- ഓണത്തെക്കുറിച്ച് ധാരാളം എഴുതുകയും പറയുകയും ചെയ്തിട്ടുണ്ട് അങ്ങ്. അച്ഛന് മുമ്പേ മരിച്ചതോടെ കൂടുതല്‍ അരക്ഷിതമായ ബാല്യത്തെക്കുറിച്ചും വ്യക്തമാക്കിയിട്ടുണ്ട്. ദാരിദ്ര്യംനിറഞ്ഞ അക്കാലത്ത് ഓണമാഘോഷിക്കാന്‍ കഴിയാത്തതിലെ വിഷമം ഇന്നുമുണ്ടോ?
അന്നത്തെ ഓണത്തെക്കുറിച്ചും ബാല്യത്തെക്കുറിച്ചും പലപ്പോഴും പറഞ്ഞിട്ടുള്ളതുതന്നെയാണ്. അന്ന് എനിക്ക് സ്വന്തമായോ കുടുംബത്തോടൊപ്പമോ ഉള്ള ആഹ്ളാദഭരിതമായ ഓണനാളുകള്‍ ഇല്ലായിരുന്നു. അച്ഛന് വളരെ മുമ്പേ മരിച്ചുപോയതിനാല്‍ അമ്മയും ഞാനും കാര്യമായി ഓണാഘോഷം നടത്തിയ ഓര്‍മകളുമില്ല. എങ്കിലും, നാടിന്‍െറയും അയല്‍വീടുകളിലെയും ആ ഓണക്കാലം മനസ്സിലുണ്ട്. ഞങ്ങളുടെ നാട്ടില്‍ അന്ന് ഓണം നാലുദിനങ്ങളിലായാണ് ആഘോഷിച്ചിരുന്നത്. ഉത്രാടം, തിരുവോണം, അവിട്ടം, ചതയം എന്നിവയാണാ ദിവസങ്ങള്‍. ചതയം കഴിയുമ്പോള്‍ ചതയം ചതിച്ചുകൊണ്ടുപോയി എന്ന് പറഞ്ഞാണ് ഓണാഘോഷം അവസാനിപ്പിക്കുക. അച്ഛന്‍െറ നാട്ടിലുണ്ടായിരുന്ന ഓണക്കാലത്ത് അങ്ങനെയായിരുന്നില്ല. കൂടുതല്‍ ദിവസങ്ങളില്‍ ആഘോഷങ്ങളുണ്ടായിരുന്നു.
- ദാരിദ്ര്യം എന്നത് അന്ന് നാടിന്‍െറ പൊതുശീലമായിരുന്നതിനാല് ഓണം അടക്കമുള്ള ആഘോഷങ്ങളെ ഇത് എങ്ങനെയായിരുന്നു ബാധിച്ചിരുന്നത്?
ഓണം വരുന്നത് പഞ്ഞമാസമായ കര്‍ക്കടകം കഴിഞ്ഞാണ്. കര്‍ക്കടകത്തിലെ മഴയും ദാരിദ്ര്യവും ഇടത്തരക്കാരെയും പാവങ്ങളെയുമൊക്കെ കടത്തില്‍ മുക്കിയിരിക്കും. കര്‍ക്കടകം കഴിഞ്ഞ് ചിങ്ങമത്തെുമ്പോള് നെല്ലു വിളഞ്ഞ് കൊയ്യാറാകുന്നതിന്െറ ആശ്വാസത്തിലാകും കടങ്ങളൊക്കെ വാങ്ങി ആളുകള്‍ നിത്യവൃത്തി നടത്തുന്നതും. വയല്‍ കൊയ്യുന്നതോടെ ധാരാളം നെല്ലും അരിയും കിട്ടും. കൂലിപ്പണിക്കാര്‍ ഉള്‍പ്പെടെ കടംവീട്ടുകയും ചെയ്യും. ഞങ്ങളുടെ നാട്ടില്‍ ഒരു കടവുകാരനുണ്ട്. അയാള്‍ക്ക് ആരും അന്നന്ന് കൂലി നല്‍കിയിരുന്നില്ല. എന്നാല്‍, നെല്ല് കൊയ്യുമ്പോഴൊക്കെ
ആളുകള്‍ ഒന്നോ രണ്ടോ പറ നെല്ല് കടത്തുകാരന് കൊടുത്തിരുന്നു. ആളുകള്‍ ഓണത്തിന് പര്‍ച്ചേസ് നടത്തുന്നത് ഗ്രാമത്തില്‍ തന്നെയുള്ള ചന്തകളില്‍ നിന്നായിരുന്നു. അവിടെ ഒരുമാതിരിയുള്ള സാധനങ്ങളെല്ലാം കിട്ടും. അന്ന് പണിക്കാര്‍ക്കൊക്കെ കൃഷിയുള്ള വീടുകളില്‍നിന്ന് സദ്യ നല്‍കും. വാഴയിലയില്‍ കെട്ടിപ്പൊതിഞ്ഞ് വീട്ടിലേക്ക് കൊടുത്തുവിടും. ഓണാഘോഷത്തിന്‍െറ ഭാഗമായുള്ള സദ്യ നല്‍കുന്നതിന് ജാതിയോ മതമോ ഒന്നും ഒരു തടസ്സമായിരുന്നില്ല. ശരിക്കും കര്‍ഷകരുടെ നിറവും സന്തോഷവുമായിരുന്നു ഓണത്തിന്‍െറ സവിശേഷതകള്‍.
- മാറിയ കാലത്തെക്കുറിച്ച് വേദന തോന്നാറുണ്ടോ? പുതിയ തലമുറ ഓണത്തിന്‍െറ അര്‍ഥത്തെ മനസ്സിലാക്കാത്തതില്‍ പ്രത്യേകിച്ചും?
ഓണത്തെക്കുറിച്ചുള്ള സമ്പ്രദായം മാറിപ്പോയതില്‍ വിഷമമുണ്ട്. ഇനി ആ പഴയ കാലത്തിലേക്കോ കേരളത്തിലേക്കോ ഒരിക്കലും ആരു വിചാരിച്ചാലും തിരിച്ചുപോകാനാവില്ല. കാരണം, ഓണത്തിന്‍െറ തനിമ നിലനിര്‍ത്തിയിരുന്ന ഘടകങ്ങളൊക്കെ അപ്രത്യക്ഷമായിരിക്കുന്നു. ഇന്ന് ഏതാണ്ട് ഗ്രാമങ്ങളെല്ലാം ഭാഗികമോ പൂര്‍ണമോ ആയ നഗരങ്ങളായിരിക്കുന്നു. കുന്നിന്‍ചരിവുകള്‍ ഇല്ലാതായി. പഴയചെടികളും പൂക്കളും മണ്മറഞ്ഞു. വംശനാശംവന്ന പൂക്കളൊക്കെ ഇനി തിരിച്ചുവരുമോ? ഗ്രാമസംസ്കാരവും കര്ഷകസംസ്കാരവും ഇല്ലാതായതിന്‍െറ നടുവിലാണ് ഈ ഓണവും വന്നത്തെിയിരിക്കുന്നത്.
- ജന്മഗ്രാമമായ കൂടല്ലൂരില്‍ കൃഷിയുടെ അവസ്ഥയെന്താണ്? ഓണത്തിന് കൊയ്ത്തുണ്ടോ?
അവിടെ കുറച്ചുപേര്‍ ഇപ്പോഴും നെല്‍കൃഷി നടത്തുന്നുണ്ട്. ഇപ്പോള്‍ കൊയ്യുന്നത് യന്ത്രങ്ങളും ഞാറു നടുന്നത് ബംഗാളി തൊഴിലാളികളുമാണ്. അവരെ എത്തിക്കാന്‍ ചില പ്രത്യേക സങ്കേതങ്ങളുണ്ട്. അവരോട് ഞാറു നടാന്‍ 10 ബംഗാളികളെ വേണമെന്ന് പറഞ്ഞാല്‍ പിറ്റേന്ന് റെഡിയായിരിക്കും. അസ്സല് കൃഷി പ്പണി അറിയുന്നവരാണവര്‍.
- കൂടല്ലൂരിലെ തറവാട്ടിലെ ഇപ്പോഴത്തെ അവസ്ഥയെന്താണ്? ഓണത്തിന് എല്ലാവരും ഒരുമിച്ചു കൂടുന്നുണ്ടോ?
തറവാട് വീട്് ജ്യേഷ്ഠന്‍െറ മരണശേഷം ജ്യേഷ്ഠന്‍െറ മകള്‍ക്കാണ്. മക്കളൊക്കെ തൃശൂരായതിനാല്‍ അവള് അവര്‍ക്കൊപ്പമാണ് താമസം. ആഴ്ചയിലൊരിക്കല്‍ വന്ന് വീട് അടിച്ച് വൃത്തിയാക്കിയശേഷം മടങ്ങിപ്പോകും. ഓണത്തിനുമുമ്പുള്ള ദിവസം ഞാന്‍ കൂടല്ലൂരിലേക്ക് പോയി മടങ്ങും. പ്രത്യേകിച്ച് ആരെയും കാണാനല്ല. എന്‍െറ സമപ്രായക്കാരില്‍ പലരും മരിച്ചുപോയിരിക്കുന്നു. എങ്കിലും, പരിചയമുള്ളവര്‍ പലരുമുണ്ട്. ഞാന്‍ അവിടെ ഒരു വീട് പണികഴിപ്പിച്ചിട്ടുണ്ട്. അതും അടച്ചിട്ടിരിക്കുകയാണ്. അത് ഉണ്ടാക്കിയത് പാരമ്പര്യസ്വത്തില്‍ നിന്നല്ല. 50 സെന്റ് വിലകൊടുത്ത് വാങ്ങി ഭാരതപ്പുഴയുടെ തീരത്ത് പണിതതാണ്്. ആ വീടിന്‍െറ ഏതു ഭാഗത്തുനിന്നാലും കൃത്യമായി നിളയെ കാണാമായിരുന്നു. അതുണ്ടാക്കുന്ന ആഹ്ളാദം വലുതായിരുന്നു. എന്നാല്‍, നിളയുടെ ആ ഭാഗം മുഴുവന്‍ ഇന്ന് ഇല്ലാതായി.
- നിളയുടെ ദുരന്തം, ഓരോ ഗ്രാമത്തിലെയും ചെറുഅരുവികളില്‍ പോലും ആവര്‍ത്തിക്കപ്പെടുന്നു. എഴുത്തുകാരനെന്ന നിലയില്‍ താങ്കള്‍ നിളക്കുവേണ്ടി ഒരുപാട് ശബ്ദിച്ചു. എന്നിട്ടും...
കൂടല്ലൂര്‍ ശാന്തമായ ഗ്രാമമായിരുന്നു മുമ്പ്. എന്നാല്‍, അവിടേക്ക് മണലൂറ്റുകാരും മണല്‍കടത്തുന്ന ലോറികളും വന്നതോടെയാണ് ആ ശാന്തത പോയ്മറഞ്ഞത്. രാത്രി അവിടെ നൂറുകണക്കിന് ലോഡുകളുമായി ലോറികള്‍ ഉരുണ്ടുകൊണ്ടിരുന്നു. ഇന്ന് നിള മരിച്ചുപോയിരിക്കുന്നു. ഒപ്പം കേരളത്തിലെ നീര്‍ചോലകളില്‍ പലതും മരിച്ചുകൊണ്ടിരിക്കുന്നു. പുഴകള്‍ കൊലചെയ്യപ്പെടുന്നതിനെ കുറിച്ച് ആദ്യകാലം മുതലേ എഴുതുകയും ശബ്ദിക്കുകയും ചെയ്തിട്ടുണ്ട് ഞാന്‍. 1977ല്‍ ഒരു വാരികയിലെ എന്‍െറ കോളത്തില്‍ ഞാന്‍ പുഴകളുടെ നാശത്തിനെതിരെ മുന്നറിയിപ്പുനല്‍കി, തുടരത്തുടരെ എഴുതി. ഈ വിഷയത്തില്‍ അവസാനമായി എഴുതിയത് 1987ല്‍ ഹിന്ദുവിലാണ്.
കേരളത്തില്‍ മറ്റുള്ളിടങ്ങളെക്കാള്‍ കൂടുതലായി പ്രകൃതി കൊലചെയ്യപ്പെടുന്നുണ്ട്. എന്തുകൊണ്ടാണിത്?
കേരളത്തില്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാണ്. നെല്‍വയലുകള്‍ നികത്തരുതെന്ന് ഇവിടെ നിയമമുണ്ട്. എന്നാല്‍, അടുത്തിടെയായി ഉണ്ടായ സംഭവങ്ങള്‍ സൂചിപ്പിക്കുന്നത് കുറെ പണം പിഴയായി അടച്ചാല്‍ നെല്‍വയലുകള്‍ നികത്താമെന്നാണ്. ഇങ്ങനെയുളള ഉദാസീനമായ നിയമങ്ങള്‍ കൊണ്ടാണ് ഇവിടെ വയലുകള്‍ ഇല്ലാതായത്. എന്നാല്‍, മറ്റു സംസ്ഥാനങ്ങളിലൊന്നും ഇത്തരത്തില്‍ പരിസ്ഥിതിയെ നശിപ്പിക്കാന്‍ സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നില്ല. ഗോവയിലൊക്കെ പരമ്പരാഗതമായ വീടുകള്‍ പൊളിച്ച് മറ്റൊന്ന് വെക്കാന്‍ ഗവണ്മെന്റ് അനുവദിക്കില്ല. മാത്രമല്ല, അവിടെ ഇപ്പോഴും നെല്‍വയലുകളില്‍ കൃഷി നടക്കുന്നു. നിലം നികത്തുന്നില്ല. ഗോവ എനിക്ക് ധാരാളം പരിചയക്കാരുള്ള നാടാണ്.
- അങ്ങയുടെ സ്വതവേയുള്ള ഗൗരവം പ്രശസ്തമാണ്. എന്നാല്‍ കുട്ടികളുമായുള്ള സഹവാസം ആ ഭാവത്തെ മറികടക്കുന്നതായി അനുഭവപ്പെടുന്നുണ്ടോ? പുതിയ കുട്ടികളെ എങ്ങനെയാണ് നോക്കി ക്കാണുന്നത്?
എനിക്കുള്ള ഗൗരവത്തെ കുറിച്ചൊന്നും ഞാന്‍ ചിന്തിച്ചിട്ടില്ല. കുട്ടികളെ കുറിച്ച് പറയുകയാണെങ്കില്‍, തീരെ ചെറിയ കുട്ടികളുമായി അടുക്കുക എനിക്ക് വിഷമമാണ്; പ്രത്യേകിച്ച് ഒന്നോ രണ്ടോ വയസ്സുള്ള കുട്ടികളുമായി. എന്നാല്‍, അവര്‍ വളരുന്നതിനനുസരിച്ച് അടുപ്പം കൂടും. എന്‍െറ മകളുടെ മകനായ മാധവ് രണ്ടാം ക്ളാസിലാണ്. ഞാനുമായി നല്ല അടുപ്പമാണ്. കുസൃതികാണിക്കുകയും എന്‍െറ മേലില്‍ കയറി കുത്തിമറിയുകയുമൊക്കെ ചെയ്യും. ചിലപ്പോള്‍ എന്‍െറ കൂടെയാണ് കിടപ്പും. നെറ്റ് കണക്ഷനുള്ള മൊബൈല്‍ ഫോണില്‍ ഗെയിം കളിയാണ് അവന്‍െറ വിനോദവും. മാധവിന് ഞാനെന്നും കഥ പറഞ്ഞുകൊടുക്കണമെന്നതാണ് അവന്‍െറ ആഗ്രഹം. മൃഗകഥാപാത്രങ്ങളെയാണ് കൂടുതല്‍ ഇഷ്ടവും. ഏതു കഥ പറഞ്ഞുകൊടുത്താലും അതേ കഥകള്‍ തന്നെ ആവര്‍ത്തിച്ചുകേള്‍ക്കുകയാണ് അവന്‍െറ ശീലം.
പഴയ കാലത്തെ അഞ്ച് വയസ്സുകാരനും ഇപ്പോഴത്തെ അഞ്ചുവയസ്സുകാരനും ഒരുപോലെയല്ല. പുതിയ കുട്ടികള്‍ വളരെ ഇന്റലിജന്റാണ്.