Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 March 2016 6:56 PM IST Updated On
date_range 22 March 2016 6:56 PM ISTജില്ലയില്‍ 47 മാതൃകാ പോളിങ് സ്റ്റേഷനുകള്‍
text_fieldsbookmark_border
കല്‍പറ്റ: ജില്ലയില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ 47 മാതൃകാ പോളിങ് സ്റ്റേഷനുകളുണ്ടാവും. പോളിങ് ജീവനക്കാരും പൊലീസുകാരുമടക്കം എല്ലാ ജീവനക്കാരും വനിതകളായി മൂന്ന് നിയമസഭാ മണ്ഡലങ്ങളിലും ഓരോ പോളിങ് സ്റ്റേഷനുമുണ്ടാവുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസറായ കലക്ടര്‍ കേശവേന്ദ്രകുമാര്‍ അറിയിച്ചു. ഇവിടങ്ങളില്‍ പോളിങ് ജീവനക്കാര്‍, പൊലീസ്, വളന്‍റിയര്‍മാര്‍, വെല്‍ഫെയര്‍ ഓഫിസര്‍മാര്‍ എന്നിവരെല്ലാം വനിതകളായിരിക്കും. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും കുറവ് പോളിങ് നടന്ന പോളിങ് സ്റ്റേഷനുകളെയാണ് മാതൃകാ പോളിങ് സ്റ്റേഷനുകളാക്കുന്നത്. എല്ലാ പോളിങ് സ്റ്റേഷനുകളിലും കുടിവെള്ളം, തണലിടം, ഫര്‍ണിച്ചര്‍ തുടങ്ങിയ അടിസ്ഥാന സൗകര്യം ഉറപ്പാക്കും. വൈദ്യുതിയില്ലാത്ത 24 പോളിങ് സ്റ്റേഷനുകളില്‍ പോര്‍ട്ടബ്ള്‍ ജനറേറ്ററിലൂടെ വൈദ്യുതി എത്തിക്കും. റാമ്പുകള്‍ ഇല്ലാത്ത 112 പോളിങ് സ്റ്റേഷനുകളില്‍ അവ നിര്‍മിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തെരഞ്ഞെടുപ്പിന്‍െറ സന്ദേശം ജില്ലയിലെ പ്രാക്തന ഗോത്രവര്‍ഗങ്ങളില്‍ എത്തിക്കുകയെന്ന ലക്ഷ്യത്തോടെ കാട്ടുനായ്ക്ക, പണിയ ഭാഷകളില്‍ പ്രചാരണ ശബ്ദലേഖനം കമ്യൂണിറ്റി റേഡിയോയിലൂടെ പ്രക്ഷേപണം ചെയ്യും. ജില്ലയിലെ മൂന്ന് നഗരസഭാ ബസ്സ്റ്റാന്‍ഡുകളിലും ഇലക്ഷന്‍ കിയോസ്കുകള്‍ സ്ഥാപിക്കും. ഇതില്‍ ഇലക്ട്രോണിക് വോട്ടിങ് യന്ത്രം, ഓണ്‍ലൈനായി പരാതിയും നിര്‍ദേശവും തെരഞ്ഞെടുപ്പ് കമീഷന് നല്‍കാനുള്ള സംവിധാനം എന്നിവയുണ്ടാകും. തെരഞ്ഞെടുപ്പ് സംബന്ധിച്ച പ്രധാന അറിയിപ്പുകള്‍ വോട്ടര്‍മാരില്‍ നേരിട്ട് എത്തിക്കാനുള്ള സംവിധാനവും ജില്ലാ തെരഞ്ഞെടുപ്പ് കമീഷന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കമീഷന്‍െറ കൈയിലുള്ള 1.84 ലക്ഷം മൊബൈല്‍ നമ്പറുകളില്‍ ഓരോ ദിവസവും തെരഞ്ഞെടുക്കപ്പെട്ട 250 പേരെയാണ് വിളിക്കുക. തെരഞ്ഞെടുപ്പിന്‍െറ ഭാഗമായി പരിശോധന നടത്തുന്ന ഫ്ളയിങ് സ്ക്വാഡുകള്‍ മയക്കുമരുന്ന്, ലഹരി വസ്തുക്കള്‍, വ്യാജമദ്യം എന്നിവയില്‍ ശ്രദ്ധിക്കണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു. പട്ടികവര്‍ഗ കോളനികളിലേക്ക് ഇവ കടത്തുന്നത് പിടിച്ചാല്‍, പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കെതിരായ അതിക്രമം തടയല്‍ നിയമം കൂടി ഉള്‍പ്പെടുത്തി കേസെടുക്കും. അനധികൃത പണം കടത്തുന്നത് തടയാനുള്ള പരിശോധന നടത്തുമ്പോള്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാവുന്ന രീതിയില്‍ പെരുമാറരുത്. യാത്രാവേളയില്‍ പണം കൈവശം വെക്കുമ്പോള്‍ കൃത്യമായ ബില്ലും മറ്റും കരുതണം. അതേസമയം, 10 ലക്ഷത്തില്‍പരം രൂപ യാത്രാ വേളയില്‍ കൈവശംവെച്ചത് ശ്രദ്ധയില്‍പ്പെട്ടാല്‍ ആദായ നികുതി വകുപ്പിനെ അറിയിക്കണം. മാര്‍ച്ച് നാലിന് നിലവില്‍വന്ന പെരുമാറ്റച്ചട്ടം മേയ് 21വരെയാണ് നിലനില്‍ക്കുക. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ സ്വീകരിക്കാന്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസില്‍ കംപ്ളയിന്‍റ് മോണിറ്ററിങ് കണ്‍ട്രോള്‍ റൂം ആന്‍ഡ് കോള്‍ സെന്‍റര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ബി.എസ്.എന്‍.എല്‍, ഐഡിയ നമ്പറില്‍നിന്ന് 1077 എന്ന ടോള്‍ഫ്രീ നമ്പറിലേക്കോ 04936 204151 എന്ന നമ്പറിലേക്കോ വിളിക്കാം. ജില്ലയിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കുന്നതിനായി നടന്ന യോഗത്തില്‍ എ.ഡി.എം സി.എം. മുരളീധരന്‍, സബ് കലക്ടര്‍ ശീറാം സാംബശിവറാവു, ഡെപ്യൂട്ടി കലക്ടര്‍ എ. അബ്ദുല്‍ നജീബ്, ജില്ലാ ഫിനാന്‍സ് ഓഫിസര്‍ കെ.എം. രാജന്‍, ചീഫ് ഇലക്ഷന്‍ ട്രെയ്നര്‍ കെ.എം. ഹാരിഷ് സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story