാവം ജനങ്ങള്‍ പറയും: ‘മാഷെഴുതിയ സാധനം’ ഗംഭീരമായിരുന്നു, മാഷ് നടത്തിയ പ്രസംഗം ഗംഭീരമായിരുന്നു. പക്ഷേ, ബുദ്ധിജീവികളുടെ പ്രസംഗവും എഴുത്തും ‘ഗംഭീരം’ എന്ന് അഭിനന്ദിച്ച സാധാരണക്കാരനോട് ചോദിച്ച് നോക്കുക എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്ന്. ഉടനെ കിട്ടുന്ന ഉത്തരം ‘ഞങ്ങള്‍ക്കൊന്നും മനസ്സിലായില്ല’ എന്നതായിരിക്കും. ഇങ്ങനെ ‘ഗംഭീരം’ എന്നതിന് ‘മനസ്സിലാകാത്തത്’ എന്നൊരു അര്‍ഥം സംഭാവന ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ടെന്നതൊഴിച്ചാല്‍ മറ്റൊരു സംഭാവനയും സമൂഹത്തിന് സര്‍വകലാശാലാ ബുദ്ധിജീവികളുടെ എഴുത്തിനെക്കൊണ്ടോ പ്രസംഗത്തെക്കൊണ്ടോ ഉണ്ടായിട്ടില്ല.

നമ്മുടെ നാട്ടില്‍ പത്രങ്ങള്‍, ആനുകാലികങ്ങള്‍, പുസ്തക പ്രസാധകര്‍, ബുക് ഷോപ്പുകള്‍ എന്നിവയൊക്കെ ധാരാളമുണ്ട്. ചവറുകണക്കിനുണ്ടെന്ന് നാടന്‍ മലയാളത്തില്‍ പറയാം. എന്നാല്‍, ഇത്രയൊന്നും പത്രങ്ങളും ആനുകാലികങ്ങളും ഇല്ലാതിരുന്ന കാലത്ത് കുമാരനാശാനും പണ്ഡിറ്റ് കറുപ്പനും സഹോദരന്‍ അയ്യപ്പനും സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയും കേസരി ബാലകൃഷ്ണപിള്ളയും തോപ്പില്‍ഭാസിയും വൈക്കം മുഹമ്മദ് ബഷീറും കെ.ടി. മുഹമ്മദും എന്‍.പി. മുഹമ്മദും ഉറൂബും പൊന്‍കുന്നം വര്‍ക്കിയും കെ. സരസ്വതിയമ്മയും ലളിതാംബിക അന്തര്‍ജനവും വി.ടി. ഭട്ടതിരിപ്പാടും ഇ.എം.എസും പവനനും സി.പി. ശ്രീധരനും എന്‍.വി. കൃഷ്ണവാരിയരും അയ്യപ്പപണിക്കരും ഒക്കെ എഴുതുന്നതെന്തും ജനങ്ങള്‍ ഏറ്റെടുക്കുകയും ചര്‍ച്ചചെയ്യുകയും അതുവഴി വ്യക്തിപരവും സാമൂഹികവുമായ വലിയ മാറ്റങ്ങള്‍ ഉണ്ടാവുകയും ചെയ്തിട്ടുണ്ട്..jpg)
ജനങ്ങള്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍ പറയുകയും എഴുതുകയും ചെയ്തവരിലൂടെയാണ് വലിയ മാറ്റങ്ങള്‍ ഉണ്ടായിട്ടുള്ളതെന്നതിന് മാനവചരിത്രവും സാക്ഷിയാണ്. ബുദ്ധന്‍ പറഞ്ഞതില്‍ അവ്യക്തമായ ഒന്നും ഉണ്ടായിരുന്നില്ല. അതിനാല്‍, അവഗണിക്കാനാകാത്ത ശക്തിയായി ലോകത്ത് ബുദ്ധന്‍ ഇപ്പോഴും ജീവിക്കുന്നു. യേശുക്രിസ്തുവിനാല്‍ പറയപ്പെട്ടതെന്ന് പരക്കെ വിശ്വസിക്കപ്പെടുന്ന ‘പുതിയ നിയമ’ത്തില്‍ മനുഷ്യന് മനസ്സിലാകാത്ത ഒരൊറ്റ വാക്കുപോലും ഇല്ല. ആഷാ മേനോന്‍െറ ശൈത്യസ്ഥലികളുടെ താത്ത്വിക ചൈതന്യത്താല്‍ മന്ത്രമുഗ്ധമായ സ്പര്‍ശരേണുക്കളുടെ സ്നിഗ്ധമധുരമായ പ്രപഞ്ചനമാണ് ആശാന്‍റെ നളിനീകാവ്യം എന്ന മട്ടിലുള്ള ലേഖനങ്ങള്‍ ഒരു എം.എ മലയാളം വിദ്യാര്‍ഥിക്ക് പോലും പിടികിട്ടാത്ത ‘ഗംഭീര’തയുടെ അവതാളം ഉള്ളതാകും. എന്നാല്‍, ബൈബ്ള്‍ വചനങ്ങള്‍ അക്ഷരം കൂട്ടിവായിക്കാനറിയാവുന്ന ഏത് കൊച്ചുകുട്ടിക്കും മനസ്സിലാക്കാനാവും. അതിനാലാണ് ബൈബിളിന്‍െറ സ്വാധീനം ഇപ്പോഴും നിലനില്‍ക്കുന്നത്. പരിശുദ്ധ ഖുര്‍ആനും നബിവചനങ്ങളും അറബിഭാഷ അറിയാവുന്നവര്‍ക്കെല്ലാം മനസ്സിലാക്കാനാവും.
മരണം എന്താണെന്ന ഗഹനമായ ചോദ്യത്തിന് ഭഗവദ്ഗീത നല്‍കുന്ന ഉത്തരം: ‘അഴുകിയ വസ്ത്രങ്ങള്‍ മാറ്റി പുതുവസ്ത്രങ്ങള്‍ അണിയുന്നതുപോലെ കൊള്ളാത്ത ശരീരം വെടിഞ്ഞ് ജീവാത്മാവ് കൊള്ളാവുന്ന ശരീരത്തിലേക്ക് മാറുന്നതാണ് മരണം’ എന്നത്രേ. ഇതും സംസ്കൃതം അറിയാവുന്ന ഏവര്‍ക്കും പിടികിട്ടുന്ന സമാധാനമാണ്. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ പറയുന്നതെന്തെന്നും ഗാന്ധിജി പറഞ്ഞതെന്തെന്നും ജനങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞതിനാലാണ് കമ്യൂണിസം എന്ന ബഹുജന മുന്നേറ്റംതന്നെ ഉണ്ടായതും ഗാന്ധിജി ലോകാരാധ്യനായ ഇന്ത്യയുടെ രാഷ്ട്രപിതാവായി തീര്‍ന്നതും.

സര്‍വകലാശാലാ ദലിത് ബുദ്ധിജീവികള്‍ അറിയേണ്ടത്, ഇന്ത്യയിലെ ദലിത് വാദത്തിന്‍െറ പ്രതിഷ്ഠാപകരും എക്കാലത്തേയും മഹാചാര്യന്മാരുമായ ജ്യോതിറാം ഫൂലേയേയോ ഡോ. അംബേദ്കറേയോ അവര്‍ അറിഞ്ഞതും അറിയിക്കാന്‍ ശ്രമിക്കുന്നതും എന്തെന്ന് മനസ്സിലാക്കാന്‍ ഒരു വായനക്കാരനും പ്രയാസം ഉണ്ടാവില്ല എന്നതാണ്. ശ്രീരാമകൃഷ്ണ പരമഹംസന്‍ എന്ന സ്വാമി വിവേകാനന്ദന്‍െറ ഗുരുനാഥന്‍, ആര്‍ക്കും മനസ്സിലാകാവുന്ന ഭാഷയില്‍ അദൈ്വതം, ദൈ്വതം, വിശിഷ്ടാദൈ്വതം, സകാരോപാസന, നിരാകാരോപാസന, മതഭേദങ്ങള്‍, കര്‍മം, ജ്ഞാനം, ഭക്തി എന്നീ സമ്പ്രദായങ്ങള്‍ തുടങ്ങിയവയെപ്പറ്റിയൊക്കെ പറഞ്ഞിട്ടുണ്ട്. ആ സംസാരങ്ങള്‍ ക്രോഡീകരിച്ച ഗ്രന്ഥമാണ് ശ്രീരാമകൃഷ്ണ വചനാമൃതം. ജനങ്ങള്‍ക്ക് മനസ്സിലാകാവുന്ന ഭാഷയില്‍ ഗഹന സത്യങ്ങള്‍ അവതരിപ്പിച്ചു എന്നതിനാല്‍തന്നെ ആധുനികേന്ത്യയിലെ ഏറ്റവും ജനകീയാദരവ് നേടിയ ആധ്യാത്മിക പ്രസ്ഥാനമാകാന്‍ ശ്രീരാമകൃഷ്ണ-വിവേകാനന്ദന്മാരുടെ ആധ്യാത്മിക സംഘടനക്ക് സാധിച്ചു. എന്നാല്‍, അരബിന്ദോഘോഷ് സാധാരണക്കാര്‍ക്ക് മനസ്സിലാകാവുന്ന ഭാഷയില്‍ ആധ്യാത്മിക വിഷയങ്ങള്‍ എഴുതുന്നതില്‍ വേണ്ടത്ര വിജയിച്ച മഹാത്മാവായിരുന്നില്ല. അതുകൊണ്ടുതന്നെ അരബിന്ദോയുടെ പ്രസ്ഥാനത്തിന് ഇന്ത്യന്‍ ജനകോടികളുടെ ഇടയില്‍ വേണ്ടത്ര വേരിറക്കം ഉണ്ടായതുമില്ല.
മലയാളത്തില്‍ ജനങ്ങള്‍ ഏറ്റെടുത്ത ഏറ്റവും വലിയ ആധ്യാത്മികഗ്രന്ഥം പൂന്താനത്തിന്‍െറ ‘ജ്ഞാനപ്പാന’യാണ്. ആര്‍ക്കും മനസ്സിലാകുന്ന ഭാഷയില്‍ പൂന്താനം ‘ജ്ഞാനപ്പാന’യില്‍ പാടിവെച്ചതിലുള്ളതിലപ്പുറം ഒരു ആധ്യാത്മികതയും അങ്ങേയറ്റത്ത് ജി. ബാലകൃഷ്ണന്‍നായര്‍ മുതല്‍ ഇങ്ങേയറ്റത്ത് നിത്യചൈതന്യയതിയുടെ ശിഷ്യനായ ഷൗക്കത്ത് വരെയുള്ളവര്‍ക്ക് പറയാനില്ല. പക്ഷേ, ബാലകൃഷ്ണന്‍നായരും ഷൗക്കത്തും ഇ.എം. ഹാഷീമും പി.എന്‍. ദാസും ഒക്കെ വളവന്‍ ഗോവണി ഭാഷയില്‍ എന്തൊക്കെയോ എഴുതി ആധ്യാത്മികമായ പുതിയ എന്തോ കാര്യം ഞങ്ങള്‍ പറയുന്നു എന്ന വ്യാജപ്രതീതി ബോധപൂര്‍വം സൃഷ്ടിച്ചെടുക്കുകയാണ് ചെയ്തിട്ടുള്ളത്.
കേരളത്തില്‍ എല്ലാവരും ശ്രദ്ധിക്കുന്ന, എന്നാല്‍ എല്ലാവര്‍ക്കും ഇഷ്ടമില്ലാത്ത ഗൗരവവ്യക്തിത്വമുള്ള ഒരൊറ്റ രാഷ്ട്രീയ നേതാവേയുള്ളൂ. അദ്ദേഹമാണ് പിണറായി വിജയന്‍. എന്തുകൊണ്ടാണ് പിണറായിയെ എല്ലാവരും ശ്രദ്ധിക്കുന്നത്? അദ്ദേഹം പറയുന്നത് എല്ലാവര്‍ക്കും മനസ്സിലാകും എന്നതുതന്നെ. മുഹമ്മദിന്‍െറയായാലും മത്തായിയുടെയായാലും മാധവന്‍െറയായാലും മരിച്ച മനുഷ്യന്‍െറ പല്ലും മുടിയും നഖവുമൊക്കെ വെറും ബോഡിവേസ്റ്റ് മാത്രമാണ് എന്ന് പിണറായി വിജയന്‍ പറഞ്ഞപ്പോള്‍ മുസ്ലിംകള്‍ക്കുവേണ്ടി മുടിപ്പള്ളി പണിയാന്‍ തിരക്കുകൂട്ടിയവര്‍ക്ക് മുട്ടുകുത്തേണ്ടിവന്നു. ജനം കാര്യം തിരിച്ചറിയുകയും അതിന്‍െറ ഫലം ഉണ്ടാവുകയും ചെയ്തു.
ഇത്രയും പറഞ്ഞതിന്‍െറ പശ്ചാത്തലത്തില്‍ പറയട്ടെ ‘അല്ലയോ ബുദ്ധിജീവികളേ, നിങ്ങള്‍ എന്ത് വിഷയം എഴുതുമ്പോഴും ആ വിഷയം എന്താണെന്ന് ആദ്യം തിരിച്ചറിയുക; അതിനുശേഷം അറിയിക്കുക. അപ്പോള്‍ ആളുകള്‍ക്ക് മനസ്സിലാകും. ആളുകള്‍ക്ക് മനസ്സിലായാല്‍ ജനങ്ങളത് ഹൃദയത്തില്‍ ഏറ്റുവാങ്ങും. ജനം ഒരു ആശയം ഹൃദയത്തിലേക്ക് ഏറ്റുവാങ്ങിയാല്‍ ബുദ്ധനിലൂടെയും ക്രിസ്തുവിലൂടെയും മുഹമ്മദിലൂടെയും മാര്‍ക്സിലൂടെയും ഗാന്ധിജിയിലൂടെയും അംബേദ്കറിലൂടെയും ശ്രീരാമകൃഷ്ണ പരമഹംസന്‍, ശ്രീനാരായണഗുരു, പൂന്താനം എന്നിവരിലൂടെയും ഒക്കെ ചരിത്രത്തില്‍ സംഭവിച്ച സാമൂഹിക പരിണാമങ്ങള്‍ ഇപ്പോഴും സംഭവിക്കും. അല്ലാത്തപക്ഷം പത്രങ്ങളും ആനുകാലികങ്ങളും എഴുത്തുകാരും പ്രസാധകരും ഒക്കെ ഉണ്ടാവും; പക്ഷേ, വായനക്കാര്‍ ഉണ്ടാവില്ല. പ്രസംഗകരും പ്രസംഗങ്ങളും ഉണ്ടാവും; കേള്‍വിക്കാര്‍ ഉണ്ടാവില്ല.
നിങ്ങള്‍ക്ക് ഇമ്മാനുവല്‍ കാന്‍റിനേയും ബെനഡിക്ട് സ്പിനോസയേയും ഫ്രഡറിക് നീത്ഷേയേയും എഡ്മണ്ട് ഹൂസ്സേളിനേയും സിമോന്‍ ദ ബുവ്വേയേയും ലെവി സ്ട്രാസിനേയും ദെറിദയേയും അന്തോണിയാ ഗ്രാംഷിയേയും ടെറി ഈഗിള്‍ട്ടനേയും പറ്റിയൊക്കെ എഴുതിയേ തീരൂ എങ്കില്‍ കുറഞ്ഞപക്ഷം പ്രഫ. കെ.പി. അപ്പന്‍ പാശ്ചാത്യചിന്തകരെ അവതരിപ്പിച്ച ഭാഷാവ്യക്തതയോടെയെങ്കിലും എഴുതുവാന്‍ പഠിക്കുക. അല്ലാത്തപക്ഷം നിങ്ങളുടെ വാക്കുകള്‍ വെറും വെര്‍ബല്‍ വേസ്റ്റായിത്തീരും. മാലിന്യം ഏറെ താങ്ങി സഹികെട്ട ഭൂമിക്ക് ഇനിയും മാലിന്യം താങ്ങാന്‍ വയ്യ എന്നറിയുക!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
