Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 May 2016 6:37 PM IST Updated On
date_range 10 May 2016 6:37 PM ISTപെരുംപോരില്‍ തിളച്ച് കല്‍പറ്റ
text_fieldsbookmark_border
കല്‍പറ്റ: വിജയപ്രതീക്ഷയില്‍ ഇരുമുന്നണികളും ഇഞ്ചോടിഞ്ച് പോരടിക്കുന്ന കല്‍പറ്റ മണ്ഡലം നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തിന്‍െറതന്നെ ശ്രദ്ധാകേന്ദ്രമാകുന്നു. കരുത്തുറ്റ സ്ഥാനാര്‍ഥികളെ കളത്തിലിറക്കിയാണ് യു.ഡി.എഫും എല്‍.ഡി.എഫും കല്‍പറ്റയില്‍ പോരാട്ടം കൊഴുപ്പിക്കുന്നത്. ഗ്രാമ-നഗര വ്യത്യാസമില്ലാതെ പ്രചാരണം പൊടിപൊടിച്ച് തുടങ്ങിയതോടെ തെരഞ്ഞെടുപ്പ് ആവേശവും ഉച്ചസ്ഥായിലായിക്കഴിഞ്ഞു. മണ്ഡലത്തില്‍ അന്തിമ വിജയം തങ്ങള്‍ക്കാവുമെന്നാണ് ഇരുമുന്നണികളും അവകാശപ്പെടുന്നത്. പരമ്പരാഗതമായി യു.ഡി.എഫിന്‍െറ ഉറച്ച കോട്ടയില്‍ തങ്ങളുടെ സ്ഥാനാര്‍ഥി സി.കെ. ശശീന്ദ്രന്‍െറ വ്യക്തിപ്രഭാവം ഇത്തവണ വിജയത്തിലേക്ക് വഴിതുറക്കുമെന്ന് ഇടതുമുന്നണി അവകാശപ്പെടുന്നു. എന്നാല്‍, എതിരാളി ശക്തനാണെന്ന് തിരിച്ചറിഞ്ഞ് പ്രചാരണരംഗത്ത് സജീവമായ യു.ഡി.എഫ്, കോട്ട ഭദ്രമാണെന്ന കണക്കുകൂട്ടലിലാണ്. മണ്ഡലത്തിലെ പത്തില്‍ ഏഴ് പഞ്ചായത്തുകളും ഭരിക്കുന്നത് ഇടതുമുന്നണിയാണ്. ഈ കണക്കുകളുടെ ബലത്തില്‍ എല്‍.ഡി.എഫ് അട്ടിമറി പ്രതീക്ഷിക്കുന്നുണ്ട്. എന്നാല്‍, തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ ജില്ലാ പഞ്ചായത്തിലേക്കുള്ള ഭൂരിഭാഗം സീറ്റുകളിലും തങ്ങള്‍ ജയിച്ചുകയറിയത് രാഷ്ട്രീയ അടിത്തറ ഭദ്രമാണെന്നതിന്‍െറ തെളിവാണെന്ന് യു.ഡി.എഫും അവകാശപ്പെടുന്നു. ഐക്യമുന്നണിയിലെ പടലപിണക്കങ്ങളാണ് പടിഞ്ഞാറത്തറ, മുട്ടില്‍ തുടങ്ങിയ യു.ഡി.എഫ് അനുകൂല പഞ്ചായത്തുകളുടെ ഭരണം ഇടതുമുന്നണിക്ക് നല്‍കിയതെന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ ഈ വോട്ടര്‍മാരെല്ലാം യു.ഡി.എഫിനൊപ്പം തന്നെ ഉറച്ചുനില്‍ക്കുമെന്നുമാണ് മുന്നണിയുടെ പ്രതീക്ഷ. കണിയാമ്പറ്റ, പടിഞ്ഞാറത്തറ, മുപ്പൈനാട്, മുട്ടില്‍, തരിയോട്, മേപ്പാടി പഞ്ചായത്തുകളില്‍ എം.വി. ശ്രേയാംസ്കുമാറിന് മികച്ച ലീഡ് കരഗതമാക്കാനാവുമെന്നാണ് യു.ഡി.എഫിന്‍െറ വിശ്വാസം. എന്നാല്‍, മണ്ഡലത്തിലെ നിഷ്പക്ഷ വോട്ടുകളിലാണ് എല്‍.ഡി.എഫ് പ്രതീക്ഷയര്‍പ്പിക്കുന്നത്. ഇത്തവണ പതിവിന് വിപരീതമായി ന്യൂനപക്ഷ വോട്ടുകളില്‍ അടിയൊഴുക്കുണ്ടാകുമെന്നും അത് ഇടത് സ്ഥാനാര്‍ഥിയുടെ വിജയത്തിന് കാരണമാകുമെന്നും മുന്നണി സ്വപ്നം കാണുന്നു. കോണ്‍ഗ്രസിലെ ചില ഗ്രൂപ്പുകള്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയെ കാലുവാരാനുള്ള അണിയറ നീക്കങ്ങള്‍ നടത്തുന്നുണ്ടെന്നാണ് ഇടതു ക്യാമ്പിന്‍െറ നിരീക്ഷണം. കല്‍പറ്റ മുനിസിപ്പാലിറ്റി, വൈത്തിരി, പൊഴുതന, വെങ്ങപ്പള്ളി, കോട്ടത്തറ പഞ്ചായത്തുകളില്‍ തങ്ങള്‍ക്ക് വ്യക്തമായ ലീഡ് കിട്ടുമെന്ന് അവകാശപ്പെടുന്ന എല്‍.ഡി.എഫ് തരിയോട്, മേപ്പാടി, മുട്ടില്‍ തുടങ്ങിയ പഞ്ചായത്തുകളില്‍ യു.ഡി.എഫിനൊപ്പം ഇഞ്ചോടിഞ്ച് പൊരുതിനില്‍ക്കുമെന്നും കണക്കുകൂട്ടുന്നു. യു.ഡി.എഫിന്‍െറ ഭാഗമല്ലാതെ ജില്ലയില്‍ വിട്ടുനില്‍ക്കുന്ന കേരള കോണ്‍ഗ്രസ് (എം) മണ്ഡലത്തില്‍ ഇടതുമുന്നണിക്ക് അനുകൂലമായ സമീപനമാവും സ്വീകരിക്കുകയെന്നും വിലയിരുത്തപ്പെടുന്നുണ്ട്. അപരനായി കെ.എസ്. ശ്രേയാംസ്കുമാര്‍ മത്സരരംഗത്തുള്ളത് ഇടതു പ്രതീക്ഷകള്‍ക്ക് നിറം പകരുന്നുണ്ട്. മണ്ഡലത്തിലെ വികസന നേട്ടങ്ങള്‍ ചൂണ്ടിക്കാട്ടി യു.ഡി.എഫ് പ്രചാരണം ശക്തമാക്കുമ്പോള്‍ ഇതിനെ നിഷേധിച്ചുകൊണ്ടാണ് എല്‍.ഡി.എഫ് രംഗത്തുവരുന്നത്. യു.ഡി.എഫ് സ്ഥാനാര്‍ഥി ഉള്‍പ്പെടുന്ന ജനതാദള്‍-യു തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഇടതുമുന്നണിയിലേക്ക് ചേക്കാറാനുള്ള സാധ്യത നിലനിന്നിരുന്നതിനാല്‍ എം.എല്‍.എക്കെതിരെ ശക്തമായ പ്രക്ഷോഭത്തിന് സി.പി.എമ്മും ഘടകകക്ഷികളും രംഗത്തുവന്നിരുന്നില്ല. ഇത് തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് ബാധ്യതയായതായി ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്. റോഡുകളുടെ ശോച്യാവസ്ഥയും കുടിവെള്ള പ്രശ്നവും ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ വേണ്ട സമയത്ത് പ്രതികരിക്കാതിരുന്നത് എല്‍.ഡി.എഫിന് അവസാനഘട്ടത്തില്‍ അധ്വാനഭാരം വര്‍ധിപ്പിച്ചിട്ടുണ്ട്. തോട്ടം തൊഴിലാളി വിഷയത്തില്‍ സി.ഐ.ടി.യു നടത്തിയ സമരം പരാജയമായത് മേഖലയിലെ പാര്‍ട്ടി അണികളില്‍ അസ്വാരസ്യം സൃഷ്ടിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ഇത് വോട്ടെടുപ്പിനെ ബാധിക്കാതിരിക്കാനുള്ള ഭഗീരഥ ശ്രമങ്ങളിലാണ് എല്‍.ഡി.എഫ്. വിമതനായി രംഗത്തുള്ള ജനതാദള്‍-എസ് പ്രാദേശിക നേതാവ് ലത്തീഫ് മാടായിയും ഇടതിന് തലവേദനയാണ്. സംസ്ഥാന, ദേശീയ രാഷ്ട്രീയത്തിലെ പ്രമുഖരെ അണിനിരത്തിയാണ് മണ്ഡലത്തിലെ വാശിയേറിയ പോരാട്ടത്തിന് ഇരുമുന്നണിയും ചൂരുപകര്‍ന്നത്. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാര്‍, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കുഞ്ഞാലിക്കുട്ടി, വി.എം. സുധീരന്‍, സി.പി.എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്, വി.എസ്. അച്യുതാനന്ദന്‍, പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍ തുടങ്ങിയ നേതാക്കള്‍ ഇരുമുന്നണിക്കുമായി കല്‍പറ്റ മണ്ഡലത്തില്‍ പ്രചാരണത്തിനത്തെിയത്. ബി.ജെ.പി മുന്‍ ജില്ലാ പ്രസിഡന്‍റ് കെ. സദാനന്ദന്‍ പാര്‍ട്ടി വോട്ടുകള്‍ പരമാവധി താമരയിലത്തെിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രചാരണ രംഗത്ത് സജീവമായിട്ടുള്ളത്. വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ജോസഫ് അമ്പലവയല്‍, എസ്.ഡി.പി.ഐ സ്ഥാനാര്‍ഥി കെ. അയൂബ് എന്നിവര്‍ മൂന്ന് മുന്നണികള്‍ക്കും വെല്ലുവിളിയായി മത്സര രംഗത്തുണ്ട്. ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന മണ്ഡലത്തില്‍ ഈ കക്ഷികള്‍ നേടുന്ന വോട്ടുകളും നിര്‍ണായകമായേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story