Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 April 2017 7:41 PM IST Updated On
date_range 5 April 2017 7:41 PM ISTഅറമല റോഡുപണി വനംവകുപ്പ് തടഞ്ഞതായി പരാതി
text_fieldsbookmark_border
കൽപറ്റ: ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിലുൾപ്പെടുത്തി വൈത്തിരി പഞ്ചായത്ത് പുനർനിർമാണം തുടങ്ങിയ ലക്കിടി-അറമല റോഡിെൻറ പണി വനംവകുപ്പ് തടഞ്ഞു. നിലവിലുള്ള ടാറിട്ട റോഡിെൻറ കോൺക്രീറ്റിങ് പണിയാണ് റോഡ് പോകുന്ന സ്ഥലം വനംവകുപ്പിേൻറതാണെന്ന വാദത്തിൽ തടയപ്പെട്ടത്. അറമലയിൽനിന്ന് 300 മീറ്ററിലധികം കോൺക്രീറ്റ് പണി കഴിഞ്ഞപ്പോഴാണ് വനംവകുപ്പ് അധികൃതർ പണി തടഞ്ഞത്. ആദിവാസികളടക്കം നൂറോളം കുടുംബങ്ങൾ താമസിക്കുന്ന അറമലയിൽ അംഗൻവാടിയും നിരവധി ഹോംസ്റ്റേകളുമുണ്ട്. അംഗൻവാടിയിലെയും പുറത്തു പഠിക്കുന്ന സ്‌കൂൾ കുട്ടികളുടെയും പരാതിയിൽ ബാലാവകാശ കമീഷൻ റോഡ് പണി തടയരുതെന്ന് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇപ്പോഴത്തെ വാർഡ് മെംബറും വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമായ വി. ഉഷാകുമാരി ജില്ല പഞ്ചായത്ത് പ്രസിഡൻറായിരുന്ന സമയത്ത് 2005ൽ വിവിധ സ്കീമുകളിൽ ഉൾപ്പെടുത്തിയാണ് അറമല റോഡിെൻറ പണി തുടങ്ങിയത്. എന്നാൽ, ലക്കിടിയിൽനിന്ന് ഏകദേശം 500 മീറ്റർ കഴിഞ്ഞുള്ള സ്ഥലം വനംവകുപ്പിേൻറതാണെന്ന വാദവുമായി ഫോറസ്റ്റ് അധികൃതർ രംഗത്തുവന്നു. റോഡ് പണി തടയുകയും തുടർ പണികൾ നിർത്തിവെക്കാൻ നോട്ടീസ് കൊടുക്കുകയും ചെയ്തു. എന്നാൽ, രാത്രി നാട്ടുകാരിൽ ചിലർ വന്നു റോഡുപണി പൂർത്തീകരിച്ചു. ഇതിെൻറ പേരിൽ അന്നത്തെ പഞ്ചായത്ത് പ്രസിഡൻറ് ഗഗാറിെൻറയും മെംബർ കൃഷ്ണൻകുട്ടിയുടെയും പേരിൽ വനംവകുപ്പ് കേസെടുക്കുകയും ചെയ്തു. അന്നത്തെ റോഡ് പൊട്ടിപ്പൊളിഞ്ഞു താറുമാറായി കാൽനട പോലും ദുഷ്കരമായപ്പോഴാണ് സ്ഥലവാസികളായ കുട്ടികളെല്ലാം കൂടി ബാലാവകാശ കമീഷനിൽ പരാതി നൽകിയതും റോഡ് സഞ്ചാരയോഗ്യമാക്കുന്നതിന് അനുവാദം നൽകണമെന്ന് വനംവകുപ്പിനോട് ആവശ്യപ്പെട്ടതും. പുതിയ പഞ്ചായത്ത് നിലവിൽ വന്നശേഷം വീണ്ടും പഞ്ചായത്ത് സമിതിയിൽ കഴിഞ്ഞവർഷം ജൂണിൽ റോഡിെൻറ പുനർനിർമാണത്തിന് അനുമതി നൽകി. ഇതിെൻറ അംഗീകാരത്തിനായി സമീപിച്ചപ്പോൾ എല്ലാ പേപ്പറുകളും തിരുവനന്തപുരത്തേക്ക് അയച്ചുവെന്നാണത്രെ ഡി.എഫ്.ഒ പറഞ്ഞത്. ഈ ഒരു കാര്യത്തിന് പഞ്ചായത്ത് പ്രസിഡൻറ് വനം മന്ത്രിയുടെ ഓഫിസിൽ നേരിട്ട് പോയെങ്കിലും അനുമതി ഉടൻ നൽകാമെന്നായിരുന്നു പ്രതികരണം. പത്തോ അതിലധികമോ ആദിവാസി കുടുംബങ്ങളുണ്ടെങ്കിൽ റോഡിെൻറ ആവശ്യം ഉന്നയിച്ച് അപേക്ഷ നൽകിയാൽ മതിയെന്ന് വനംവകുപ്പ് അറിയിച്ച പ്രകാരം അതും ചെയ്തു. 15 ആദിവാസി കുടുംബങ്ങളാണ് അറമല ഭാഗത്തുള്ളത്. വീണ്ടും റോഡ് പണിയുടെ എസ്റ്റിമേറ്റ്, മാപ്, സ്കെച്ച്, ഗൂഗ്ൾ മാപ് എന്നിവയുമായി പുതിയ അപേക്ഷ നൽകാനാണത്രെ വനംവകുപ്പ് ആവശ്യപ്പെടുന്നത്. പഞ്ചായത്ത് പ്രസിഡൻറും എം.എൽ.എയും ഡി.എഫ്.ഒയെ വീണ്ടും കണ്ടുവെങ്കിലും തിരുവനന്തപുരത്തുനിന്ന് അനുമതിപത്രം വരാതെ റോഡ് പണി തുടങ്ങരുതെന്ന് കർശന നിർദേശമുണ്ടെന്നാണത്രെ അറിയിച്ചത്. വൈത്തിരി പഞ്ചായത്ത് ഓഫിസിൽനിന്ന് ചില പ്രമാണങ്ങൾകൂടി കിട്ടിയാലേ അനുമതി നൽകാനാവൂ എന്നാണ് വനംവകുപ്പ് ഓഫിസിൽനിന്ന് അറിയിച്ചത്. ഇതിനിടെ, പ്രസിഡൻറ് രാഷ്ട്രീയം കളിക്കുകയാണെന്നും ആവശ്യമായ പേപ്പറുകൾ നൽകാതെ കരുതിക്കൂട്ടി പണി വൈകിക്കുകയാണെന്നും യു.ഡി.എഫ് നേതാക്കൾ പരാതിപ്പെട്ടു. എന്തായാലും സ്ഥലത്തു പണിക്കുവേണ്ടി ഇറക്കിയ സാധനങ്ങളടക്കം കണ്ടുകെട്ടും എന്ന് വനംവകുപ്പ് അറിയിച്ചതിനെ തുടർന്ന് സിമൻറും മറ്റും സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയിരിക്കുകയാണ് നാട്ടുകാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story