Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 March 2016 6:08 PM IST Updated On
date_range 15 March 2016 6:08 PM ISTചിത്രം തെളിയുന്നു; ബലാബലത്തിലേക്ക് കല്‍പറ്റ
text_fieldsbookmark_border
കല്‍പറ്റ: സി.പി.എം ജില്ലാ സെക്രട്ടറി സി.കെ. ശശീന്ദ്രന്‍ അംഗത്തിനിറങ്ങുമെന്ന് ഉറപ്പായതോടെ കല്‍പറ്റ നിയോജകമണ്ഡലത്തില്‍ ഇക്കുറി ശ്രദ്ധേയമായ പോരാട്ടം. ഹാട്രിക് ജയം തേടി കളത്തിലിറങ്ങുന്ന എം.വി. ശ്രേയാംസ്കുമാറിനെ മലര്‍ത്തിയടിക്കാന്‍ ശശീന്ദ്രന്‍െറ ജനപ്രിയത കരുത്താകുമെന്ന കണക്കുകൂട്ടലോടെ ഇടതുപക്ഷം യു.ഡി.എഫ് കോട്ടയില്‍ അംഗത്തിനൊരുങ്ങിക്കഴിഞ്ഞു. ചൊവ്വാഴ്ച ചേരുന്ന സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് യോഗം ശശീന്ദ്രന്‍െറ പേര് ഒൗദ്യോഗികമായി സംസ്ഥാന സെക്രട്ടേറിയറ്റിന് മുമ്പാകെ നിര്‍ദേശിക്കും. മാര്‍ച്ച് 16ന് സംസ്ഥാന സെക്രട്ടേറിയറ്റ് സ്ഥാനാര്‍ഥിത്വത്തിന് അംഗീകാരം നല്‍കും. വിജയസാധ്യതയുള്ള ഏക സ്ഥാനാര്‍ഥി എന്ന നിലയിലാവും ജില്ലാ സെക്രട്ടേറിയറ്റ് ഐകകണ്ഠ്യേന ശശീന്ദ്രന്‍െറ പേര് നിര്‍ദേശിക്കുന്നത്. യു.ഡി.എഫിന് അടിത്തറയുള്ള മണ്ഡലമാണ് കല്‍പറ്റയെങ്കിലും ശശീന്ദ്രന്‍ സ്ഥാനാര്‍ഥിയാവുന്നതോടെ സമവാക്യങ്ങള്‍ മാറിമറയുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ കണക്കുകൂട്ടല്‍. പതിറ്റാണ്ടുകളായി രാഷ്ട്രീയരംഗത്ത് പ്രവര്‍ത്തിക്കുന്ന ശശീന്ദ്രന്‍ അടിസ്ഥാനവിഭാഗക്കാര്‍ക്കിടയില്‍ ഏറെ സ്വീകാര്യനാണെന്നത് യു.ഡി.എഫിനെ കുഴക്കും. യുവജനങ്ങളുടെ ഉപരിവര്‍ഗത്തിന്‍െറയും വോട്ടുകള്‍ തങ്ങള്‍ക്കൊപ്പമാണെന്ന കണക്കുകൂട്ടലിലാണ് ഐക്യമുന്നണി. അതേസമയം, സമീപകാല സംഭവവികാസങ്ങള്‍ യു.ഡി.എഫിനെ അലോസരപ്പെടുത്തുന്നുണ്ട്. ‘മാതൃഭൂമി’ ദിനപ്പത്രം പ്രവാചകനെ മോശമായി ചിത്രീകരിച്ച് വാര്‍ത്തനല്‍കിയത് മണ്ഡലത്തിലെ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ജനതാദള്‍ സ്ഥാനാര്‍ഥിക്കെതിരായ അതൃപ്തിക്ക് കാരണമായിട്ടുണ്ട്. മത്സരം മുറുകുന്ന വേളയില്‍ ന്യൂനപക്ഷ വോട്ടുകള്‍ എതിരായാല്‍ യു.ഡി.എഫിന്‍െറ നില പരുങ്ങലിലാകും. ഈ സാഹചര്യത്തില്‍ സ്ഥാനാര്‍ഥിയെ മാറ്റുന്നതിനെക്കുറിച്ചും ജനതാദളില്‍ തിരക്കിട്ട ആലോചനകള്‍ നടക്കുന്നുണ്ട്. ന്യൂനപക്ഷ വിഭാഗക്കാരനായ യുവനേതാവിന് അവസരംനല്‍കുന്നതും പാര്‍ട്ടിയുടെ പരിഗണനയിലുണ്ടെന്നാണ് സൂചന. വയനാട്ടിലെ മൂന്നു മണ്ഡലങ്ങളില്‍ സുല്‍ത്താന്‍ ബത്തേരിയും മാനന്തവാടിയും ഇക്കുറിയും പട്ടികവര്‍ഗ സംവരണമാണ്. മാനന്തവാടിയില്‍ മന്ത്രി പി.കെ. ജയലക്ഷ്മിയും ബത്തേരിയില്‍ ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എയും യു.ഡി.എഫ് ബാനറില്‍ വീണ്ടും മത്സരിക്കുമെന്നത് ഏറക്കുറെ ഉറപ്പായിക്കഴിഞ്ഞു. എന്നാല്‍, രണ്ടു സംവരണ മണ്ഡലങ്ങളിലും കുറിച്യ സമുദായത്തില്‍പെട്ടവര്‍ക്കുതന്നെ വീണ്ടും അവസരംനല്‍കിയത് കോണ്‍ഗ്രസില്‍ പൊട്ടിത്തെറിക്ക് കാരണമായിട്ടുണ്ട്. കുറുമ-പണിയ സമുദായങ്ങള്‍ പാര്‍ട്ടിക്കെതിരെ പരസ്യമായി രംഗത്തുവന്നിരിക്കുകയാണിപ്പോള്‍. കോണ്‍ഗ്രസിനു പിന്നില്‍ എന്നും ഉറച്ചുനില്‍ക്കുന്ന തങ്ങളെ പാര്‍ട്ടി അവഗണിക്കുന്ന സാഹചര്യത്തില്‍ കഴിഞ്ഞദിവസം അമ്പലവയലില്‍ കുറുമ സമുദായം വിപുല യോഗം ചേര്‍ന്നിരുന്നു. കുറുമ വിഭാഗത്തില്‍നിന്നുള്ള കെ.പി.സി.സി സെക്രട്ടറി എം.എസ്. വിശ്വനാഥനാണ് സ്ഥാനാര്‍ഥിത്വത്തിനായി ശക്തമായി രംഗത്തുള്ളത്. ബത്തേരി, മാനന്തവാടി മണ്ഡലങ്ങളില്‍ കരുത്തരായ സ്ഥാനാര്‍ഥികളെ കിട്ടാതെ ഉഴലുന്ന ഇടതുപക്ഷം കുറുമ വിഭാഗത്തില്‍നിന്നുള്ള കോണ്‍ഗ്രസ് വിമതനെ ബത്തേരിയില്‍ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിക്കുന്നുണ്ട്. മാനന്തവാടിയില്‍ ജയലക്ഷ്മിക്കെതിരെ മുന്‍ തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്‍റ് ഒ.ആര്‍. കേളുവാകും ഇടതുമുന്നണി സ്ഥാനാര്‍ഥി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story