Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 May 2016 4:56 PM IST Updated On
date_range 27 May 2016 4:56 PM ISTവരള്‍ച്ചക്കെടുതി തടയാന്‍ ജനകീയ ഇടപെടല്‍ വേണം –സി.കെ. ശശീന്ദ്രന്‍
text_fieldsbookmark_border
കല്‍പറ്റ: കാര്‍ബണ്‍ ന്യൂട്രല്‍ ജില്ല എന്ന രീതിയിലേക്ക് വയനാടിനെ മാറ്റിയെടുക്കുന്നതിന് വനവത്കരണവും ജൈവ പച്ചക്കറി കൃഷിവ്യാപനവും നടത്തേണ്ടത് അത്യാവശ്യമാണെന്നും പുഴകളും തോടുകളും സംരക്ഷിക്കുന്നതിന് നദീതീര സംരക്ഷണം വേണമെന്നും സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ അഭിപ്രായപ്പെട്ടു. ‘ഓര്‍മമരം’ പദ്ധതി, പരിസ്ഥിതി ദിനാഘോഷ പരിപാടികള്‍ എന്നിവയെക്കുറിച്ച് അവലോകനയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വരള്‍ച്ചക്കെടുതി തടയുന്നതിന് ജനകീയ ഇടപെടലുകള്‍ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ടി. ഉഷാകുമാരി അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാര്‍ പദ്ധതി വിശദീകരണം നടത്തി. ലോക പരിസ്ഥിതി ദിനാചരണമായ ജൂണ്‍ അഞ്ചിന് ജില്ലയില്‍ ‘ഓര്‍മ മരം’ പദ്ധതിയുടെ ഭാഗമായി 10 ലക്ഷത്തോളം വൃക്ഷത്തൈകള്‍ വെച്ചുപിടിപ്പിക്കും. ഇതിനായി 307 റോഡുകളില്‍ 875 കി.മീറ്ററില്‍ മരങ്ങള്‍ നടും. മുളത്തൈകള്‍ക്ക് പ്രാധാന്യം നല്‍കും. വനമേഖലയിലെ മുളങ്കൂട്ടങ്ങള്‍ സംരക്ഷിക്കുന്നതിനും പുതിയവ വെച്ചുപിടിപ്പിക്കുന്നതിനും ജലസ്രോതസ്സുകളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനും പ്രാധാന്യം നല്‍കി മാവ്, പേര, നെല്ലി, സീതാപ്പഴം, ലിച്ചി, റംബുട്ടാന്‍ തുടങ്ങിയ ഫലവൃക്ഷത്തൈകളും നട്ടുപിടിപ്പിക്കും. ജൂണ്‍-ജൂലൈ മാസങ്ങളില്‍ പദ്ധതി നടപ്പാക്കും. തൊഴിലുറപ്പ്, സോഷ്യല്‍ ഫോറസ്ട്രി, ഡി.ടി.പി.സി തുടങ്ങി വിവിധ വകുപ്പുകളുടെ സഹകരണത്തോടെ പരമാവധി ജനപങ്കാളിത്തം ഉറപ്പുവരുത്തിയാണ് പരിസ്ഥിതി ദിന പരിപാടികള്‍ നടപ്പാക്കുക. കാരാപ്പുഴ, ബാണാസുര സാഗര്‍ തുടങ്ങിയ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ പ്രത്യേക പരിഗണന നല്‍കി ഭൂപ്രദേശത്തിനനുയോജ്യമായ മരങ്ങള്‍ വെച്ചുപിടിപ്പിക്കും. മുള്ളന്‍കൊല്ലി, പുല്‍പള്ളി, നൂല്‍പ്പുഴ, പൂതാടി പഞ്ചായത്തുകളില്‍ വനവത്കരണത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കും. ഓറിയന്‍റല്‍ ഹോട്ടല്‍ മാനേജ്മെന്‍റ് ഇന്‍സ്റ്റിറ്റ്യൂട്ട്, വയനാട് ടൂറിസം ഓര്‍ഗനൈസേഷന്‍ എന്നിവയുടെ സഹായത്തോടെ ആദ്യഘട്ടത്തില്‍ ലക്കിടി മുതല്‍ കല്‍പറ്റ വരെ എന്‍.എസ്.എസ് വളന്‍റിയര്‍മാരുടെ സഹകരണത്തോടെ മരം വെച്ചുപിടിപ്പിക്കുകയും ട്രീ ഗാര്‍ഡ് സ്ഥാപിച്ച് സംരക്ഷിക്കുകയും ചെയ്യും. നഗര വനവത്കരണ വിഭാഗം പ്രധാന സ്ഥലങ്ങളില്‍ രണ്ടായിരം വൃക്ഷത്തൈകള്‍ നടും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഓഫിസുകള്‍ എന്നിവയുടെ പരിസരങ്ങളിലും പ്രകൃതിക്കനുയോജ്യമായ വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കും. കല്‍പറ്റ ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് ശകുന്തള ഷണ്‍മുഖന്‍, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ അനിതകുമാരി, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍, വിവിധ പരിസ്ഥിതി സംഘടനാ പ്രതിനിധികള്‍, സന്നദ്ധ സംഘടനാ പ്രതിനിധികള്‍, ഏജന്‍സി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story