Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 May 2016 5:41 PM IST Updated On
date_range 30 May 2016 5:41 PM ISTവയനാടിനെ കാര്‍ബണ്‍ ന്യൂട്രല്‍ ജില്ലയാക്കാന്‍ നീക്കം
text_fieldsbookmark_border
കല്‍പറ്റ: കടുത്ത പാരിസ്ഥിതിക പ്രശ്നങ്ങളില്‍പെട്ടുഴലുന്ന വയനാടിനെ കാര്‍ബണ്‍ ന്യൂട്രല്‍ ജില്ലയാക്കാന്‍ സര്‍ക്കാറും സന്നദ്ധസംഘടനകളും സംയുക്തനീക്കം നടത്തുന്നു. മീനങ്ങാടി ഗ്രാമപഞ്ചായത്ത് മുന്‍കൈയെടുത്ത് തുടങ്ങിയ നീക്കം ജില്ലമുഴുവന്‍ വ്യാപിപ്പിക്കാന്‍ ഊര്‍ജിതശ്രമം നടത്തുമെന്ന് നിയുക്ത എം.എല്‍.എ സി.കെ. ശശീന്ദ്രന്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. ആദ്യപടിയായി മീനങ്ങാടി പഞ്ചായത്തിലെ കാര്‍ബണ്‍ ന്യൂട്രല്‍ പഞ്ചായത്തായി പ്രഖ്യാപിക്കുന്ന ചടങ്ങ് പരിസ്ഥിതിദിനമായ ജൂണ്‍ അഞ്ചിന് നടക്കും. ധനകാര്യമന്ത്രി ഡോ. തോമസ് ഐസക് പ്രഖ്യാപനം നടത്തും. മലിനീകരണം കുറച്ച് ഊര്‍ജിത വനവത്കരണം നടപ്പാക്കി അന്തരീക്ഷത്തിലെ അമിതമായ കാര്‍ബണ്‍ ഇല്ലാതാക്കുകയെന്നതാണ് കാര്‍ബണ്‍ ന്യൂട്രല്‍ പദ്ധതിവഴി ഉദ്ദേശിക്കുന്നത്. കുന്നിടിച്ചും മരങ്ങള്‍ മുറിച്ചും റിയല്‍ എസ്റ്റേറ്റ്, റിസോര്‍ട്ട് മാഫിയ തകിടംമറിച്ച വയനാടിന്‍െറ തനത് പരിസ്ഥിതി വീണ്ടെടുക്കുകയാണ് ലക്ഷ്യമെന്ന് അധികൃതര്‍ വ്യക്തമാക്കി. പഴയ കാര്‍ഷിക സംസ്കാരം തിരിച്ചുപിടിക്കുകയാണ് പ്രധാനമായും ചെയ്യുക. ജൈവകൃഷി പ്രോത്സാഹിപ്പിച്ച് മണ്ണിന്‍െറ ഓര്‍ഗാനിക് കാര്‍ബണ്‍ വര്‍ധിപ്പിക്കുകയും അന്തരീക്ഷത്തിലെ അമിതമായ കാര്‍ബണ്‍ തിരിച്ച് മണ്ണിലേക്ക് സംയോജിപ്പിക്കുകയുമാണ് കാര്‍ബണ്‍ ന്യൂട്രല്‍ പദ്ധതിയില്‍ മുഖ്യമായും ഉന്നമിടുന്നതെന്ന് ‘തണല്‍’ ഭാരവാഹികള്‍ പറഞ്ഞു. പരിസ്ഥിതിസ്നേഹിയായ തോമസ് ഐസക് ഈ വിഷയത്തില്‍ ഏറെ താല്‍പര്യമെടുത്തിട്ടുണ്ടെന്ന് സി.കെ. ശശീന്ദ്രന്‍ വ്യക്തമാക്കി. ജില്ലയെ മുഴുവന്‍ ഉള്‍ക്കൊള്ളുന്ന ബൃഹത്തായ പദ്ധതിയാണ് അധികൃതര്‍ക്കുള്ളത്. ആളുകളെ ബോധവത്കരിക്കുകയാണ് പ്രാഥമികലക്ഷ്യം. പരിസ്ഥിതി തകരുകയും ഇതത്തേുടര്‍ന്ന് കാലാവസ്ഥ തകിടംമറിയുകയും ചെയ്ത സാഹചര്യത്തില്‍ വയനാടിന്‍െറ തനത് സ്വഭാവം വീണ്ടെടുക്കുന്ന കാര്യത്തില്‍ ആളുകള്‍ ഏറെ അനുകൂല മനോഭാവത്തോടെയാണ് പ്രതികരിക്കുന്നതെന്ന് മീനങ്ങാടി പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സി. അസൈനാര്‍ പറഞ്ഞു. പരീക്ഷണാര്‍ഥം മീനങ്ങാടി പഞ്ചായത്തില്‍ നടപ്പാക്കിയ പരിപാടികളില്‍ പ്രശംസനീയമായ രീതിയിലുള്ള ജനപങ്കാളിത്തമുണ്ടായിരുന്നു. പുഴകള്‍ സംരക്ഷിക്കുകയും മരങ്ങള്‍ വെച്ചുപിടിപ്പിക്കുകയും ചെയ്യുന്നതടക്കമുള്ള പദ്ധതികളുമായി സഹകരിക്കാന്‍ കക്ഷിരാഷ്ട്രീയ ഭേദമന്യേ ജനം തയാറായത് വയനാടിനെ കാര്‍ബണ്‍ ന്യൂട്രല്‍ ജില്ലയാക്കി മാറ്റാനുള്ള ശ്രമങ്ങള്‍ വിജയത്തിലത്തെുമെന്നതിന്‍െറ സൂചനയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാസവളങ്ങളും കീടനാശിനികളും ഒഴിവാക്കിയുള്ള ജൈവ കൃഷിരീതികള്‍ക്ക് വ്യാപകമായ പിന്തുണ നല്‍കാനാണ് അധികൃതരുടെ നീക്കം. വാഴ, ഇഞ്ചികൃഷി വഴിയുള്ള അമിതമായ കീടനാശിനിപ്രയോഗം വയനാട്ടില്‍ മാരകരോഗങ്ങള്‍ വ്യാപിക്കാന്‍ കാരണമായ സാഹചര്യത്തില്‍ ഇവയെ പരമാവധി അകറ്റിനിര്‍ത്തും. നാടിന്‍െറ സ്വാഭാവികമായ ആവാസവ്യവസ്ഥയെ പരിപോഷിപ്പിക്കുന്ന തരത്തിലുള്ള കൃഷിരീതികള്‍ക്കാണ് പ്രാമുഖ്യംനല്‍കേണ്ടത്. നെല്‍കൃഷിപോലെ കൃഷിയിടങ്ങളില്‍ ജൈവവൈവിധ്യം നിലനിര്‍ത്തുന്നതിനാവശ്യമായ കാര്‍ഷികരീതികള്‍ ജില്ലയില്‍ വ്യാപിപ്പിക്കണം. ഇതിനായി ഭക്ഷണശീലംതന്നെ മാറേണ്ടതുണ്ടെന്ന് സന്നദ്ധപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. പുതുകൃഷിരീതികള്‍ അവലംബിച്ചുള്ള അഗ്രോ ഇക്കോളജി ഫാമുകള്‍ വ്യാപിപ്പിക്കുന്നത് കാര്‍ബണ്‍ ന്യൂട്രല്‍ ജില്ലയാക്കി മാറ്റാനുള്ള ശ്രമങ്ങള്‍ക്ക് ആക്കംകൂട്ടുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story