Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Jan 2017 7:51 PM IST Updated On
date_range 26 Jan 2017 7:51 PM ISTബത്തേരിയിലെ നടപ്പാത നിര്‍മാണം: ഒരു നടക്കൊന്നും തീരില്ല
text_fieldsbookmark_border
സുല്‍ത്താന്‍ ബത്തേരി: ജനുവരിയില്‍ എല്ലാ പണിയും പൂര്‍ത്തിയാക്കി ഫെബ്രുവരി ആദ്യവാരം ഉദ്ഘാടനം ചെയ്യുമെന്ന് അറിയിച്ച ബത്തേരി നടപ്പാതയുടെ നിര്‍മാണ പ്രവൃത്തി ഇഴഞ്ഞുനീങ്ങുന്നു. 25 ന് അവലോകന യോഗം ചേര്‍ന്ന് ഉദ്ഘാടനത്തിയതിയടക്കം നിശ്ചയിക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍, നിര്‍മാണ പ്രവൃത്തികളില്‍ കാര്യമായ പുരോഗതിയുണ്ടായില്ല. സ്വതന്ത്രമൈതാനിയുടെ സമീപത്ത് ഓവുചാല്‍ നിര്‍മിക്കുന്ന പ്രവൃത്തിയാണ് ഇപ്പോള്‍ നടക്കുന്നത്. ഇവിടെയുള്ള പഴയ ഓവുചാലിന് മുകളിലായി നില്‍ക്കുന്ന ഇലക്ട്രിക് പോസ്റ്റ് നീക്കംചെയ്യാന്‍ കെ.എസ്.ഇ.ബി അധികൃതര്‍ ഇതുവരെ തയാറായില്ല. അതേസമയം, ഓവുചാലിന്‍െറ നിര്‍മാണം ബുധനാഴ്ചയോടെ അവസാനിപ്പിക്കുകയാണെന്ന് കരാറുകാര്‍ അറിയിച്ചു. ഇതോടെ സ്വതന്ത്രമൈതാനിക്ക് സമീപത്തെ ഒരു വശത്തെ ഓവുചാല്‍ രണ്ടറ്റവും കൂട്ടിമുട്ടാതെ അവസാനിപ്പിച്ചു.പോസ്റ്റ് മാറ്റിസ്ഥാപിക്കണമെന്ന് നിരവധി തവണ കെ.എസ്.ഇ.ബി അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും മാറ്റാന്‍ തയാറായില്ളെന്ന് നിര്‍മാണത്തൊഴിലാളികളും സമീപത്തെ കച്ചവടക്കാരും പറഞ്ഞു. മഴക്കാലമാകുന്നതോടെ ഓവുചാലിലെ വെള്ളം റോഡിലേക്കും സമീപത്തെ കടകളിലേക്കും ഒഴുകുമെന്നുറപ്പായി. ഭൂരിഭാഗം പണിയും പൂര്‍ത്തിയാക്കിയെന്നാണ് കരാറുകാര്‍ അവകാശപ്പെടുന്നത്. അസംപ്ഷന്‍ ജങ്ഷന്‍ മുതല്‍ ട്രാഫിക് ജങ്ഷന്‍ വരെയാണ് പണി പൂര്‍ത്തിയാക്കിയത്. സ്വതന്ത്രമൈതാനി മുതല്‍ കോട്ടക്കുന്ന് വരെയുള്ള ഭാഗത്ത് നിരവധി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താനുണ്ട്. സ്വതന്ത്രമൈതാനി മുതല്‍ ചുങ്കം വരെ ഒരു വശത്ത് മാത്രമാണ് കൈവരി പിടിപ്പിച്ചിട്ടുള്ളത്. പലയിടത്തും ടൈല്‍ പതിപ്പിക്കാനുമുണ്ട്. ചുങ്കത്തുനിന്നും പൊലീസ് സ്റ്റേഷന്‍ റോഡിലേക്ക് പ്രവേശിക്കുന്നിടത്ത് റോഡിനിരുവശവും കലുങ്ക് നിര്‍മാണത്തിനായി കുഴി എടുത്തിട്ടു. ആളുകള്‍ കുഴിയില്‍ വീഴാതിരിക്കാന്‍ സമീപത്തെ കടക്കാര്‍ താല്‍ക്കാലികമായി പലക ഇട്ടിരിക്കുകയാണ്. നടപ്പാതയുടെ കുഴികളില്‍വീണ് നിരവധി ആളുകള്‍ക്ക് പരിക്കുപറ്റിയിട്ടുണ്ട്. നിര്‍മാണവുമായി ബന്ധപ്പെട്ട് വന്‍ കോലാഹലങ്ങള്‍ സൃഷ്ടിച്ച നടപ്പാത രണ്ടു വര്‍ഷത്തോളമായിട്ടും പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ കിടക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story