Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 May 2017 7:53 PM IST Updated On
date_range 11 May 2017 7:53 PM ISTനിർമാണ സാമഗ്രികളില്ല, ഉദ്യോഗസ്ഥരില്ല, പരാതിയുമായി ജനപ്രതിനിധികൾ
text_fieldsbookmark_border
കൽപറ്റ: ജില്ല ബ്ലോക്ക് ഗ്രാമപഞ്ചായത്തുകൾ ആവിഷ്കരിക്കുന്ന പദ്ധതികൾ മതിയായ ഉദ്യോഗസ്ഥർ ഇല്ലാത്തതിനാലും നിർമാണ സാമഗ്രികളുടെ ക്ഷാമവും മൂലം യഥാസമയത്ത് നടപ്പാക്കാനാവാത്ത അവസ്ഥ ജില്ലയുടെ വികസന സ്വപ്നങ്ങൾക്ക് തടസ്സം സൃഷ്ടിക്കുകയാണെന്ന് ത്രിതല പഞ്ചായത്ത് അധ്യക്ഷൻമാർ ജില്ലയുടെ ചാർജ് ഓഫിസറായി നിയമിക്കപ്പെട്ട തദ്ദേശ സ്വയംഭരണ പ്രിൻസിപ്പൽ സെക്രട്ടറി ടി.കെ. ജോസിനു മുന്നിൽ ഒറ്റക്കെട്ടായി പരാതിപ്പെട്ടു. ജില്ലയുടെ ചുമതല ഏറ്റെടുത്തതിനുശേഷം ആദ്യമായെത്തിയ ടി.കെ. ജോസ് വിളിച്ചുചേർത്ത യോഗത്തിലാണ് പരാതികൾ ഉയർന്നത്. പരാതികേട്ട ടി.കെ. ജോസ് വയനാട്, കാസർകോട്, ഇടുക്കി ജില്ലകളിലെ ബി.ഡി.ഒമാരില്ലാത്ത ബ്ലോക്കുകളിലും അസി. എക്സിക്യൂട്ടിവ് ഓഫിസർമാരില്ലാത്ത ഗ്രാമപഞ്ചായത്തുകളിലും ഇവരുടെ നിയമനത്തിന് ഏറ്റവും മുന്തിയ പരിഗണന നൽകുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയോട് അഭ്യർഥിക്കുമെന്ന് അറിയിച്ചു. ജില്ലയിൽ ഒഴിഞ്ഞുകിടക്കുന്ന തസ്തികകളുടെ പട്ടിക ലഭ്യമാക്കാൻ ജില്ല കലക്ടർക്ക് നിർദേശം നൽകി. ക്വാറികളുടെ പ്രവർത്തനം നിർത്തിവെച്ചതിനാൽ ജില്ലയിലെ നിർമാണ പ്രവർത്തനങ്ങൾ തടസ്സപ്പെട്ടിരിക്കുകയാണെന്ന് ജനപ്രതിനിധികൾ പറഞ്ഞു. പ്രവർത്തിക്കുന്ന ചുരുക്കം ക്വാറികൾ നിർമാണ വസ്തുക്കൾക്ക് അമിതവില ഈടാക്കുകയാണ്. കർണാടകയിൽനിന്നും ഇതരജില്ലകളിൽനിന്നും കൊണ്ടുവരുന്ന നിർമാണ വസ്തുക്കൾക്ക് വൻവിലയാണ് നൽകേണ്ടിവരുന്നത്. ഇക്കാര്യത്തിൽ നിലവിലുള്ള നിയമങ്ങൾക്കും നിയന്ത്രണങ്ങൾക്കും വിധേയമായി പരിഹാര നടപടികൾ ആലോചിക്കാമെന്ന് ടി.കെ. ജോസ് ഉറപ്പ് നൽകി. വയനാട്ടിൽ നെൽകൃഷി തിരിച്ചുകൊണ്ടുവരാൻ ഈ സാമ്പത്തിക വർഷത്തെ പദ്ധതികളിൽ മുൻഗണന നൽകിയതായി ത്രിതല പഞ്ചായത്ത് പ്രതിനിധികൾ അറിയിച്ചു. തൃശൂരിലെ അടാട്ട് അരി മാതൃകയിൽ കേരളത്തിലും പുറത്തും വിപണി കണ്ടെത്താൻ കഴിയുന്ന വിധം വയനാടൻ അരി ബ്രാൻഡ് ചെയ്യാനുള്ള പദ്ധതി ആവിഷ്കരിക്കാൻ ടി.കെ. ജോസ് ആവശ്യപ്പെട്ടു. വയനാടിെൻറ ഭൂപ്രകൃതിയും കാലാവസ്ഥ പ്രത്യേകതകളും ഉൾക്കൊള്ളുന്ന പദ്ധതികൾ ആവിഷ്കരിക്കണമെന്നും ടി.കെ. ജോസ് പറഞ്ഞു. പദ്ധതികൾ കഴിയുന്നതും ജില്ല ആസൂത്രണയോഗങ്ങളിൽ തീരുമാനിക്കണം. വിവിധ വകുപ്പുകളുടെ പൊതു മാർഗനിർദേശങ്ങൾ ജില്ലയുടെ ആവശ്യത്തിനനുസരിച്ച് അനിവാര്യത ബോധ്യപ്പെടുത്തി മാറ്റം വരുത്താം. ബ്രഹ്മഗിരി പോലുള്ള മാംസ സംസ്കരണ കേന്ദത്തിലേക്ക് കന്നുകാലികളെ ആന്ധ്രയിൽനിന്ന് കൊണ്ടുവരുന്നതിന് പകരം വയനാട്ടിൽനിന്നു തന്നെ ഇവ ലഭ്യമാക്കാനുള്ള പദ്ധതികളാണ് വേണ്ടത്. പാൽ, പച്ചക്കറി ഉൽപാദനത്തിൽ ജില്ല സ്വയം പര്യാപ്തത നേടണം. വിഷരഹിത പച്ചക്കറികൾ ലഭ്യമാക്കാൻ ആഴ്ചചന്തകൾ വ്യാപകമാക്കണം. ചക്ക മൂല്യവർധിത ഉൽപന്നമാക്കാൻ വികസിത രാജ്യങ്ങളിലെ മൂന്ന് സർവകലാശാലകളിൽ ഗവേഷണം നടക്കുന്നുണ്ട്. വയനാടിന് ഈ രംഗത്ത് വഴികാട്ടാനാവും. എല്ലാ ബ്ലോക്ക് പഞ്ചായത്ത് ആസ്ഥാനങ്ങളിലും മാലിന്യങ്ങളിൽ പ്ലാസ്റ്റിക് വേർതിരിക്കൽ സംവിധാനം ഏർപ്പെടുത്തും. സംസ്ഥാനത്ത് മുഴുവൻ ഗ്രാമപഞ്ചായത്തുകളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും പഞ്ചായത്ത് ചെലവിൽ ഒരു ഡോക്ടറെയും നഴ്സിനെയും നിയമിക്കുന്ന കാര്യം പരിഗണനയിലാണ്. നടപ്പ് സാമ്പത്തിക വർഷം സ്പിൽ ഓവർ പദ്ധതികൾ അനുവദിക്കാത്തതിനാൽ ഡിസംബറിനകം തന്നെ പദ്ധതിയുടെ 70 ശതമാനവും ചെലവഴിക്കണമെന്നും ടി.കെ. ജോസ് പറഞ്ഞു. യോഗത്തിൽ ജില്ല കലക്ടർ ഡോ. ബി.എസ്. തിരുമേനി, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.കെ. അസ്മത്ത്, സബ് കലക്ടർ വി.ആർ. േപ്രംകുമാർ, ജില്ല പ്ലാനിങ് ഓഫിസർ എൻ. സോമസുന്ദരലാൽ, ത്രിതല പഞ്ചായത്ത് അധ്യക്ഷൻമാർ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story