ഒരു നല്ല റോഡ് പോലുമില്ലാതെ വിത്തുകാട്; വോട്ട് ബഹിഷ്കരണത്തിന് കുടുംബങ്ങൾ
text_fieldsമേപ്പാടി: വിത്തുകാട് ഭൂസമരം 12 വർഷം പിന്നിട്ടിട്ടും ഇവിടെ കഴിയുന്ന കുടുംബങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഇന്നും വിദൂര സ്വപ്നം. 2008 ജനുവരി 24നാണ് ദേശീയ ശ്രദ്ധയാകർഷിച്ച ഭൂസമരത്തിന് തുടക്കമാകുന്നത്. ഭൂമിക്കുവേണ്ടിയുള്ള സമരം വ്യാഴവട്ടം പിന്നിട്ടിട്ടും വീട്, റോഡ്, കുടിവെള്ളം എന്നീ അടിസ്ഥാന സൗകര്യങ്ങൾ ഇവർക്ക് ഇന്നും അന്യമാണ്. ഷെഡുകളാണെങ്കിലും സ്ഥിരമായ വീട്ടുനമ്പർ പോലും ലഭിച്ചിട്ടില്ല. നിരവധി സമരങ്ങൾക്ക് ശേഷമാണ് താൽക്കാലിക നമ്പർ ലഭിച്ചത്. കുറേ കുടുംബങ്ങളിൽ വൈദ്യുതി എത്തിയെന്നു മാത്രം.
സി.പി.ഐ -എം.എൽ നേതൃത്വത്തിലാണ് സമരം നടന്നതെങ്കിലും ഇവിടത്തെ കുടുംബങ്ങളിലെ പലരുടെയും രാഷ്ട്രീയാഭിമുഖ്യം പലപ്പോഴായി മാറി. ചിലർ സി.പി.ഐ-എം.എൽ വിട്ട് പഴയ ജനതാദളിലും പിന്നീട് സി.പി.എമ്മിലും കോൺഗ്രസിലും ചേർന്നു. ഗ്രാമപഞ്ചായത്ത് ഭരണവും സംസ്ഥാന ഭരണവും എല്ലാം മാറിമാറി വന്നു. സ്ഥിരമായ വീട്ടുനമ്പറോ ഭൂമിക്ക് സ്ഥിരമായ കൈവശ രേഖയോ ഒന്നും ഇനിയും ഈ കുടുംബങ്ങൾക്ക് ലഭിച്ചിട്ടില്ല. വികസനവും വഴിമുട്ടി നിൽക്കുന്നു.
കുടുംബങ്ങൾ ഏറിയ പങ്കും ചെറ്റക്കുടിലുകളിലാണ് കഴിയുന്നത്. നാട്ടുകാർ തന്നെ വെട്ടിയുണ്ടാക്കിയ മൺറോഡുകൾ മാത്രമാണ് ആശ്രയം. മഴക്കാലത്ത് ചളിനിറഞ്ഞ് ഒരുവാഹനം പോലും വരില്ല. നിരവധി ആദിവാസി കുടുംബങ്ങൾ ഇവിടെയുണ്ട്. വിദ്യാർഥികളുമുണ്ട്.
ചില സന്നദ്ധ സംഘടനകൾ മുൻകൈയെടുത്ത് ചെറിയ ഒന്നുരണ്ട് കുടിവെള്ള പദ്ധതികൾ നടപ്പാക്കിയതൊഴിച്ചാൽ മറ്റൊരു വികസനവും ഇവിടേക്കെത്തിയില്ല. നല്ല കക്കൂസുകളില്ല. ജീവിതം ദുരിതപൂർണമായി തുടരുന്നു. പഞ്ചായത്ത്, കലക്ടർ, എം.എൽ.എ എന്നിവർക്കെല്ലാം നിവേദനങ്ങൾ നൽകിയെങ്കിലും കാര്യങ്ങൾക്ക് വലിയ മാറ്റമില്ല.
ഈ സാഹചര്യത്തിലാണ് ഇവിടത്തെ 150ഓളം കുടുംബങ്ങളിലുള്ളവർ വരുന്ന പഞ്ചായത്ത്, അസംബ്ലി തെരഞ്ഞെടുപ്പുകളിൽ വോട്ട് ബഹിഷ്കരിക്കാനൊരുങ്ങുന്നത്. കുടുംബങ്ങൾ യോഗം ചേർന്നാണ് വോട്ട് ബഹിഷ്കരിക്കാൻ തീരുമാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
