കുടുംബത്തിലെ എട്ടുപേർക്ക് കോവിഡ്; വാളാട് സമ്പര്‍ക്ക വ്യാപനം

  • തവിഞ്ഞാൽ പഞ്ചായത്തിലെ എല്ലാ വാർഡുകളും കണ്ടെയ്ൻമെൻറ് സോണാക്കി

12:11 PM
28/07/2020
covid-19

മാനന്തവാടി: മരണ, കല്യാണ വീടുകളിൽ എത്തിയവർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ തവിഞ്ഞാൽ പഞ്ചായത്തിലെ വാളാട് സ്ഥിതി അതിഗുരുതരം. സമ്പർക്കവ്യാപനം തെളിഞ്ഞതോടെ തവിഞ്ഞാൽ പഞ്ചായത്തിലെ എല്ലാ വാർഡുകളും കണ്ടെയ്ൻമ​െൻറ് സോണുകളാക്കി. 

മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ച വാളാട് കൂടംകുന്ന് സ്വദേശിയുടെ സംസ്കാരം ഈ മാസം 19നാണ് നടന്നത്. ആശുപത്രിയിൽ ഇയാൾക്ക് കൂട്ടിരിപ്പിന് നിന്നവർക്കും ബന്ധുക്കൾക്കും ഉൾ​െപ്പടെ എട്ടുപേർക്കാണ് രോഗം സ്ഥിരീകരിച്ചത്. തൊട്ടടുത്ത ദിവസം പ്രദേശത്ത് നടന്ന കല്യാണത്തിൽ രോഗം സ്ഥിരീകരിച്ചവർ പങ്കെടുത്തിട്ടുണ്ട്. ഇത് സമ്പർക്ക വ്യാപനത്തിന് ഇടയാക്കിയിട്ടുണ്ടാകാമെന്ന നിഗമനത്തിലാണ് ആരോഗ്യ വകുപ്പ്. 

വ്യാപനം തടയുന്നതി​​െൻറ ഭാഗമായി രോഗികളുടെ സമ്പർക്കപ്പെട്ടികയിലുള്ള നൂറോളം പേരെ പരിശോധനക്ക് വിധേയമാക്കും. കൂടാതെ രോഗം സ്ഥിരീകരിച്ച ബത്തേരിയിലെ ഒരു സ്ഥാപനത്തിലെ യുവാവും വെള്ളമുണ്ട സ്വദേശിനിയും കല്യാണ വീട്ടിൽ എത്തിയിരുന്നു.

യുവാവ് വിവാഹ ചടങ്ങുകളിൽ സജീവമായിരുന്നു. വിവാഹാനന്തരം വാളാട് അങ്ങാടിയിലും ഇയാൾ നിരവധി സ്ഥാപനങ്ങളിൽ കയറിയിരുന്നു. അതുകൊണ്ടു തന്നെ ഇയാളുടെ സമ്പർക്ക പട്ടിക വിപുലവുമാണ്. ഇതിനോടകം തന്നെ 17 പേർ പനി ലക്ഷണങ്ങളോടെ ചികിത്സ തേടി കഴിഞ്ഞു. പ്രദേശത്ത് ആരോഗ്യ വകുപ്പ് വിപുലമായ പരിശോധന ആരംഭിച്ചു. 

ഇവിടെ സമ്പര്‍ക്കത്തിലുള്ള 110 പേരുടെ സാമ്പിള്‍ പരിശോധന നടത്തുന്നുണ്ട്. പൊലീസ് പരിശോധനയും കർശനമാക്കിയിട്ടുണ്ട്. രോഗവ്യാപനമുണ്ടായാൽ പ്രദേശത്തെ ക്ലസ്​റ്ററായി പ്രഖ്യാപിക്കാനുള്ള സാധ്യതയും കൂടുതലാണ്.

മരണാനന്തര, വിവാഹ ചടങ്ങുകളില്‍ പങ്കെടുത്ത എല്ലാവരും ബന്ധപ്പെടണം
തവിഞ്ഞാല്‍ പഞ്ചായത്തിലെ വാളാട് സമ്പര്‍ക്ക വ്യാപനത്തിന് കാരണമായ മരണാനന്തര ചടങ്ങിലും വിവാഹ ചടങ്ങിലും പങ്കെടുത്ത എല്ലാവരും നിര്‍ബന്ധമായും ബന്ധപ്പെട്ട പ്രാഥമികാരോഗ്യ കേന്ദങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ജില്ല കലക്ടര്‍ ഡോ. അദീല അബ്​ദുല്ല അറിയിച്ചു. 
രണ്ട് ചടങ്ങുകളിലും പങ്കെടുത്ത എല്ലാവരെയും അടിയന്തര പരിശോധനക്ക് വിധേയമാക്കണം. ആരും റിപ്പോര്‍ട്ട് ചെയ്യാതിരിക്കരുതെന്നും കലക്ടര്‍ അഭ്യര്‍ഥിച്ചു.

Loading...
COMMENTS