Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Feb 2017 5:23 PM IST Updated On
date_range 4 Feb 2017 5:23 PM ISTകാപ്പി പൂത്തു; കര്‍ഷകമനസ്സും
text_fieldsbookmark_border
കല്‍പറ്റ: ജില്ലയില്‍ കര്‍ഷകരുടെ മനം കുളിര്‍പ്പിച്ച് കാപ്പിച്ചെടികള്‍ പൂത്തുലഞ്ഞു. കത്തുന്ന വെയിലിനിടയിലും ജില്ലയില്‍ പരക്കെ രണ്ടുദിവസം വേനല്‍മഴ കിട്ടിയതോടെ തോട്ടങ്ങള്‍ സമൃദ്ധമായി പൂത്തുനില്‍ക്കുകയാണ്. വയനാട്ടില്‍ തോട്ടങ്ങള്‍ തൊണ്ണൂറു ശതമാനത്തോളം പൂത്തതായി കോഫി ബോര്‍ഡ് വൃത്തങ്ങള്‍ പറഞ്ഞു. ചില വന്‍കിട എസ്റ്റേറ്റുകളൊഴികെ ജില്ലയില്‍ 80 ശതമാനം കാപ്പിത്തോട്ടങ്ങളിലും വിളവെടുപ്പ് പൂര്‍ത്തിയായ ശേഷമാണ് ഒരാഴ്ച മുമ്പ് ശക്തമായ വേനല്‍ മഴ കിട്ടിയത്. ഇതോടെയാണ് കാപ്പിച്ചെടികള്‍ പൂവിട്ടത്. വന്‍കിട തോട്ടങ്ങളില്‍ ചിലത് സ്പ്രിങ്ഗ്ളറുകള്‍ ഉപയോഗിച്ച് ചെടികള്‍ നനക്കാന്‍ ഒരുങ്ങിനില്‍ക്കവെയായിരുന്നു മഴ. പരമ്പരാഗതമായി സ്പ്രിങ്ഗ്ളറുകള്‍ ഉപയോഗിച്ച് ചെടി നനക്കുന്ന പല തോട്ടങ്ങളിലെയും കുളങ്ങളിലും മറ്റും ഇക്കുറി മതിയായ വെള്ളവുമില്ലാതെ കുഴങ്ങുകയായിരുന്നു. ഈ സാഹചര്യത്തില്‍, തിമിര്‍ത്തുപെയ്ത പുതുമഴ ജില്ലയിലെ കര്‍ഷകര്‍ക്ക് വലിയ അനുഗ്രഹമായി മാറുകയായിരുന്നു. ഇനി 15-20 ദിവസത്തിനിടക്ക് ഒരു മഴ കൂടി കിട്ടിയാല്‍ മികച്ച വിളവ് ലഭിക്കുമെന്നാണ് കര്‍ഷകരുടെ പ്രതീക്ഷ. മഞ്ഞിന്‍െറ സാന്നിധ്യവും ഈ പ്രതീക്ഷകള്‍ക്ക് കരുത്തേകുന്നു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാപ്പി വിളയുന്ന ജില്ലയായ വയനാട്ടില്‍ റോബസ്റ്റ കാപ്പിയാണ് ഏറിയ കൂറും കൃഷി ചെയ്യുന്നത്. വയനാടിന്‍െറ കാലാവസ്ഥക്ക് പറ്റിയ ഇനമാണ് റോബസ്റ്റ. ഇടുക്കി, പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതി എന്നിവിടങ്ങളില്‍ അറബിക്ക കാപ്പിയാണ് കൂടുതലും. ആഗോള മാര്‍ക്കറ്റില്‍ റോബസ്റ്റയേക്കാള്‍ പ്രിയം അറബിക്കക്കാണ്. എന്നാല്‍, വയനാടന്‍ കാലാവസ്ഥ അടക്കമുള്ള സാഹചര്യങ്ങള്‍ അറബിക്കക്ക് പറ്റിയതല്ല. റോബസ്റ്റ 40 ശതമാനം തണലില്‍ കൂടുതല്‍ വിളവുതരുമ്പോള്‍ അറബിക്കക്ക് 60 ശതമാനം തണല്‍ വേണം. പണ്ടുകാലങ്ങളില്‍ പരീക്ഷണാര്‍ഥത്തില്‍ ചിലയിടങ്ങളില്‍ അറബിക്ക കൃഷി ചെയ്തിരുന്നുവെങ്കിലും വിളവു തീരെ കുറവായതോടെ കര്‍ഷകര്‍ പൂര്‍ണമായും പിന്തിരിയുകയായിരുന്നു. എന്നാല്‍, തീര്‍ത്തും ജൈവരീതിയില്‍ കൃഷി ചെയ്യുന്ന തനത് വയനാടന്‍ റോബസ്റ്റക്കും ഇപ്പോള്‍ ഏറെ ഡിമാന്‍റായിക്കഴിഞ്ഞു. ഒന്നിലധികം തവണ പൂക്കുന്നതാണ് റോബസ്റ്റയുടെ രീതി. എന്നാല്‍, ഇക്കുറി 90 ശതമാനത്തോളം ആദ്യ തവണതന്നെ പൂത്തത് കൂടുതല്‍ വിളവിന് വഴിയൊരുക്കും. നൂറുശതമാനം പൂവിടാന്‍ 24 മില്ലിമീറ്റര്‍ മഴയെങ്കിലും റോബസ്റ്റ ചെടികള്‍ക്ക് ലഭിക്കണം. മഞ്ഞുവീഴുന്ന കാലാവസ്ഥയുമായാല്‍ പൂവിടലിന് ആക്കം കൂടും. വയനാട്ടില്‍ കാപ്പികൃഷിക്ക് പ്രചാരം കൂടിവരുകയാണെന്ന് കോഫി ബോര്‍ഡ് ലെയ്സണ്‍ ഓഫിസ് അധികൃതര്‍ ചൂണ്ടിക്കാട്ടി. അടക്ക കൃഷി ചെയ്യുന്ന കരസ്ഥലത്ത് കാപ്പി കൃഷി വ്യാപിപ്പിക്കുന്നതിന് ഇപ്പോള്‍ ബോര്‍ഡ് സബ്സിഡി നല്‍കുന്നുണ്ട്. ഏക്കറിന് 20,000 രൂപ വീതമാണ് സബ്സിഡി. അരയേക്കര്‍ ഉള്ളവര്‍ക്കും 10,000 രൂപ സബ്സിഡി നല്‍കും. അടക്ക, കുരുമുളക് ഉള്‍പ്പെടെയുള്ള കൃഷികള്‍ നാശോന്മുഖമാകുന്നതിനിടയിലും കാര്യമായ രോഗബാധകളില്ലാത്തതിനാല്‍ കര്‍ഷകര്‍ക്ക് ഇപ്പോഴും പ്രതീക്ഷ നല്‍കുന്ന കൃഷിയാണ് കാപ്പി. പുതിയ ഇടങ്ങളിലേക്ക് കൃഷി വ്യാപിപ്പിക്കാന്‍ സ്വകാര്യ നഴ്സറികളില്‍നിന്നുള്ള ചെടികളെയാണ് കര്‍ഷകര്‍ കാര്യമായി ആശ്രയിക്കുന്നത്. കോഫി ബോര്‍ഡ് നല്‍കുന്ന വിത്ത് മുളപ്പിച്ച് തൈയൊരുക്കുന്ന കര്‍ഷകരും ഏറെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story