എട്ട് സർക്കാർ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് ലോകായുക്ത റെയ്ഡ്
text_fieldsബംഗളൂരു: കർണാടകയിലെ എട്ട് സർക്കാർ ഉദ്യോഗസ്ഥരുടെ ഓഫിസുകളിലും വീടുകളിലും വ്യാഴാഴ്ച ലോകായുക്ത റെയ്ഡ് നടത്തി. ബംഗളൂരുവിലെ രണ്ട് ഓഫിസർമാരുടെയും കോലാർ, തുമകൂരു, ദാവൻഗരെ, കലബുറഗി എന്നിവിടങ്ങളിലെ ആറ് ഉദ്യോഗസ്ഥരെയും ലക്ഷ്യമിട്ടായിരുന്നു റെയ്ഡ്. ദാവൻഗരെ സ്വദേശിയായ ജില്ല ഭക്ഷ്യ സുരക്ഷ ക്വാളിറ്റി യൂനിറ്റിലെ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസറായ ജി.എസ്. നാഗരാജുവിനായി അഞ്ചിടങ്ങളിലാണ് പരിശോധന നടന്നത്.
ദാവൻഗരെ സിറ്റിയിലെ എസ്. നിജലിപ്പ ലേഔട്ടിലെ നാഗരാജുവിന്റെ വസതി, ഇയാളുടെ പിതാവ് ഷൺമുഖപ്പയുടെ വീട്, ഫാംഹൗസ്, ഓഫിസ്, ഇവരുടെ കുടുംബം നടത്തുന്ന സഹകരണ സൊസെറ്റിയിലും ലോകായുക്ത സംഘം പരിശോധന നടത്തി. ബംഗളൂരുവിൽ ഡി.പി.എ.ആർ ചീഫ് എൻജിനീയർ ടി.ഡി. നഞ്ചുണ്ടപ്പയുടെ വീട്ടിലും വസതിയിലും ബി.ബി.എം.പിയിലെ ഹൈവേ എൻജിനീയറിങ് ക്വാളിറ്റി കൺട്രോൾ ആൻഡ് ക്വാളിറ്റി അഷ്വറൻസ് എക്സി. എൻജിനീയർ എച്ച്.ബി. കലേഷപ്പ എന്നിവരുടെ വസതികളിലും ഓഫിസുകളിലും റെയ്ഡ് നടന്നു. വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട ആരോപണത്തെതുടർന്നായിരുന്നു റെയ്ഡ്. വിശദ അന്വേഷണം നടന്നുവരുന്നതായി ലോകായുക്ത എസ്.പി എം.എസ്. കൗലാപുരെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

