ഇതര സംസ്ഥാന ചരക്ക് നീക്കം; ഡ്രൈവര്‍മാര്‍ക്ക് പ്രത്യേകം വിശ്രമകേന്ദ്രങ്ങള്‍
text_fieldsകൽപറ്റ: ജില്ലയില്‍ നിന്ന് ഇതര സംസ്ഥാനത്തേക്ക് ചരക്കെടുക്കാൻ വാഹനങ്ങളില്‍ പോയി തിരികെയെത്തുന്ന ഡ്രൈവര്‍മാര്‍ക്കായി പ്രത്യേക വിശ്രമകേന്ദ്രങ്ങള്‍ തുറക്കുന്നു. ജില്ല കലക്ടറുടെ അധ്യക്ഷതയില്‍ കലക്‌ടറേറ്റിൽ ചേര്‍ന്ന ലോറി ഓണേഴ്‌സ് അസോസിയേഷന്‍ പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം.
വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ സൗകര്യമില്ലാത്ത ലോറി ഡ്രൈവര്‍മാരെയാണ് ഇത്തരം വിശ്രമ കേന്ദ്രത്തില്‍ താമസിപ്പിക്കുക.
കല്‍പറ്റ, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി എന്നിവിടങ്ങളിലാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ജില്ല ഭരണകൂടത്തിെൻറയും നേതൃത്വത്തില്‍ വിശ്രമകേന്ദ്രം കണ്ടെത്തുന്നത്.
പാര്‍ക്കിങ്, ബാത്ത്‌റൂം, അടിയന്തര മെഡിക്കല്‍ സൗകര്യം എന്നിവ ഇവിടെ ഉണ്ടാകും.
ഡ്രൈവര്‍മാര്‍ക്ക് അവശ്യസാധനങ്ങള്‍ എത്തിച്ചു നല്‍കുന്നതിനുള്ള സംവിധാനവും ഒരുക്കും. ഇതിന് പുറമേ ചരക്ക് വാഹനം സംബന്ധിച്ചുള്ള വിവരങ്ങളും ലോറി ഡ്രൈവറെ സംബന്ധിച്ചുള്ള വിവരങ്ങളും അടങ്ങുന്ന സ്റ്റിക്കറും സുരക്ഷക്രമീകരണങ്ങളുടെ ഭാഗമായി ലോറിയില്‍ പതിക്കും. യാത്ര കഴിഞ്ഞ് ലോറി ഡ്രൈവര്‍ താമസിക്കുന്ന ഇടങ്ങളെ സംബന്ധിച്ചുമുള്ള വിവരങ്ങള്‍ ഈ സ്റ്റിക്കറില്‍ അടങ്ങിയിരിക്കും.
ഇതര സംസ്ഥാനങ്ങളില്‍ കോവിഡ് -19 രോഗബാധ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി വിശ്രമകേന്ദ്രങ്ങള്‍ തുറക്കുന്നതെന്ന് ജില്ല കലക്ടര്‍ പറഞ്ഞു.
ഇവര്‍ പൊതു ഇടങ്ങളില്‍ സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നത് നിയന്ത്രിക്കാന്‍ വിശ്രമ കേന്ദ്രങ്ങളിലൂടെ സാധിക്കുമെന്നും അവര്‍ പറഞ്ഞു.
യോഗത്തില്‍ ജില്ല കലക്ടര്‍ ഡോ. അദീല അബ്ദുല്ല, ജില്ല പൊലീസ് മേധാവി ആര്‍. ഇളങ്കോ, എ.ഡി.എം ഇന്‍ ചാര്‍ജ് ഇ. മുഹമ്മദ് യൂസഫ്, ദുരന്തനിവാരണ ഡെപ്യൂട്ടി കലക്ടര്‍ കെ. അജീഷ്, ഡി.പി.എം ഡോ. ബി. അഭിലാഷ്, ലോറി ഓണേഴ്‌സ് അസോസിയേഷന്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
