Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightഭാരവാഹി യോഗം ഇന്ന്;...

ഭാരവാഹി യോഗം ഇന്ന്; യു.ഡി.എഫ്: തോല്‍വിയും കാലുവാരലും ചര്‍ച്ചയാവും

text_fields
bookmark_border
കല്‍പറ്റ: നിയമസഭാ തെരഞ്ഞെടുപ്പില്‍ വയനാട് ജില്ലയില്‍ യു.ഡി.എഫിനേറ്റ കനത്ത തിരിച്ചടിക്കു പിന്നാലെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ബോഡി യോഗം ശനിയാഴ്ച ചേരും. കല്‍പറ്റ, മാനന്തവാടി മണ്ഡലങ്ങളില്‍ മുന്നണി സ്ഥാനാര്‍ഥികളെ കാലുവാരി തോല്‍പിച്ചതടക്കമുള്ള വിഷയങ്ങളില്‍ യോഗം പ്രക്ഷുബ്ധമായേക്കുമെന്നാണ് സൂചനകള്‍. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനു പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പിലും പാര്‍ട്ടിയും മുന്നണിയും പരാജയം രുചിച്ച സാഹചര്യത്തില്‍ ജില്ലാ നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശമുയരാനാണ് സാധ്യത. വെള്ളിയാഴ്ച ഭാരവാഹിയോഗം ചേരുന്നതിനു പിന്നാലെയാണ് ശനിയാഴ്ച ജനറല്‍ബോഡി. തെരഞ്ഞെടുപ്പിലെ തോല്‍വി മുഖ്യചര്‍ച്ചയാവുന്ന സാഹചര്യത്തില്‍ നേതൃത്വം അവലംബിക്കുന്ന നടപടികള്‍ ഇഴകീറി പരിശോധിക്കപ്പെടും. കല്‍പറ്റയിലെ തോല്‍വി പ്രവാചകനിന്ദയെ തുടര്‍ന്നാണെന്ന് സ്ഥാപിക്കാന്‍ വെമ്പുമ്പോഴും കോണ്‍ഗ്രസിന്‍െറ ശക്തികേന്ദ്രങ്ങളില്‍ മിക്കയിടത്തും വ്യാപകമായി വോട്ടുചോര്‍ന്നതിനെക്കുറിച്ച ചര്‍ച്ചകളും കൊഴുക്കും. ഘടകകക്ഷി സ്ഥാനാര്‍ഥികള്‍ക്ക് വോട്ടുചെയ്യാന്‍ കോണ്‍ഗ്രസ് പരിശീലിക്കണമെന്ന് തോല്‍വിക്കുപിന്നാലെ ഡി.സി.സി ജനറല്‍ സെക്രട്ടറിമാരിലൊരാള്‍ ഫേസ്ബുക്കില്‍ പരസ്യമായി അഭിപ്രായപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍, തോല്‍വിയുടെ പഴി ഘടകകക്ഷികളുടെമേല്‍ കെട്ടിവെച്ച് രക്ഷപ്പെടാനുള്ള നേതൃത്വത്തിന്‍െറ ശ്രമം മുന്നണിയില്‍ പടലപ്പിണക്കങ്ങള്‍ക്ക് കാരണമായതും വിമര്‍ശം ക്ഷണിച്ചുവരുത്തും. തെരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ നേരത്തേ നടത്തിയ ഡി.സി.സി പുന$സംഘടനയടക്കം ചര്‍ച്ചയാവുമെന്ന് ഉന്നത നേതാക്കളിലൊരാള്‍ പറഞ്ഞു. ‘ജില്ലയില്‍ പാര്‍ട്ടിയുടെ മേധാവിത്വം ഒരു പ്രത്യേക വിഭാഗം കൈയടക്കിവെച്ചിരിക്കുകയാണ്. അവരുടെ താല്‍പര്യങ്ങള്‍ മാത്രമാണ് സംരക്ഷിക്കപ്പെടുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍പോലും അത് പ്രകടമായിരുന്നു. യു.ഡി.എഫിന് വ്യക്തമായ മുന്‍തൂക്കമുള്ള സുല്‍ത്താന്‍ ബത്തേരിയില്‍ നഗരസഭയുടെ ഭരണം കൈവിട്ടുപോവാന്‍ കാരണം ഡി.സി.സി സ്വജനതാല്‍പര്യത്തോടെ നടത്തിയ സ്ഥാനാര്‍ഥി നിര്‍ണയമാണ്. ജില്ലാ കമ്മിറ്റി പുന$സംഘടനയില്‍പോലും അതു പ്രകടമായിരുന്നു. പാര്‍ട്ടിയിലെ ഒരു വിഭാഗത്തെ സ്ഥാനമാനങ്ങളൊന്നും നല്‍കാതെ അകറ്റിനിര്‍ത്തിയത് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാനന്തവാടിയിലെ പാര്‍ട്ടി സ്ഥാനാര്‍ഥിയുടെ പരാജയമാകും ഏറെ വാഗ്വാദങ്ങള്‍ക്ക് വഴിയൊരുക്കുന്നത്. എതിരാളികള്‍ക്കുപോലും വിജയപ്രതീക്ഷയില്ലാതിരുന്ന മണ്ഡലത്തില്‍ പി.കെ. ജയലക്ഷ്മി 1300ല്‍പരം വോട്ടിന് തോറ്റതിന്‍െറ അലയൊലി പാര്‍ട്ടിക്കുള്ളില്‍ അടങ്ങിയിട്ടില്ല. പുറത്താക്കപ്പെട്ടവരും അല്ലാത്തവരുമായ ചില നേതാക്കള്‍ ജയലക്ഷ്മിയെ തോല്‍പിക്കാന്‍ കൈമെയ് മറന്ന് പ്രവര്‍ത്തിച്ചപ്പോള്‍ അതിനെ ശക്തമായി ചെറുക്കുന്ന രീതിയില്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ളെന്നാണ് കുറ്റപ്പെടുത്തല്‍. തദ്ദേശ തെരഞ്ഞെടുപ്പില്‍ കാലുവാരി തോല്‍പിക്കപ്പെട്ട ഡി.സി.സി സെക്രട്ടറി പി.വി. ജോണ്‍ പാര്‍ട്ടി ഓഫിസില്‍ ആത്മഹത്യചെയ്ത സംഭവത്തില്‍ ആരോപണ വിധേയരെ സംരക്ഷിക്കുന്ന തരത്തിലുള്ള നിലപാടാണ് നേതൃത്വം കൈക്കൊണ്ടതെന്ന വിമര്‍ശം യോഗത്തില്‍ വീണ്ടും ഉയരും. തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്കുപിന്നാലെ ജില്ലയില്‍ പാര്‍ട്ടിയെ ഒറ്റക്കെട്ടായി നിര്‍ത്താനുള്ള നീക്കങ്ങള്‍ സംസ്ഥാന നേതൃത്വത്തിന്‍െറ ഭാഗത്തുനിന്നുണ്ടായില്ളെന്നതും ചര്‍ച്ചയാവും. മാനന്തവാടിയില്‍ പി.വി. ജോണിന്‍െറ വീടുനില്‍ക്കുന്ന പയ്യമ്പള്ളിയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ഏറെ വോട്ടുകള്‍ക്ക് പിന്നിലായിരുന്നു. തദ്ദേശതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് അധികാരം നഷ്ടമായപ്പോള്‍ പോലും മാനന്തവാടി മുനിസിപ്പാലിറ്റിയില്‍ 800 വോട്ടിന് യു.ഡി.എഫ് ലീഡ് നേടി. എന്നാല്‍, നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ടായിരത്തോളം വോട്ടിന് ജയലക്ഷ്മി പിന്നിലായതാണ് പരാജയത്തിന് വഴിവെച്ചത്. വെള്ളമുണ്ട പഞ്ചായത്തിലടക്കം കോണ്‍ഗ്രസിന്‍െറ വോട്ടുകള്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്ക് മറിച്ചുനല്‍കിയതായും ആക്ഷേപമുണ്ട്. പലയിടങ്ങളിലും പരസ്യമായ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതും യോഗത്തില്‍ ചര്‍ച്ചയാകും. കാര്യമ്പാടിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുതിര്‍ന്ന നേതാവിനെ പ്രവര്‍ത്തകരില്‍ ചിലര്‍ കൈയേറ്റം ചെയ്തിരുന്നു. ഈ സംഭവത്തില്‍ പഞ്ചായത്തംഗമടക്കം രണ്ടു പേരെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയതിനു പിന്നാലെയാണ് ജനറല്‍ബോഡി ചേരുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story