Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 April 2017 6:25 PM IST Updated On
date_range 18 April 2017 6:25 PM ISTനിയന്ത്രണത്തിന് നടപടിയില്ല: വാഴത്തോട്ടങ്ങളിൽ മാരക കീടനാശിനി പ്രയോഗം വ്യാപകം
text_fieldsbookmark_border
കൽപറ്റ: കാലാവസ്ഥ വ്യതിയാനവും വരൾച്ചയും വയനാടിനെ മൊത്തം ഉലക്കുന്ന അവസരത്തിലും മാരക കീടനാശിനികൾ ഉപയോഗിച്ചുള്ള വാഴകൃഷി വ്യാപകമാകുന്നത് നിയന്ത്രിക്കണമെന്ന് ആവശ്യമുയരുന്നു. പച്ചക്കറിയടക്കം മിക്ക കൃഷികളിലും ജൈവരീതിയിലേക്ക് തിരിയുമ്പോഴും മിക്കവരും വയലുകളിൽ വാഴകൃഷി ചെയ്യുന്നത് അളവിൽ കൂടുതൽ കീടനാശിനി ഉപയോഗിച്ചാണ്. കീടനാശിനികൾ കോരിച്ചൊരിഞ്ഞ് നടത്തുന്ന വാണിജ്യവിളകളുടെ കൃഷി നിയന്ത്രിക്കാൻ അധികൃതർ ഇനിയെങ്കിലും രംഗത്തുവരണമെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി അടക്കമുള്ള സംഘടനകൾ ആവശ്യപ്പെടുന്നു. നെൽവയലുകളിൽ വാണിജ്യാടിസ്ഥാനത്തിൽ വാഴകൃഷി ചെയ്യാൻ തുടങ്ങിയത് ജില്ലയുടെ പാരിസ്ഥിതിക ഘടനക്കേറ്റ വലിയ ആഘാതങ്ങളിൽ ഒന്നായിരുന്നുവെന്ന് ജില്ല മണ്ണ് സംരക്ഷണ ഒാഫിസർ പി.യു. ദാസ് ചൂണ്ടിക്കാട്ടുന്നു. വയലുകളിൽ വെള്ളം കെട്ടിനിർത്തി കൃഷി ചെയ്തിരുന്ന നെല്ലിെൻറ സ്ഥാനത്ത് വാഴ എത്തിയതോടെ ജലസംഭരണത്തിനു പകരം ജലം ഒഴുക്കിക്കളയുന്ന അവസ്ഥയുണ്ടായി. ഇത് ജില്ലയിലുടനീളം കടുത്ത വരൾച്ചക്ക് വഴിവെച്ചു. നെൽകൃഷി ചെയ്യുന്ന സമയത്ത് വയലുകളോട് ചേർന്നുനിന്നിരുന്ന സ്ഥലത്തെ കിണറുകളിൽ സമൃദ്ധമായി വെള്ളമുണ്ടായിരുന്നു. നെല്ലിനു പകരം വാഴയും ഇഞ്ചിയും അടക്കമുള്ളവ വയലുകളിലെത്തിയതോടെ കിണറുകൾ വറ്റാൻ തുടങ്ങി. ഇതിനു പുറമെയായിരുന്നു കടുത്ത പാരിസ്ഥിതിക പ്രശ്നങ്ങൾ. വാഴയിൽ പ്രയോഗിക്കുന്ന അപകടകരമായ കീടനാശിനികൾ വലിയ തോതിൽ ജീവജാലങ്ങളുടെ നാശത്തിന് വഴിയൊരുക്കി. കീടനാശിനി പ്രയോഗത്തിൽ ചത്ത ഞണ്ടുകളെ ഭക്ഷിച്ച് വയനാട്ടിൽ കുറുക്കന്മാർതന്നെ ഇല്ലാതായ അവസ്ഥയുണ്ടായി. വ്യാപകമായ കാട്ടുപന്നി ശല്യത്തിന് വഴിവെച്ചത് ചുരത്തിനു മുകളിലെ കുറുക്കെൻറ വംശനാശമായിരുന്നു. മാരകരോഗങ്ങളാണ് വാഴകൃഷിയിലെ കീടനാശിനി പ്രേയാഗം വയനാടിന് സമ്മാനിച്ചത്. അർബുദ രോഗബാധ കുത്തനെ ഉയർന്നു. വാഴകൃഷി വ്യാപകമായ പ്രദേശങ്ങളിൽ അർബുദത്തിനു പുറമെ വൃക്കരോഗമടക്കമുള്ളവയും പടർന്നു. കൃഷിയിടങ്ങൾക്കു ചുറ്റിലുമുള്ള വീടുകളിലെ കുഞ്ഞുങ്ങൾക്കടക്കം മാരക രോഗങ്ങൾ ബാധിക്കുന്ന അവസ്ഥയാണുള്ളത്. കിണർ വെള്ളംവരെ കീടനാശിനി ചേർന്ന് മലിനമാകുേമ്പാഴും ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ പരാതി നൽകിയാൽ അതു ഗൗനിക്കപ്പെടാറില്ല. സാമ്പത്തികമായി ഭദ്രമായ നിലയിലുള്ളവരാണ് വൻ തുക പാട്ടം നൽകിയും മറ്റും വയലുകളിൽ ഏക്കറുകണക്കിന് വാഴയും ഇഞ്ചിയും ചെയ്യുന്നവരിൽ ഏറിയകൂറും. മിക്ക കർഷകരും നിരോധിത കീടനാശിനിയായ ഫ്യൂറഡാൻ വൻതോതിൽ ഉപയോഗിച്ചാണ് കൃഷിയിറക്കുന്നത്. വാഴക്കന്നുകൾ കീടനാശിനിയിൽ മുക്കിവെക്കുന്നതു മുതൽ തുടങ്ങുന്ന വിഷപ്രയോഗം വാഴ കുലച്ചതിനുശേഷവും തുടരുന്നു. സാമ്പത്തികലാഭം മാത്രം മുൻനിർത്തി ഇത്തരം കൃഷികളിൽ നടത്തുന്ന അമിത കീടനാശിനി പ്രയോഗം നിയന്ത്രിക്കാൻ കൃഷിവകുപ്പ് അടക്കമുള്ളവ ഒരു നടപടിയും സ്വീകരിക്കുന്നില്ല. നിരോധിത കീടനാശിനികൾ ഉപയോഗിക്കുന്നുണ്ടോ എന്നത് പരിശോധിക്കാൻ കൃഷിയിടങ്ങളിൽ മിന്നൽ പരിശോധനയടക്കം നടത്തുമെന്ന് കൃഷിവകുപ്പ് ഇൗയിടെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, വയനാട് ജില്ലയിലെ വയലുകളിൽ നിരോധിത കീടനാശിനികൾ കോരിച്ചൊരിഞ്ഞ് നടത്തുന്ന വാഴകൃഷിയിടങ്ങളിൽ പേരിനെങ്കിലും ഒരു പരിശോധന നടത്താൻ ഇവർ മിനക്കെടുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story