Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 March 2016 5:40 PM IST Updated On
date_range 14 March 2016 5:40 PM ISTബാവലി അതിര്‍ത്തിയില്‍ പുഴ കൈയേറി റിസോര്‍ട്ട് നിര്‍മാണം
text_fieldsbookmark_border
കല്‍പറ്റ: കേരള-കര്‍ണാടക അതിര്‍ത്തിയായ ബാവലിയില്‍ നാഗര്‍ഹോള കടുവാസങ്കേതത്തില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ റിസോര്‍ട്ട് വന്‍തോതില്‍ പുഴ കൈയേറുന്നു. മണ്ണിട്ടുനികത്തിയും വന്‍മരങ്ങള്‍ പിഴുതുമാറ്റിയും കബനി നദിയുടെ പ്രധാന കൈവഴിയായ കാളിന്ദി നദിയെ മലിനപ്പെടുത്തിയും നിര്‍മാണം തകൃതിയായി നടക്കുകയാണ്. നാഗര്‍ഹോളൈ കോര്‍ക്രിട്ടിക്കല്‍ ടൈഗര്‍ റിസര്‍വിനും ബന്ധിപ്പുര്‍ ടൈഗര്‍ റിസര്‍വിനും കബനി ബയോസ്ഫിയര്‍ റിസര്‍വിനും വയനാട് വന്യജീവി സങ്കേതത്തിനും മധ്യഭാഗത്തായി അതീവ പരിസ്ഥിതി പ്രാധാന്യമുള്ള പ്രദേശത്താണ് നിയമങ്ങള്‍ കാറ്റില്‍പറത്തി ഈ അനധികൃത റിസോര്‍ട്ട് പ്രവര്‍ത്തിക്കുന്നത്. ഇരു സംസ്ഥാനങ്ങളിലെയും ജനങ്ങളുടെയും വന്യജീവികളുടെയും പ്രധാന ജലസ്രോതസ്സാണ് ഈ നദി. എന്നാല്‍, നദിയുടെ ഒഴുക്ക് പൂര്‍ണമായും തടസ്സപ്പെടുന്ന രീതിയിലാണ് അനധികൃത കൈയേറ്റം നടത്തി നിര്‍മാണപ്രവൃത്തികള്‍ പുരോഗമിക്കുന്നത്. മീറ്ററുകളോളം നദിയിലേക്കിറക്കി അതിലൂടെ റോഡുകള്‍ നിര്‍മിച്ച് ആഴത്തില്‍ കോണ്‍ക്രീറ്റ് തൂണുകള്‍ ഉയര്‍ത്തിയാണ് 100ലധികം തൊഴിലാളികളെ വിന്യസിച്ച് യുദ്ധകാലാടിസ്ഥാനത്തിലുള്ള നിര്‍മാണം. ആഴത്തില്‍ കോണ്‍ക്രീറ്റിനായെടുത്ത മണ്ണുനിക്ഷേപിച്ച് നദിയുടെ സ്വാഭാവിക ഒഴുക്ക് ഏകദേശം പൂര്‍ണമായും നിലച്ച അവസ്ഥയിലാണ്. മോട്ടോറുകള്‍ ഘടിപ്പിച്ച് വ്യാപകമായ രീതിയില്‍ നദിയിലെ വെള്ളവും വ്യവസായികാവശ്യത്തിനായി പമ്പുചെയ്തുകൊണ്ടിരിക്കുന്നു. മാസങ്ങള്‍ക്കുമുമ്പ് റിസോര്‍ട്ടില്‍നിന്നുള്ള കക്കൂസ് മാലിന്യം മണ്ണിനടിയിലൂടെ പുഴയിലേക്ക് തള്ളുന്നത് പ്രദേശവാസികള്‍ പിടികൂടുകയും നാട്ടുകാര്‍ സംഘടിച്ച് റിസോര്‍ട്ട് ബലമായി പൂട്ടിക്കുകയും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. കടുവാസങ്കേതത്തിനുള്ളിലോ, പത്ത് കിലോമീറ്റര്‍ ചുറ്റളവിലോ റിസോര്‍ട്ടുകളോ, ഹോട്ടലുകളോ, മറ്റ് വ്യാപാര സ്ഥാപനങ്ങളോ പാടില്ലായെന്ന് സുപ്രീംകോടതിയുടെ കര്‍ശനനിര്‍ദേശം ലംഘിച്ചും ദേശീയ വന്യജീവി ബോര്‍ഡിന്‍െറയോ നാഷനല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റിയുടെയോ വനംവന്യജീവി വകുപ്പിന്‍െറയോ അനുമതിയില്ലാതെയും ആരംഭിച്ച ഈ റിസോര്‍ട്ടില്‍ ലൈസന്‍സുകളോ അനുമതികളോയില്ലാതെ മദ്യശാലകളും ബാറുകളും പ്രവര്‍ത്തിച്ചിരുന്നു. പരിസ്ഥിതി പ്രവര്‍ത്തകനായ അഡ്വ. ശ്രീജിത്ത് പെരുമന വിവരാവകാശ നിയമപ്രകാരം ലഭിച്ച വിവരത്തിന്‍െറ അടിസ്ഥാനത്തില്‍ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം ഉള്‍പ്പെടെ അധികൃതര്‍ക്ക് പരാതികള്‍ നല്‍കുകയും മദ്യശാലകളും ബാറുകളും പൂര്‍ണമായും അടച്ചുപൂട്ടിക്കുകയും ചെയ്തിരുന്നു. അനധികൃത മദ്യശാലകള്‍ അടച്ചുപൂട്ടിയതിനെ തുടര്‍ന്ന് ശാന്തമായിരുന്ന പ്രദേശത്താണ് ഇപ്പോള്‍ കുടിവെള്ളവും നദിയും പൂര്‍ണമായും ഇല്ലാതാക്കപ്പെടുന്നത്. 2013 ജൂലൈ 12ന് അനധികൃത നിര്‍മാണത്തിനും നിയമലംഘനങ്ങള്‍ക്കുമെതിരെ ഫോറസ്റ്റ് കേസ് രജിസ്റ്റര്‍ ചെയ്ത് റിസോര്‍ട്ട് നിര്‍മാണം തടഞ്ഞിരുന്നു. എന്‍.ടി.സി.എ സംസ്ഥാന ചീഫ് സെക്രട്ടറി കൗഷിക് മുഖര്‍ജിക്കയച്ച കത്തില്‍ റിസോര്‍ട്ട് ഒഴിപ്പിക്കുന്നതിന് ഉത്തരവിട്ടിരുന്നു. കേരളത്തിലുള്‍പ്പെട്ട വനം കൈയേറ്റങ്ങള്‍ക്കെതിരെ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ ചൂണ്ടിക്കാട്ടി നല്‍കിയ പരാതിയില്‍ നോര്‍ത് വയനാട് ഡി.എഫ്.ഒ റിസോര്‍ട്ട് നേരിട്ട് പരിശോധിക്കുകയും നദി കൈയേറ്റവും അനധികൃത നിര്‍മാണങ്ങളും കണ്ടത്തെുകയും ചെയ്തിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കലക്ടര്‍ക്കും ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് കണ്ണൂര്‍, ഡി.എഫ്.ഒ ഹുംസൂര്‍ ഡിവിഷന്‍ എന്നിവര്‍ക്കും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പ്രസ്തുത റിപ്പോര്‍ട്ടില്‍ മാനന്തവാടി സബ് കലക്ടറോട് നേരിട്ട് അന്വേഷണം നടത്തുന്നതിന് ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചെങ്കിലും നാളിതുവരെ ഒരു നടപടികളുമുണ്ടായിട്ടില്ല. ബാവലിയില്‍ അതിര്‍ത്തി വ്യക്തമല്ലാത്തതിനാല്‍ സര്‍വേ നടത്തി അതിര്‍ത്തി നിര്‍ണയം നടത്തുന്നതിനും ഡി.എഫ്.ഒ താലൂക്ക് സര്‍വേയറോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇരു സംസ്ഥാനങ്ങളിലും ഉന്നത രാഷ്ട്രീയ ബന്ധമുള്ള റിസോര്‍ട്ട് മാഫിയകള്‍ അനധികൃത നിര്‍മാണങ്ങളും കൈയേറ്റങ്ങളും നിര്‍ബാധം തുടരുന്ന കാഴ്ചയാണിവിടെ. മാസങ്ങള്‍ക്കുമുമ്പ് ഇതേ നദിയില്‍ റിസോര്‍ട്ട് നടത്തിയ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഡിബി കുപ്പെ പഞ്ചായത്ത് സെക്രട്ടറി നേരിട്ടത്തെി പൊളിച്ചുനീക്കിയിരുന്നു. പുതിയ ഭരണസമിതി അധികാരത്തിലത്തെിയതോടെ പിന്‍വാതില്‍ അനുമതിവാങ്ങിയാണ് ഇപ്പോള്‍ കൈയേറ്റം നടത്തുന്നതെന്ന് ആരോപണമുണ്ട്. 24 മണിക്കൂറിനുള്ളില്‍ അനധികൃത കൈയേറ്റവും നിര്‍മാണങ്ങളും നിര്‍ത്തണമെന്നാവശ്യപ്പെട്ട് അഡ്വ. ശ്രീജിത്ത് പെരുമന പഞ്ചായത്ത് അധികൃതര്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. നടപടിയില്ലാത്തപക്ഷം കോടതിയെ സമീപിക്കുമെന്നും ഏതുവിധേനയും പ്രകൃതിചൂഷണം തടയുമെന്നും അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story